വാഷിങ്ടൺ: ഗ്രീൻലൻഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരി ഒന്നുമുതൽ അധിക തീരുവ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. ഡെന്മാർക്ക്, ജർമനി, ഫ്രാൻസ്, യുകെ, നെതർലൻഡ്‌സ്, ഫിൻലൻഡ്, നോർവേ, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കാണ് ട്രംപ് ശിക്ഷാ തീരുവ ചുമത്തിയത്.
യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അനിവാര്യമാണെന്നാണ് ട്രംപിന്റെ പക്ഷം. റഷ്യയും ചൈനയും ദ്വീപിനെ കയ്യടക്കുമോ എന്നും ട്രംപ് ഭയക്കുന്നു. എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം താരിഫ് ഏർപ്പെടുത്തിയത് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുറത്തുവിട്ടത്. ഗ്രീൻലൻഡ് സ്വന്തമാകുന്നതുവരെ താരിഫ് നിലനിൽക്കുമെന്നും ജൂൺ 1 മുതൽ താരിഫുകൾ 25% ആയി വർധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദേശീയ സുരക്ഷാ താൽപ്പര്യങ്ങളുടെ പേരിലാണ് യുഎസ് മറ്റൊരു രാജ്യത്തിന്‍റെ അധീനതയിലുള്ള ഭൂപ്രദേശം പിടിച്ചെടുക്കാൻ കോപ്പുകൂട്ടുന്നത്. എന്നാൽ, വെനസ്വേലയിലെ പോലെ എണ്ണ, വാതകം, അപൂർവ ധാതുക്കൾ എന്നീ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഗ്രീൻലൻഡിലും അമേരിക്കൻ താത്പര്യങ്ങൾ തീർത്തും കോർപറേറ്റ് നയങ്ങളിൽ കേന്ദ്രീകരിച്ചുള്ളവയാണ്. യുഎസിന്‍റെ സഖ്യകക്ഷികളും നാറ്റോ അംഗങ്ങളുമായ യൂറോപ്യൻ രാജ്യങ്ങൾ ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു. സൈനിക നീക്കത്തിനെതിരെ ഡെന്മാർക്ക് ശക്തമായി മുന്നറിയിപ്പ് നൽകുകയും ഫ്രാൻസ് അടക്കമുള്ളവർ ഗ്രീൻലൻഡിലെ സൈനിക സാന്നിധ്യം വർധിപ്പിക്കുകയും ചെയ്തിരുന്നു. ഗ്രീൻലൻഡിനെതിരായ ആക്രമണം നാറ്റോയുടെ അവസാനമായി കണക്കാക്കുമെന്ന് ഡെന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. വരും ആഴ്ചകളിൽ ഗ്രീൻലൻഡിന്റെ തലസ്ഥാനമായ നൂക്കിൽ കോൺസുലേറ്റുകൾ തുറക്കാൻ പദ്ധതിയിടുന്നതായി കാനഡയും ഫ്രാൻസും അറിയിച്ചിട്ടുണ്ട്.
യുഎസിന്റെ നാറ്റോ സഖ്യകക്ഷികൂടിയായ ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ആർട്ടിക് ഭൂപ്രദേശമാണ് ഗ്രീൻലൻഡ്. ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ നിറവേറ്റുമെന്നും പ്രതിരോധ കൂട്ടുകെട്ട് ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ട് കൊണ്ടാണ് ട്രംപ് ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. വടക്കേ അമേരിക്കയ്ക്കും ആർട്ടിക് മേഖലയ്ക്കും ഇടയിലുള്ള ഈ പ്രദേശം മിസൈൽ മുന്നറിയിപ്പ് സംവിധാനങ്ങൾക്കും ഈ മേഖലയിലെ കപ്പലുകൾ നിരീക്ഷിക്കുന്നതിനും അനുയോജ്യമാണെന്നാണ് യുഎസിന്റെ വാദം. ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നതിന് സൈനിക നടപടികളടക്കം ട്രംപ് ആലോചിക്കുന്നതായി നേരത്തെ വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
അമേരിക്കൻ യുദ്ധ വിമാനങ്ങൾ ബ്രിട്ടനിൽ: അടുത്ത ലക്‌ഷ്യം ഇറാനോ, ഗ്രീൻലാൻഡോ ?



