ഹോട്ടലിൽ വൈകുന്നേരത്തെ മൃഷ്ട്ടാന്നം കഴിക്കാനായിട്ട് ഞാൻ ചെന്നു.
പലതരം മാംസവിഭവങ്ങൾ, പല മീൻ തരങ്ങൾ, പ്രീകുക്ക് ചെയ്തതും, കൗണ്ടറിൽ നിന്ന് ഉടൻ കുക്ക് ചെയ്ത് തരുന്നതുമായാവ, നിരത്തി വച്ചിരിക്കുന്നു. കൂടാതെ പാസ്റ്റ, പയല, നൂഡിൽസ്, ചിപ്സ്, ബർഗർ, തുടങ്ങിയ വിഭവങ്ങൾ വേറെ.
ഓറഞ്ച് ജ്യൂസ്, ആപ്പിൾ ജ്യൂസ്, മുന്തിരി ജ്യൂസ്.
വാനില, സ്ട്രോബെറി, രാസ്ബെറി ഐസ് ക്രീമുകൾ.
കാപ്പി, കപ്പിച്ചിനോ, ലാറ്റെ, ചോക്ലേറ്റ് ഡ്രിങ്ക്, പലതരം ചായകൾ.
ഏത് കഴിക്കണം എന്ന് നമ്മളെ കൺഫ്യൂഷൻ ആക്കുന്ന ഈ പഞ്ചനക്ഷത്ര ക്രൂരവിനോദത്തിന് അടിപ്പെട്ടു നമ്മൾ കരിമ്പിൻ കാട്ടിൽ കയറിയ ആനയെപ്പോലെ ആയിപ്പോകും.
ഇങ്ങനെ ഇവിടെ ഏതാനും ദിവസത്തെ ഹോളിഡേയ്‌സ് കഴിഞ്ഞ് തിരിച്ച് സ്വന്തം വീടുകളിലേയ്ക്ക് പോകുന്ന മലയാളിയെ കാത്തിരിക്കുന്നത് അതേ പുട്ടും കടലയും, സായിപ്പിന് പതിവ് ടോസ്റ്റും കട്ടനും ആയിരിക്കും.
ഞാൻ എന്തൊക്കെയോ എടുത്തു കഴിച്ച് തിരിച്ചു റൂമിൽ വന്നു. പിറ്റേ ദിവസം കാണാൻ പോകേണ്ട ടെൻരീഫിലെ മറ്റു സ്ഥലങ്ങളായ പ്ലായ ഡി അമേരിക്കസ്, ക്യാണ്ടലേരിയ, തലസ്ഥാന നഗരമായ സാന്തക്രൂസ്, മുതലായവ മാപ്പിൽ നോട്ട് ചെയ്തുവച്ചു.
രാത്രി ഉറങ്ങാൻ കിടന്നു, കുറെ കഴിഞ്ഞപ്പോൾ എ സി യ്ക്ക് വല്ലാത്ത തണുപ്പ്, ഉറങ്ങാൻ പറ്റുന്നില്ല.
പുതച്ചിരുന്ന ഷീറ്റ് പോരാ എന്നൊരു തോന്നൽ. പാതി ഉറക്കത്തിൽ എഴുന്നേറ്റ് അഞ്ചാം നിലയിൽ നിന്നും ഗ്രൗണ്ട് ഫ്ലോറിലെ റിസപ്ഷൻ വരെ ചെന്ന് ഒരു ബ്ലാങ്കറ്റ് വേണം എന്ന് പറയാൻ മടി. എന്നാൽ ഉറങ്ങാൻ തണുപ്പ് അനുവദിക്കുന്നുമില്ല. എ സി ഏറ്റവും കുറച്ചാണ് വച്ചിരിക്കുന്നതും. പാതി ഉറക്കമൂഡിൽ എന്തു ചെയ്യണമെന്ന് നല്ല ബുദ്ധി ഉദിക്കാൻ കുറച്ചു വൈകി.
ബുദ്ധി ഉദിച്ചപ്പോൾ കാര്യം എളുപ്പമായി. റൂമിലെ ഫോണിൽ നിന്നും നമ്പർ 9 കറക്കിയപ്പോൾ റിസപ്ഷൻ കിട്ടി. പക്ഷെ ഭാഗ്യക്കേടിനു പാതിരാത്രി എന്റെ ഫോൺ അറ്റൻഡ് ചെയ്ത സ്റ്റാഫിന് ഇംഗ്ലീഷ് തീരെ പിടിയില്ല, എനിക്കാകട്ടെ സ്പാനിഷും.
കുഴഞ്ഞില്ലേ, I want one blanket എന്ന് ഒന്നു രണ്ടുവട്ടം പറഞ്ഞിട്ടും ആ മൃദു മൊഴിപ്പെണ്ണിന് മനസ്സിലാകുന്നില്ല.
