ന്യൂഡൽഹി: യുഎസിൽനിന്ന് എഫ്35 യുദ്ധവിമാനങ്ങൾ വാങ്ങാൻ നിലവിൽ ഔദ്യോഗിക ചർച്ചകൾ ഒന്നുമില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് എഫ് 35 യുദ്ധ വിമാനം വാങ്ങാനുള്ള തീരുമാനം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചത് എന്നാണ് സൂചന. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം. അമേരിക്കയുമായി തൽകാലം പുതിയ ആയുധ ഇടപാടുകളില്ലെന്നും എഫ് 35 വിമാനം വാങ്ങാൻ താൽപര്യപ്പെടുന്നില്ലെന്നും വൈറ്റ് ഹൗസിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ ആയുധങ്ങൾ പരമാവധി തദ്ദേശീയമായി നിർമിക്കാനാണ് ഇന്ത്യ ഉദേശിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി സംയുക്തമായി ആയുധങ്ങൾ വികസിപ്പിച്ച് അവ ഇന്ത്യയിൽ തന്നെ നിർമിക്കാനുള്ള പദ്ധതികൾക്ക് മാത്രമേ നിലവിൽ പ്രാധാന്യം നൽകുന്നുള്ളു. ഉയർന്ന വിലകൊടുത്ത് ആയുധം വാങ്ങി ദീർഘകാലം മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് തുടരാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശന വേളയിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക യുദ്ധ വിമാനമായ എഫ്35 നൽകാൻ സന്നദ്ധമാണെന്ന് അറിയിച്ചത്. എന്നാൽ പിന്നീട് ട്രംപ് നടത്തിയ താരിഫ് പ്രഖ്യാപനം ഇന്ത്യ-യു.എസ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫിനെതിരെ പ്രതികാര നടപടിക്ക് ഇന്ത്യ മുതിർന്നിട്ടില്ല. പകരം വിഷയം നയതന്ത്ര തലത്തിൽ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമം.
ദേശീയ താൽപര്യത്തിൽ വിട്ടുവീഴ്‌ചക്കില്ല എന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ കർഷകർ, ചെറുകിട സംരംഭകർ എന്നിവരെ ബാധിക്കുന്ന തരത്തിൽ സമ്മർദ്ദത്തിന് വഴങ്ങേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയുമായുള്ള യു.എസിന്റെ വ്യാപാര കമ്മി കുറയ്ക്കാൻ അവിടെ നിന്ന് പ്രകൃതി വാതകം, ആശയ വിനിമയ ഉപകരണങ്ങൾ, സ്വർണം എന്നിവ കൂടുതലായി ഇറക്കുമതി ചെയ്തേക്കും. എന്നാൽ പുതിയ ആയുധ ഇടപാട് തൽകാലമുണ്ടാകില്ല.
അതേസമയം എസ്.യു 57 ഇ എന്ന അഞ്ചാം തലമുറ യുദ്ധ വിമാനവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് റഷ്യ വൻ വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ നിർമിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറും. കൂടാതെ ഇന്ത്യൻ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കാൻ യുദ്ധ വിമാനത്തിൻ്റെ മുഴുവൻ സോഴ്സ് കോഡും കൈമാറാം, ഇന്ത്യയിൽ അസംബ്ലി ലൈൻ സ്ഥാപിക്കാൻ സഹായം തുടങ്ങിയ വാഗ്ദാനങ്ങൾ റഷ്യ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ നിർമിച്ചാൽ എസ്.യു 57 ഇയുടെ നിർമാണ ചെലവ് പകുതിയോളം കുറയുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഇന്ത്യ വികസിപ്പിച്ച വിരൂപാക്ഷ റഡാർ, അസ്ത്ര മിസൈൽ, രുദ്രം മിസൈൽ എന്നിവ ഇതിൽ ഉപയോഗിക്കാനുമാകും.