വാഷിങ്ടൻ: ജനകീയ പ്രതിഷേധം അടിച്ചമർത്തുന്ന നടപടിയിലേക്കു കടന്ന ഇറാനെതിരെ സൈനിക നടപടിയ്ക്ക് യു എസ് ഒരുങ്ങുന്നു. ഇറാനിലേക്ക് യുഎസ് നാവികസേനയുടെ വലിയ കപ്പൽപട നീങ്ങുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ ഉൾപ്പെടുന്ന ഈ നീക്കം പശ്ചിമേഷ്യയിൽ യുദ്ധ ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇറാനെ ശക്തമായി നിരീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പ്രസ്താവന.
ഇറാനെതിരെ ഡോണൾഡ് ട്രംപ് ഉടൻ സൈനിക നടപടി ആരംഭിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അറബികടൽ വഴിയോ പേർഷ്യൻ ഗൾഫ് മേഖല വഴിയോ ആയിരിക്കും യുഎസിന്റെ തിരിച്ചടിയെന്നാണ് റിപ്പോർട്ട്. ഗൈഡഡ് -മിസൈൽ ഡിസ്ട്രോയറുകൾ മേഖലയിൽ യുഎസ് സജ്ജമാക്കിയതായും യുഎസ് നാവികസേനയുടെ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പൽ ഇതിനായി മേഖലയിലേക്ക് എത്തിയിട്ടുണ്ടെന്നുമാണ് സൂചന.
യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം പശ്ചിമേഷ്യയിലുണ്ട്. പശ്ചിമേഷ്യയിലുടനീളം, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ പോലുള്ള രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ യുദ്ധം ആരംഭിച്ചാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹോർമുസ് കടലിടുക്കിനെയും അതുവഴി ഗൾഫ് രാജ്യങ്ങളെയും ആയിരിക്കും. അതിനാൽ കൂടുതൽ സാമ്പത്തിക അസ്ഥിരതയിലേക്ക് കടക്കാതെയുള്ള സൈനിക നീക്കമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യത.
യുഎസ് ഇറാനെ ആക്രമിച്ചാൽ, ഇസ്രയേലും ആ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നാണ് നിലവിലെ അവസ്‌ഥ. യുഎസ് ആക്രമണം നടത്തിയാൽ മേഖലയിലെ യുഎസിൻ്റെ പ്രധാന പങ്കാളിയായ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രക്ഷോഭങ്ങളിൽ വൻതോതിലുള്ള അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 3117 പേർ കൊല്ലപ്പെട്ടതായാണ് പറയുന്നതെങ്കിലും മരണസംഖ്യ 20000 കടന്നേക്കാമെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.



