Friday, March 27, 2026
Home » മൂറോൻ കൂദാശ – വ്യാഖ്യാനവും വളർച്ചയും നാൾവഴികളും
മൂറോൻ കൂദാശ – വ്യാഖ്യാനവും വളർച്ചയും നാൾവഴികളും

മൂറോൻ കൂദാശ – വ്യാഖ്യാനവും വളർച്ചയും നാൾവഴികളും

അജോയ് ജേക്കബ് ജോർജ്

by Editor
Send your news and Advertisements

“അഭിഷിക്തൻ‘ എന്നാണ് ഗ്രീക്ക് ഭാഷയിലെ ‘ക്രിസ്തോസ്‘ എന്ന പദത്തിന് അർത്ഥമെന്നും. ഗ്രീക്ക് ഭാഷയിൽ ‘ക്രിസം‘ [Chrism] എന്നാണ് വി. മൂറോൻ തൈലത്തിന് പേർ എന്നതും നൽകുന്ന സൂചന വളരെ പ്രധാനമാണ്. ആയതുകൊണ്ട് ഞാനും നിങ്ങളും “ക്രിസ്ത്യാനികൾ” എന്ന് വിളിക്കപ്പെടുന്നത് ‘ദൈവത്തിന്റെ തൈലത്താൽ അഭിഷേകം ചെയ്യപ്പെട്ടത്‘ കൊണ്ടായിരുന്നു. ഈ മൂന്ന് സംജ്ഞകൾ പ്രസരിപ്പിക്കുന്ന കരുത്തുറ്റ, തിളക്കമേറിയ, പരപ്പേറിയ അർത്ഥവ്യാപ്തി അറിയേണ്ടത്, ‘വി. മൂറോൻ എന്ന അഭിഷേകതൈലം‘ സംബന്ധിച്ച് നന്നായി അറിയേണ്ടത്, വി. മൂറോൻ കൂദാശയുടെ ശ്രേഷ്ഠ ദിനത്തിലേക്ക് അടുക്കുന്ന നിമിഷങ്ങളിൽ വളരെ പ്രധാനമാണ്. സമൂഹത്തിന്റെ മലിനതകളെ കളങ്കമറ്റതാക്കുവാൻ തക്ക ശുദ്ധീകരണശേഷിയും, പാപത്തിന്റെ ശോഷണത്തിനെതിരെ വേണ്ട ശക്തീകരണവും, തിന്മയെ തടുക്കുവാൻ തക്ക പ്രഹരശേഷിയും ഉള്ളിൽ അടങ്ങിയിരിക്കുന്ന വി. മൂറോൻ എന്ന സുഗന്ധ തൈലത്തെ കുറിച്ചും, കൂദാശയെ കുറിച്ചും സ്വയം അറിയുകയും സമൂഹം അറിയുകയും ചെയ്യുവാൻ ഉള്ള എളിയ പരിശ്രമം പ്രാർത്ഥനാപുരസ്സരം സമർപ്പിക്കയാണ്.

