റഷ്യയുടെ കാംചാക്ക തീരത്ത് (Kamchatka Peninsula) വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ (Petropavlovsk-Kamchatsky) നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. റഷ്യയുടെ കിഴക്കൻ തീരത്ത് സുനാമി ആഞ്ഞടിച്ചു, ഏകദേശം 2,000 പേർ താമസിക്കുന്ന ഒരു തുറമുഖ പട്ടണത്തെ വെള്ളത്തിനടിയിലാക്കിയതായി റഷ്യയുടെ അടിയന്തര മന്ത്രാലയം അറിയിച്ചു. “സുനാമി തുറമുഖ പട്ടണമായ സെവേറോ-കുറിൽസ്കിന്റെ ചില ഭാഗങ്ങളിൽ വെള്ളം കയറി… ജനങ്ങളെ ഒഴിപ്പിച്ചു,” എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കയുടെ പടിഞ്ഞാറൻ തീരം, ജപ്പാൻ, റഷ്യ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. കാനഡ, അലാസ്ക വരെയുള്ള യുഎസിന്റെ മുഴുവൻ പടിഞ്ഞാറൻ തീരത്തിനും ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാന്റെ തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നീക്കം തുടങ്ങി. ജനങ്ങൾ തീരദേശങ്ങളിൽ നിന്ന് അടിയന്തരമായി മാറണമെന്ന് ജപ്പാൻ പ്രധാനമന്ത്രി നിർദേശിച്ചു.
2011-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്. ഈ മാസത്തിന്റെ തുടക്കത്തിൽ കംചത്കയ്ക്ക് സമീപമുള്ള കടലിൽ അഞ്ച് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. ഇതിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും വലിയ ഭൂചലനം.