Friday, April 10, 2026
Home » വത്തിക്കാനെതിരെ ഭീഷണി മുഴക്കി ട്രംപ് ഭരണകൂടം; അമേരിക്കൻ സന്ദർശനം റദ്ദാക്കി മാർപാപ്പ
വത്തിക്കാനെതിരെ ഭീഷണി മുഴക്കി ട്രംപ് ഭരണകൂടം; അമേരിക്കൻ സന്ദർശനം റദ്ദാക്കി മാർപാപ്പ

വത്തിക്കാനെതിരെ ഭീഷണി മുഴക്കി ട്രംപ് ഭരണകൂടം; അമേരിക്കൻ സന്ദർശനം റദ്ദാക്കി മാർപാപ്പ

by Editor
Send your news and Advertisements

വാഷിംഗ്ടൺ: ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷത്തിലെ നിലപാടിന്റെ പേരിൽ വത്തിക്കാൻ പ്രതിനിധിയെ ഭീഷണിപ്പെടുത്തി അമേരിക്ക. അമേരിക്കയിലെ വത്തിക്കാൻ പ്രതിനിധി കർദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിച്ച ഉദ്യോഗസ്ഥർ, കത്തോലിക്കാ സഭ അമേരിക്കയുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് കർശന മുന്നറിയിപ്പ് നൽകിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പെന്റഗണിന്റെ ഭീഷണിയോട് ശക്തമായ ഭാഷയിലാണ് വത്തിക്കാൻ പ്രതികരിച്ചത്. ഇതിൻ്റെ ഭാഗമായി ലിയോ പതിനാലാമൻ മാർപാപ്പ തൻ്റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിൻ്റെ ക്ഷണം അദ്ദേഹം നിരസിച്ചു. പകരം, മാർപാപ്പ ആഫ്രിക്കൻ അഭയാർത്ഥികൾ യൂറോപ്പിലേക്ക് എത്തുന്ന പ്രധാന കേന്ദ്രമായ ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് സന്ദർശിച്ചേക്കും എന്നാണ് സൂചന.

ലോക സമാധാനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള മാർപാപ്പയുടെ പ്രസംഗമാണ് അമേരിക്കൻ ഭരണകൂടത്തെ ചൊടിപ്പിച്ചത്. അത് തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിലയിരുത്തിയാണ് പെൻ്റഗൺ ഇത്തരമൊരു നീക്കം നടത്തിയത്. ശക്തിയിൽ അധിഷ്‌ഠിതമായ നയതന്ത്രത്തിന് പകരം ചർച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന നിലപാടാണ് മാർപാപ്പ സ്വീകരിച്ചത്.

അമേരിക്കയിൽ ജനിച്ച ആദ്യത്തെ മാർപ്പാപ്പയായ ലിയോ പതിനാലാമൻ, ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ നയങ്ങളെയും വിദേശ നയങ്ങളെയും നേരത്തെ തന്നെ വിമർശിച്ചിരുന്നു. 2026 ജനുവരി ഒമ്പതിന് വത്തിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെ, ‘യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ലോകത്ത് ശക്തി പ്രകടനത്തിലൂടെയുള്ള ആധിപത്യവും കുടിയേറ്റക്കാരോടുള്ള മോശം പെരുമാറ്റവും വർധിച്ചു വരുന്നതിനെ മാർപാപ്പ തൻ്റെ പ്രസംഗത്തിൽ അതിശക്തമായി വിമർശിച്ചിരുന്നു. ഈ പ്രസംഗം ട്രംപ് ഭരണകൂടത്തെ നേരിട്ട് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

യു.എസ് അണ്ടർ സെക്രട്ടറി ഓഫ് വാർ എൽബ്രിഡ്‌ജ് കോൾബി, വത്തിക്കാൻ സ്ഥാനപതി കർദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിച്ച് മാർപാപ്പയുടെ പ്രസംഗം ഓരോ വരിയായി വിശകലനം ചെയ്യുകയും അത് അമേരിക്കയോടുള്ള ശത്രുതാപരമായ സന്ദേശമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തതായി വത്തിക്കാൻ വൃത്തങ്ങൾ വെളിപ്പെടുത്തി. ‘ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ടെന്നും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്’ എന്നും കോൾബി നേരിട്ട് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

വത്തിക്കാനെ കൂടുതൽ പ്രകോപിപ്പിക്കുന്നതിനായി 14-ാം നൂറ്റാണ്ടിലെ ‘അവിഗ്‌നൻ പാപ്പസി’ കാലഘട്ടത്തെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്‌ചയിൽ സൂചിപ്പിച്ചതായും അറിയുന്നു. 1309 മുതൽ 1377 വരെയുള്ള കാലഘട്ടത്തിൽ ഫ്രഞ്ച് ഭരണകൂടത്തിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി മാർപാപ്പമാർക്ക് തങ്ങളുടെ ആസ്ഥാനം റോമിൽ നിന്ന് ഫ്രാൻസിലെ അവിഗ്‌നനിലേക്ക് മാറ്റേണ്ടി വന്നിരുന്നു.

അമേരിക്കയുടെ ഈ പരാമർശം വത്തിക്കാനെതിരെയുള്ള വ്യക്തമായ സൈനിക ഭീഷണിയും സഭയുടെ സ്വയം ഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റവുമായാണ് വത്തിക്കാൻ വിലയിരുത്തുന്നത്. അതേസമയം, വത്തിക്കാനെ ഭീഷണിപ്പെടുത്തിയെന്ന വാർത്തകൾ വൈറ്റ് ഹൗസ് നിഷേധിച്ചു. വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അതിശയോക്തി കലർന്നതാണെന്നും ചർച്ചകൾ മാന്യമായ രീതിയിലാണ് നടന്നതെന്നും യു.എസ് യുദ്ധകാര്യ മന്ത്രാലയം വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു.

You may also like

error: Content is protected !!