എന്താണ് മൂറോൻ?
മൂറോൻ എന്ന ഗ്രീക്ക് വാക്കിന് “സുഗന്ധതൈലം” (പരിമളതൈലം) എന്നാണർത്ഥം. പഴയനിയമത്തിൽ പുരോഹിതന്മാരെ അഭിഷേകം ചെയ്ത് ശുദ്ധീകരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തൈലത്തെ കുറിച്ച് പുറപ്പാട് 30:30-ലും പുതിയ നിയമത്തിൽ 14 തവണയും ഈ അർത്ഥത്തിൽ മൂറോൻ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ‘ദൈവത്തെ സമീപിക്കുവാനും സേവിക്കുവാനും ശുദ്ധീകരിക്കപ്പെടണം’ എന്ന ചിന്തയിലാണ് പരിശുദ്ധാത്മവാഹിയായ അഭിഷേകതൈലം അഭിഷേകം ചെയ്യപ്പെടുന്ന രാജാക്കന്മാരുടെ മേലും ദൈവനിയോഗിതരായ പുരുഷന്മാരുടെ മേലും പുരട്ടുകയോ തളിക്കുകയോ ചെയ്തിരുന്നത്. അടിസ്ഥാനഘടകമായ ഒലിവെണ്ണയിൽ ബൽസാം വൃക്ഷത്തിന്റെ തൊലിയിൽ നിന്നുള്ള സുഗന്ധവസ്തു, സുഗന്ധം കൂട്ടുവാനുള്ള വസ്തുക്കളായ (ഈജിപ്റ്റിൽ നിന്നുള്ള) പച്ചന്തെരിയാസ്, ജടാമാഞ്ചി, കറുവപ്പട്ട, കുങ്കുമം, ഗ്രാമ്പൂ, ജാതിപത്രി, കുരുമുളക് എന്നിവയും കൃത്യമായ അളവിൽ ചേർക്കുകയും പരമ്പരാഗത രീതിയിൽ ശുശ്രൂഷകൾ നടത്തിയും ആണ് വി. മൂറോൻ തയ്യാറാക്കുന്നത്.

മൂറോൻ കൂദാശ എന്തിന്, എങ്ങനെ, എപ്പോൾ?
കാലാകാലങ്ങളിൽ മലങ്കര നസ്രാണി കേൾക്കുന്ന, ചിലപ്പോളൊക്കെ വായിക്കുന്ന, വളരെ അപൂർവ്വമായി കാണുന്ന ഒരു കർമ്മമാണ് വി. മൂറോൻ കൂദാശ. കൃത്യമായ ഇടവേള എത്ര എന്ന് എവിടെയും ലിഖിതരൂപത്തിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 10 വർഷങ്ങളിൽ ഒരിക്കലാണ് അടുത്ത കുറെ നാളുകളിലേക്കുളള മൂറോൻ പരമ്പരാഗത രീതിയിൽ കൂദാശയോടെ പ. സഭ തയ്യാറാക്കുന്നത്. ഏദനിലെ സൃഷ്ടിയും അഭിഷേകവും കൊണ്ടുള്ള ശക്തിയെ പാപത്താൽ നഷ്ടപ്പെടുത്തിയ മനുഷ്യനെ വി. മാമോദീസായിലൂടെയും, മൂറോൻ അഭിഷേകത്തിലൂടെയും സൃഷ്ടിയെ ഭരിക്കേണ്ട രാജാവായും, സൃഷ്ടിയ്‌ക്കായി മദ്ധ്യസ്ഥത അണയ്ക്കുന്ന പുരോഹിതനായും, ദൈവഹിതം സൃഷ്ടികളെ അറിയിക്കുന്ന പ്രവാചകനായും അവരോധിക്കുകയാണ്. മനുഷ്യമനസ്സിന്റെ സമൂലശുദ്ധീകരണത്തിന് കാതലായ പങ്ക് വഹിക്കുന്ന വി. മൂറോൻ തയ്യാറാക്കുന്നതും കൂദാശ ചെയ്യുന്നതും പ. സഭയുടെ ദൈനംദിന ആത്മീയപ്രയാണം, വളർച്ച എന്നിവയിൽ വളരെ കാതലായ പങ്ക് വഹിക്കുകയാണ്.

