മോസ്കോ: യുക്രെയ്ൻ യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കൂടിക്കാഴ്‌ച നടത്തും. ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാരുടെ കൂടിക്കാഴ്‌ച സംബന്ധിച്ച് ധാരണയിൽ എത്തിച്ചേർന്നതായും വരുംദിവസങ്ങളിൽ നടക്കുമെന്നും റഷ്യയുടെ വിദേശകാര്യ ഉപദേഷ്ടാവ് യുരി ഉഷാകോവ് അറിയിച്ചു. ട്രംപ് രണ്ടാമതും യുഎസ് പ്രസിഡന്‍റായശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. കൂടിക്കാഴ്‌ചയുടെ വേദി നിശ്ചയിച്ചതായും അത് പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ യുഎഇയിൽ വെച്ച് ട്രംപിനെ കാണാൻ സാധിക്കുമെന്ന് പുടിൻ അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വ്യാഴാഴ്‌ച മോസ്കോയിൽ വച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ-നഹ്യാനുമായി പുടിൻ കൂടിക്കാഴ് നടത്തിയ ശേഷമാണ് പ്രതികരണം. കൂടിക്കാഴ്ച അടുത്തയാഴ്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. റഷ്യക്കുമേൽ സമ്മർദം ചെലുത്താൻ അവരുടെ വ്യാപാരപങ്കാളിക്കൾക്കെതിരേ അധികതീരുവ, സാമ്പത്തിക ഉപരോധം തുടങ്ങിയ കടുത്ത നടപടികളിലേക്ക് യുഎസ് നീങ്ങുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
യുഎസ് പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫ് ബുധനാഴ്‌ച മോസ്കോയിൽ വച്ച് മൂന്ന് മണിക്കൂർ പുടിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ് ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് കളമൊരുങ്ങുന്നതായി പുടിൻ സ്ഥിരീകരിച്ചത്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച് മൂന്നുകൊല്ലം പിന്നിടുന്ന സാഹചര്യത്തിൽ ഏറെ നിർണായകമാണ് ട്രംപ്-പുതിൻ കൂടിക്കാഴ്‌ച. എന്നിരുന്നാലും ഈ കൂടിക്കാഴ്ച യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചേരുമോ എന്ന സംശയവുമുണ്ട്. കാരണം, റഷ്യയും യുക്രൈനും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ സമവായത്തിലെത്തിച്ചേരാനുള്ള സാധ്യത കുറവാണ്.
അതേസമയം സമാധാന ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങൾ കൂടി പങ്കെടുക്കണമെന്നാണ് സെലൻസ്കിയുടെ നിലപാട്.