കുവൈറ്റ് സിറ്റി: ഓൺലൈൻ ഗെയിമായ റോബ്ലോക്‌സ് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പൊതു പ്രതികരണത്തെ തുടർന്ന്, ഗെയിം താൽകാലികമായി നിരോധിക്കുന്നതായി കുവൈറ്റ്. കുവൈറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റഗുലേറ്ററി അതോറിട്ടി (സിട്ര) യാണ് ഇക്കാര്യം അറിയിച്ചത്. ഗെയിം ഉപയോഗിക്കുന്നവരെ സംരക്ഷിക്കാനുള്ള നിയമപരമായ അധികാരം ഉപയോഗിച്ചാണ് നിരോധിനം ഏർപ്പെടുത്തുന്നതെന്ന് അതോറിട്ടി വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് റോബ്ലോക്‌സ് ഗെയിം എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ കിട്ടിയ സാഹചര്യത്തിലാണ് നിരോധനം. കുട്ടികളിൽ അക്രമവാസന വളർത്തുന്നതായും സദാചാര മൂല്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളുന്നതായും രക്തരൂഷിത രംഗങ്ങൾ, സാമൂഹികവിരുദ്ധ പ്രവണതകൾ, കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ തുടങ്ങിയവയാണ് പരാതികളിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഗെയിമർമാരുടെ സുരക്ഷിതമല്ലാത്ത രീതികൾ, ഇലക്ട്രോണിക് ചൂഷണം, ദോഷകരമായ പെരുമാറ്റം എന്നിവയുൾപ്പെടെയുള്ള അപകട സാധ്യതകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സിട്ര വ്യക്തമാക്കി.
റോബ്ലോക്‌സ് ഓൺലൈൻ ഗെയിമിങ് ക്രിയേഷൻ പ്ലാറ്റ്ഫോം 2004 ലാണ് ആരംഭിച്ചത്. ഇത് ഉപയോക്താക്കൾക്ക് വെർച്വൽ ആയി കളികളിൽ ഏർപ്പെടാനും അവർ സൃഷ്‌ടിക്കുന്നത് പങ്കിടാനും അനുവദിക്കുന്നു. 13 വയസിന് താഴെയുള്ളവർ ഈ ഗെയിം ഉപയോഗിക്കുമ്പോൾ റിമോട്ട് പാരന്റൽ കൺട്രോളുകൾ അവതരിപ്പിക്കുകയും ആശയ വിനിമയ രീതികൾ നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങൾ രൂപകൽപന ചെയ്‌തുകൊണ്ട് കഴിഞ്ഞ വർഷം അവസാനം റോബ്ലോക്‌സ് പ്രധാന സുരക്ഷാ അപ്‌ഗ്രേഡുകൾ പ്രഖ്യാപിച്ചിരുന്നു. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഖത്തർ, ഒമാൻ, ചൈന, തുർക്കി, ജോർദാൻ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ റോബ്ലോക്‌സ് ഗെയിം നേരത്തെ നിരോധിച്ചിരുന്നു.