തണുത്തിട്ടുവയ്യ, ഇനിയെന്തുചെയ്യും എന്നോർത്തുകൊണ്ട് ഞാൻ “Cold , cold” എന്ന് മുറുമുറുത്തപ്പോൾ അത് കേട്ട പെൺകൊച്ചിനു എന്റെ പ്രശ്നം മനസ്സിലായി. അന്നേരം അതിന് ഉത്തരമായി എന്നോടവൾ പല പ്രാവശ്യം സ്പാനിഷ്യൽ എന്തൊക്കെയോ പറഞ്ഞു. ചെവി നല്ലവണ്ണം കൂർപ്പിച്ചു പിടിച്ചു ശ്രവിച്ചിട്ടും എനിക്ക് ഒന്നും മനസിലായില്ല എന്ന് കണ്ടപ്പോൾ അവൾ അൽപ്പം അസഹിഷ്ണതയോടെ എന്തൊക്കെയോ വീണ്ടും പറഞ്ഞു എന്നെ മനസ്സിലാക്കിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
അത് രണ്ടു മൂന്ന് ആവർത്തിയായപ്പോൾ വിഷണ്ണനായ എനിക്ക് അതിൽനിന്നുള്ള ഒരു വാക്ക് ബ്രെയിൻ ഹൈലൈറ്റ് ചെയ്തുതന്നു, “അലമാര”
എന്ത്? അലമാരയോ? അലമാര? അപ്പോൾ ഇവൾക്ക് മലയാളം അറിയാമോ, ഞാൻ അത്ഭുതപ്പെട്ടു!!
അല്ല, തണുക്കുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ അലമാര, അലമാര എന്ന് പറയുന്നതെന്ത്?
ഞാൻ ഒരു നിമിഷം ആലോചിച്ചു, എന്നിട്ട് വെറുതെ അലമാരയിലേക്ക് നോക്കി.
അന്നേരമല്ലേ കണ്ടത്, അലമാരയുടെ മുകളിലുത്തെ തട്ടിൽ ഇരിക്കുന്നു ബ്ലാങ്കറ്റ്!!
പ്രോബ്ലം സോൾവ്ഡ്!!
“ചേട്ടാ, ബഹളം വയ്ക്കാതെ തലപൊക്കി ആ അലമാരയുടെ മുകിലോട്ട് നോക്കിയാൽ സാധനം കിട്ടും” എന്നായിരിക്കണം അവൾ സ്പാനിഷിൽ എന്നോട് പറഞ്ഞു കൊണ്ടിരുന്നത്. അവളോട് താങ്ക് യു പറഞ്ഞു ഞാൻ ഫോൺ വയ്ക്കുമ്പോൾ എന്നെ രക്ഷിച്ച അലമാര എന്ന വാക്ക് മലയാളത്തിലേയ്ക്ക് വിരുന്നു വന്ന ഒരു വാക്കാണെന്ന് അറിയില്ലായിരുന്നു.
അതറിഞ്ഞപ്പോൾ പിറ്റേ ദിവസം മറ്റു ചിലതും എന്റെ ശ്രദ്ധയിൽപ്പെട്ടു.
വഴിയെ നടന്നുപോകുമ്പോൾ ഒരു ഫർമസി കണ്ടാൽ നമ്മൾ എന്തു പറയും?
അത് ഫാർമസിയാ എന്ന് അല്ലേ?
സ്പാനിഷ് കാരും അതുതന്നെ പറയും, ഫർമസിയാ!
പ്രായത്തിൽ മുതിർന്ന മുഹമ്മദിനെയോ, ബഷീറിനിയോ നമ്മൾ കണ്ടാൽ ബഹുമാനപൂർവ്വം മുഹമ്മദിക്കാ, ബഷീറിക്ക എന്നൊക്കെയല്ലേ വിളിക്കൂ?
അതുപോലെയുള്ള ബഹുമാനകൊണ്ടാണോ എന്നറിയില്ല ഇന്നലെ, അഗ്നിപർവ്വതത്തെക്കുറിച്ച് പറഞ്ഞപ്പോൾ volcano യെക്കുറിച്ച് ഗൈഡ് വെറോണിക്ക, വോൾക്കാനിക്ക എന്നാണ് പറഞ്ഞത്. ഇങ്ങനെ മലയാളിക്ക് സ്പാനിഷ് ഭാഷ അറിയില്ലെങ്കിലും ടെൻരീഫിൽ ചെന്നാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് തോന്നുന്നു.
