Wednesday, October 15, 2025
Mantis Partners Sydney
Home » ഇന്ന് പൂർണ്ണചന്ദ്രഗ്രഹണം.
ഇന്ന് പൂർണ്ണചന്ദ്രഗ്രഹണം.

ഇന്ന് പൂർണ്ണചന്ദ്രഗ്രഹണം.

by Editor

ഈ ദശകത്തിലെ ഏറ്റവും മനോഹരമായ പൂർണ്ണചന്ദ്രഗ്രഹണങ്ങളിൽ ഒന്ന് ഇന്ന് രാത്രി കാണുവാൻ സാധിക്കും. ഇന്ന് (2025 സെപ്റ്റംബർ 7-ന്) നടക്കുന്ന പൂർണ്ണചന്ദ്രഗ്രഹണം ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യൻ വൻകരയുടെ മുഴുവനായും ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ ഭാഗങ്ങളിലും ഓസ്ട്രേലിയയിലും ദൃശ്യമാകും.

ഗ്രഹണസമയത്ത് ചന്ദ്രൻ ഒരു ചെമ്പൻ നിറത്തിലാണ് കാണപ്പെടുക. ഈ പ്രതിഭാസത്തെയാണ് നാം ബ്ലഡ് മൂൺ (Blood Moon) അഥവാ രക്തചന്ദ്രൻ എന്ന് വിളിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഈ സമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണ്ണമായി മറയ്ക്കുന്നുവെങ്കിലും, സൂര്യപ്രകാശത്തിന്റെ ഒരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ അപവർത്തനത്തിനും (refraction) വിസരണത്തിനും (scattering) വിധേയമാകുന്നു. ഭൗമാന്തരീക്ഷത്തിലൂടെ അരിച്ചെത്തുന്ന സൂര്യരശ്‌മികൾ ചന്ദ്രബിംബത്തിൽ വർണ്ണചിത്രം വരക്കും. ഇത് ഇളം മഞ്ഞയോ, ഓറഞ്ചോ, ചുവപ്പോ ഒക്കെയാവാം.

അനുകൂല കാലാവസ്ഥ ആണെങ്കിൽ കേരളത്തിൽ 2025 സെപ്റ്റംബർ 7 ഞായറാഴ്ച രാത്രി ഏകദേശം പത്ത് മണിമുതൽ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യ, ചൈന, ജപ്പാൻ, വെസ്റ്റേൺ ഓസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. ഈ ചന്ദ്രഗ്രഹണം ഏകദേശം 82 മിനിറ്റോളം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണമാണിത്. 2025-ലെ ആദ്യത്തെ ചന്ദ്രഗ്രഹണം മാർച്ച് 14-ന് ആയിരുന്നുവെങ്കിലും, അത് പകലായിരുന്നതിനാൽ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ദൃശ്യമായിരുന്നില്ല.

സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്ഥമായി ചന്ദ്രഗ്രഹണം കാണാൻ യാതൊരു തരത്തിലുള്ള ഉപകരണങ്ങളുടെയും ആവശ്യമില്ല. നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. സൗരവികിരണം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്. ചന്ദ്രനിൽ നിന്നുള്ള വെളിച്ചം വളരെ തീവ്രത കുറഞ്ഞതും നിര്‍ദ്ദോഷവുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം കാണുന്നതിന് യാതൊരു ദോഷവും ഇല്ല.

Send your news and Advertisements

You may also like

error: Content is protected !!