തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. ഏപ്രിൽ 9-നാണ് കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. ഏപ്രിൽ 8 ബുധനാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്.
പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികളെല്ലാം. ദേശീയ നേതാക്കളടക്കം ഇതിനോടകം തന്നെ കേരളത്തിൽ എത്തി പ്രചാരണത്തിന് ആവേശം പകർന്നിട്ടുണ്ട്. അവസാന മണിക്കൂറിൽ ഡി കെ ശിവകുമാറിനെ ഇറക്കി കളം പിടിക്കാനാണ് കോൺഗ്രസ് ശ്രമം. വട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനായി ഡി കെ ശിവകുമാർ റോഡ് ഷോയിൽ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ തുടരുന്നുണ്ട്. BJP യുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്, BJP ദേശിയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും തിരുവനന്തപുരത്ത് ഉണ്ട്.
വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. ഡീൽ വിവാദങ്ങളിൽ ആരംഭിച്ച പ്രചാരണങ്ങൾ പിന്നീട് സംവാദ വെല്ലുവിളികലൂടെ കടന്ന് കോൺഗ്രസ് പിരിച്ച വയനാട് ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിലൂടെ കണ്ണൂരിലെ വ്യാജ ആധാർ കാർഡുകളുടെ നിർമ്മാണ ആരോപണത്തിൽ എത്തി നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യതയിലാണ്.