പിറ്റേന്ന് ഹോട്ടലിൽ വച്ച് ഞാൻ ഒരു വാഴപ്പഴം കഴിക്കാൻ വേണ്ടി എടുത്തപ്പോൾ അതിലെ പാസ്സ് ചെയ്ത ഒരു സ്പാനിഷ് കാരൻ എന്നെ നോക്കി മന്ദഹസിച്ചു. ഞാൻ പഴത്തിന്റെ തൊലി പൊളിക്കാൻ തുടങ്ങിക്കൊണ്ട് ബനാന എന്നൊന്ന് പറഞ്ഞുപോയി. അതുകേട്ടപാതി ആയാൾ തിരികെ വന്ന് ഗൗരവത്തിൽ എന്നോട് പറയുകാ, “നോ ബനാന, ദിസ് പ്ലാന്റെന.”
ഞാൻ ഒന്നും മനസിലാകാതെ അയാളുടെ മുഖത്തു നോക്കിയപ്പോൾ വീണ്ടും പറയുകാ,
“Tenerife, നോ ബനാന, ഒൺലി പ്ലാന്റൈന.
ബനാന, പ്ലാന്റനാ, നോ സെയിം.
ബനാന ബ്രസീൽ, ഫിലിപ്പയിൻ, കോസ്ട്രിക്ക.”
ഇവ രണ്ടും തമ്മിൽ മധുരത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെന്നല്ലാതെ കാഴ്ച്ചയിൽ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല എങ്കിലും ടീവീചാനൽ ചർച്ചകളിൽ കാണുന്നപോലെ ഞാൻ വെറുതെ അയാളോട് തർക്കിക്കാൻ പോയില്ല.
ടെൻരീഫിന്റെ വടക്ക് ദേശത്തെ കാലാവസ്ഥ കൂടുതൽ മഴ കിട്ടുന്നതും തണുപ്പ് അൽപ്പം കുടിയതും ആയതിനാൽ തന്നെ വെജിറ്റഷൻ കൂടിയ ഭൂപ്രകൃതിയാണ്. തെക്കുഭാഗം ചൂട് കൂടിയതും വരണ്ടതുമായ കാലാവസ്ഥയാണ്.
പടുകൂറ്റൻ കല്ലുകളും, കൂറ്റൻ മലകളും അതിന്റെ നടുക്ക് കേക്കിൽചെറി എന്നപോലെ രണ്ട് ചൂടൻ അഗ്നിപർവ്വതവും കൂടി ചേർത്തുവയ്ച്ചാൽ അതിനെ Tenerife എന്ന് വിളിക്കാം എന്ന് ഞാൻ പറയും.
ഇവിടെ കൂടുതൽ മലയാളികൾ വന്നുകൊണ്ടിരുന്നാൽ താമസിയാതെ ഏതെങ്കിലും മലയാളിയ്ക്ക്, നാട്ടിലെപ്പോലെ ഒരു “മല ഇടിച്ചു നിരപ്പാക്കൽ സ്റ്റാർട്ടപ്പ്” ഇവിടെ തുടങ്ങാൻ ദുർബുദ്ധി തോന്നിയാൽ പിന്നെ ഇവിടെ ഒന്നും ബാക്കി ഉണ്ടാവില്ല. അതിനുമുന്പേ, ICU-യിൽ നില വഷളായ ആളെക്കുറിച്ച് ബന്ധുക്കളോട് പറയുന്നതുപോലെ, “കാണാനുള്ളവർ വേഗം വന്ന് കണ്ടുകൊള്ളണം” എന്നേ എനിക്ക് പറയാനുള്ളു.
പതിനാലാം നൂറ്റാണ്ടുമുതൽ സ്പെയിന്റെ അധീനതയിൽ ഉള്ള Tenerife ദീപിൽ മദ്യത്തിനും പെട്രോളിനും ട്യൂബാക്കോ ഉൽപ്പന്നങ്ങൾക്കും മെയിൻലാൻഡ് സ്പെയ്നിലേക്കാൾ വളരെ വിലക്കുറവാണത്രേ!
അതുകൊണ്ട് ടെൻരീഫിനെ നമുക്ക് നമ്മുടെ ഭാഷയിൽ “സ്പെയിനിലെ മാഹി” എന്ന് വിളിക്കാം. അങ്ങനെ ഒരുകണക്കിനു പറഞ്ഞാൽ ഞാനിപ്പോൾ മാഹിയിലാണ്.
എന്ന് വിചാരിച്ചു, എന്നാൽ തിരികെ വരുമ്പോൾ എനിക്ക് രണ്ടു കുപ്പികൂടി കൊണ്ടുവരണം എന്നെന്നും ആരും പറഞ്ഞു കളയരുതേ!
തുടരും…
MD കുതിരപ്പുറം.



