ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തിൽ പ്രത്യേക അന്വേഷണ സംഘം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തമിഴക വെട്രി കഴകം (ടിവികെ) കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റ് ചെയ്തത്. മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പടെ അഞ്ച് പ്രധാന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കരൂരിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായ പൊതുയോഗത്തിന് അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയത് മതിയഴകനായിരുന്നു. ഇയാളെ കൂടാതെ ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദൻ, കരൂർ ജില്ലാ ഭാരവാഹിയായ ബുസി ആനന്ദ് എന്നവർക്കെതിരെയാണ് നിലവിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത പ്രതിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നടനും ടിവികെ സ്ഥാപകനുമായ വിജയുമായി ഏറെ അടുപ്പമുള്ള നേതാക്കളിലൊരാളാണ് മതിയഴകൻ. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ നടത്തിയ ആരോപണത്തിൻ്റെ പേരിൽ ചെന്നൈയിൽ രണ്ട് ടിവികെ പ്രവർത്തകരെയും ഒരു ബിജെപി പ്രവർത്തകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദുരന്തത്തിൽ പാർട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരായ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ ആണ് ഉള്ളത്. സമയപരിധി നിശ്ചയിച്ചാണ് പരിപാടിക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ അധികം ആളുകൾ എത്താനായി കരൂരിലേക്കുള്ള വരവ് വിജയ് നാല് മണിക്കൂറോളം വൈകിപ്പിച്ചു. അനുവാദമില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. അനുമതിയില്ലാതെ പലയിടത്തും വിജയ് റോഡിൽ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങിയാണ് സ്ഥലത്തെത്തിയത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തമിഴക വെട്രി കഴകം സംസ്ഥാന ഭാരവാഹികൾക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് പാലിക്കാൻ കൂട്ടാക്കിയില്ല. ആൾക്കൂട്ടം മണിക്കൂറുകളായി കാത്തിരിക്കുന്നു. അനിയന്ത്രിതമായി ആളുകളെത്തിച്ചേരുന്ന സ്ഥിതിയാണ്. അതിനാൽ പരിപാടി ഇനിയും വൈകരുതെന്ന് നിർദേശിച്ചു. അനുമതിയില്ലാതെ വിജയ് റോഡിൽ ഇറങ്ങുന്നതും പ്രശ്‌നമാകുമെന്ന് അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചതാണ് ഇത്രയേറെ മരണത്തിന് കാരണമായെന്നും എഫ്ഐആറിൽ പറയുന്നു.
ദുരന്തമുണ്ടായ കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചു. ഇതേ തുടർന്ന് കരൂരിൽ പോകാൻ അനുമതി ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം ദുരന്തത്തിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഡിഎംകെ നേതാവും മുൻമന്ത്രിയുമായ സെന്തിൽ ബാലാജി അടക്കമുള്ളവർ ആസൂത്രണം ചെയ്‌തതാണ് ദുരന്തമെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ടിവികെ ആരോപിച്ചു. ദുരന്തത്തിൽ ഇതുവരെ 41 പേരാണ് മരിച്ചത്. നിരവധി പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
അതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിജയ്‌യെ ഫോണിൽ വിളിച്ചു വിവരങ്ങൾ തേടി. ടിവികെ റാലിയിൽ ആളുകൾ മരിക്കാനിടയായ സംഭവത്തിൽ അനുശോചനം അറിയിച്ചെന്നും ഫോൺ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.