Mantis Partners Sydney
Thursday, March 5, 2026
Mantis Partners Sydney
Home » പശ്ചിമേഷ്യയിൽ യുദ്ധം ആറാം ദിവസത്തിലേക്ക്; തുർക്കിയെ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈൽ നാറ്റോ തകർത്തു.
പശ്ചിമേഷ്യയിൽ യുദ്ധം ആറാം ദിവസത്തിലേക്ക്; തുർക്കിയെ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈൽ നാറ്റോ തകർത്തു.

പശ്ചിമേഷ്യയിൽ യുദ്ധം ആറാം ദിവസത്തിലേക്ക്; തുർക്കിയെ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈൽ നാറ്റോ തകർത്തു.

by Editor
Send your news and Advertisements

ജെറുസലേം: പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വിലാപയാത്രയും അനുസ്മരണ ചടങ്ങുകളും താൽക്കാലികമായി മാറ്റിവെച്ചു. ഇസ്രയേൽ അമേരിക്ക വ്യോമാക്രമണം കൂടുതൽ രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇറാനിലെ പ്രധാന കേന്ദ്രങ്ങൾക്ക് പുറമേ ലബനോനിലും ഇസ്രയേൽ കനത്ത ബോംബാക്രമണം തുടരുകയാണ്.

അതിനിടെ ഇറാനിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തുർക്കിയുടെ ആകാശപാത ലക്ഷ്യമാക്കി എത്തിയതായി തുർക്കി പ്രതിരോധ മന്ത്രാലയം. കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വച്ച് നാറ്റോയുടെ വ്യോമ, മിസൈൽ പ്രതിരോധ സംവിധാനം ആക്രമണ ശ്രമം തകർത്തെന്നും തുർക്കി അറിയിച്ചു. ഇറാഖ് – സിറിയൻ വ്യോമാതിർത്തി കടന്ന ശേഷമാണ് മിസൈലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആളപായമോ ആർക്കെങ്കിലും പരിക്കേൽക്കുന്ന സാഹചര്യമോ ഉണ്ടായിട്ടില്ല. തുർക്കിക്ക് നേരെയുള്ള ഏതൊരു നടപടിക്കെതിരെയും പ്രതികരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സംഘർഷം രൂക്ഷമാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന ആഹ്വാനവും തുർക്കി നടത്തി. നാറ്റോ അംഗമായ തുർക്കി ഇറാനുമായി 500 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.

യുദ്ധത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ (2026 മാർച്ച് 4), അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ (Operation Epic Fury) ഇറാനിൽ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐആർഐഎൻഎസ് മക്രാൻ (IRINS Makran) ഉൾപ്പെടെയുള്ള കപ്പലുകൾ അമേരിക്കൻ സബ്മറൈൻ ആക്രമണത്തിൽ തകർന്നു. കൂടാതെ ബന്ദർ അബ്ബാസ് നാവിക താവളത്തിലെ അഞ്ചോളം കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി.

ഇസ്രായേൽ സൈന്യം (IDF) ഇസ്‌ഫഹാനിലെ ബാലിസ്റ്റിക് മിസൈൽ സംഭരണ-വിക്ഷേപണ കേന്ദ്രം ബോംബിട്ട് തകർത്തു. ടെഹ്‌റാനിലെ ഖോജിർ (Khojir) ഏരിയയിലുള്ള മിസൈൽ നിർമ്മാണ ശാലകൾക്കും കെമിക്കൽ ഫാക്ടറികൾക്കും നേരെയും ശക്തമായ ആക്രമണം ഉണ്ടായി. ടെഹ്‌റാനിലെ ഗവൺമെന്റ് മന്ത്രാലയങ്ങൾ, ഇന്റലിജൻസ് വിഭാഗത്തിന്റെ ആസ്ഥാനം, പാർച്ചിൻ സൈനിക സമുച്ചയം എന്നിവയ്ക്ക് നേരെ മിസൈൽ ആക്രമണം നടന്നു.

ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഇന്നലെത്തെ ആക്രമണങ്ങളിൽ മാത്രം ലബനോനിൽ 40-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ഹിസ്ബുള്ള ഇസ്രായേലിലെ ഹൈഫ (Haifa), തെൽ അവീവ് (Tel Aviv) തുടങ്ങിയ നഗരങ്ങളിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടു. ഇത് ഇസ്രായേലിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ ആയുധ സംഭരണശാലകളും സൈനിക കേന്ദ്രങ്ങളും തകർക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ദക്ഷിണ ലബനോനിൽ നിന്നും ബെയ്റൂട്ടിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് സിറിയയിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും പലായനം ചെയ്യുന്നത്.

ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആരായാലും എവിടെ ഒളിച്ചിരുന്നാലും കൊല്ലപ്പെടും എന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനായി ഇറാനിലെ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടുമെന്നാണ് ഇസ്രയേൽ പ്രതി​രോധ മന്ത്രിയുടെ ഭീഷണി. ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇസ്രയേൽ പ്രതി​രോധ മന്ത്രിയുടെ പ്രതികരണം.

സംഘർഷം നിയന്ത്രണാതീതമായതോടെ അമേരിക്ക പ്രശ്ചിമേഷ്യയിലെ തങ്ങളുടെ മൂന്ന് എംബസികൾ അടച്ചുപൂട്ടുകയും മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും വാഷിംഗ്ടൺ കർശന നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം അമേരിക്കൻ എംബസികൾക്ക് നേരെ ആക്രമണം നടന്നിരുന്നു. റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഇറാനിയൻ ഡ്രോണുകൾ പതിച്ചു. കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങളും തീപിടുത്തവും ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ച് വലിയ തീപിടുത്തമുണ്ടായി. കുവൈറ്റിലെ അമേരിക്കൻ എംബസിക്ക് നേരെയും ആക്രമണമുണ്ടായതിനെത്തുടർന്ന് എംബസി അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി.

ഖത്തറിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ അൽ ഉദൈദ് (Al Udeid) എയർ ബേസിൽ ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ പതിച്ചു. ബഹ്‌റൈനിൽ അമേരിക്കൻ അഞ്ചാം നാവികപ്പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടാവുകയും വലിയ തീപിടുത്തമുണ്ടാവുകയും ചെയ്തു. കുവൈറ്റിൽ അമേരിക്കൻ സൈനികർ തങ്ങുന്ന അലി അൽ സലേം (Ali Al Salem) ബേസിൽ മിസൈലുകൾ പതിച്ച് കെട്ടിടങ്ങൾ തകർന്നു.

ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങൾ ആഗോള എണ്ണ വിപണിയെയും വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചു. കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കാനായി അയൽരാജ്യങ്ങളുമായി ചേർന്ന് സുരക്ഷിതമായ ആകാശപാതകൾ ഒരുക്കിയതായി യുഎഇ അറിയിച്ചു.

ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിനെതിരെ യുഎസ് ആക്രമണം; 80-ലതികം ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു

You may also like

error: Content is protected !!