എഡ്മണ്ടൺ: കാനഡയിൽ നടന്ന ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വംശജരായ യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടു. കാനഡയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള എഡ്മണ്ടണിലാണ് പഞ്ചാബിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വംശജരായ യുവാക്കൾ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ മൻസയിലെ ഉദ്ധത് സെയ്ദേവാല ഗ്രാമത്തിൽ നിന്നുള്ള ഗുർദീപ് സിംഗ് (27), രൺവീർ സിംഗ് (18) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പഠനത്തിനായി ഇരുവരും വ്യത്യസ്ത സമയങ്ങളിൽ കാനഡയിലേക്ക് എത്തിയതാണ്. ഗുർദീപ് പഠനം പൂർത്തിയാക്കി വർക്ക് പെർമിറ്റിനായി കാത്തിരിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച് അവർ സുഹൃത്തുക്കളോടൊപ്പം ഒരു പാർട്ടിയിൽ പങ്കുചേരാൻ പോവുകയായിരുന്നു.
എഡ്മണ്ടൻ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. കനേഡിയൻ പോലീസ് മറ്റ് ചില പഞ്ചാബി യുവാക്കളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട് ഉണ്ട് . പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ഡിസംബർ 16, 17 തീയതികളിൽ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തുമെന്നും അറിയിച്ചു.