ഒലിവെണ്ണയിൽ വിവിധ തരം സുഗന്ധദ്രവ്യങ്ങൾ ചേർത്ത് കാച്ചിയെടുത്ത് കൂദാശ ചെയ്ത് ശുദ്ധീകരിക്കപ്പെടുന്ന വിശുദ്ധ തൈലമാണ് മൂറോൻ. ഹൂദായ കാനോനിൽ പറഞ്ഞിരിക്കുന്ന പ്രകാരം എട്ടു തരം സുഗന്ധവർഗ്ഗങ്ങൾ സൈത്ത് എണ്ണയിൽ വേവിക്കുമ്പോൾ പാത്രത്തിന്റെ അടിയിൽ തീ കത്തിക്കാതെ, ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് തിളപ്പിച്ച് ആ വെള്ളത്തിൽ നിന്ന് ഉയരുന്ന ആവിയ്ക്ക് മുകളിൽ മറ്റൊരു പാത്രത്തിൽ കെട്ടിയിട്ടാണ് സുഗന്ധവർഗ്ഗങ്ങൾ ചേർത്ത സൈത്തെണ്ണ പാകപ്പെടുത്തുന്നത്. തയ്യാറാക്കിയ സൈത്തെണ്ണയും ബൽസാം എന്ന സൗരഭ്യവസ്തുവും പ്രത്യേകം പ്രത്യേകം കൂദാശ നടത്തപ്പെടുന്ന ആരാധനാകേന്ദ്രത്തിന്റെ വി. മദ്ബഹായിലേക്ക് കൊണ്ടുപോയി കൂദാശ ചെയ്യുന്നത് വരെ അവിടെ സൂക്ഷിക്കുകയാണ് ആദ്യപടി.

മുഖ്യകാർമ്മികനായ പിതാവും മറ്റു മെത്രാപ്പോലീത്തന്മാരും ഒപ്പം പ്രത്യേകമായി നിയോഗിതരായിരിക്കുന്ന 12 വീതം പട്ടക്കാരും ശെമ്മാശന്മാരും ഉൾപ്പെടുന്ന സഹായിവൃന്ദം ഒത്തുചേർന്ന് കൂദാശയുടെ 1, 2 ക്രമങ്ങൾ പ്രകാരം മിശ്രണം ചെയ്യേണ്ടവയെ പ്രാർത്ഥനാമന്ത്രണങ്ങളോടെ കൂട്ടിച്ചേർക്കുകയും പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം, പള്ളിക്കുള്ളിൽ തബ്‌ലൈത്താ മേൽ ശുശ്രൂഷയുടെ അടുത്തഭാഗം, തയ്യാറാക്കിയ വി. മൂറോന്റെ കുപ്പി ബീമയിൽ കൊണ്ടുവരുന്നതും ആഘോഷത്തോടെ കൂദാശ പൂർത്തീകരിക്കുന്നതുമാണ് പതിവ്.

മൂറോൻ കൂദാശ എന്തുകൊണ്ട് പ്രാധാന്യമുള്ളതാകുന്നു?
വി. മാമോദീസായിൽ മൂറോൻ അഭിഷേകം നടത്തുമ്പോൾ നാം കേൾക്കുന്നത് ഇങ്ങനെയാണ് : “മിശിഹായുടെ പരിമളവാസനയും, സത്യവിശ്വാസത്തിന്റെ അടയാളവും മുദ്രയും വിശുദ്ധാത്മനൽവരത്തിന്റെ പൂർത്തീകരണവുമായ വി. മൂറോനാൽ ഇന്നയാൾ മുദ്ര കുത്തപ്പെടുന്നു“. ഈ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത് “വി. മൂറോൻ പരിശുദ്ധാത്മാവിനെയും മ്ശിഹായെയും, സ്നാനാർത്ഥി ഏറ്റുപറയുന്ന വിശ്വാസത്തെയും ആണ് പ്രതിനിധാനം ചെയ്യുന്നത്” എന്നാണ്. വി. മൂറോന്റെ കൂദാശാക്രമം പരിശോധിച്ചാൽ 2 കൊരിന്ത്യർ 2:15 പ്രകാരം ഇത് വ്യക്തമാകുന്നുണ്ട്.

പഴയ നിയമത്തിന്റെ താളുകളിൽ ‘പുരോഹിതരെയും, പ്രവാചകന്മാരെയും രാജാക്കന്മാരെയും’ അഭിഷേകതൈലത്തിന്റെ പരിമളം പ്രസരിപ്പിക്കുന്നവരായി നമുക്ക് കാണുവാൻ കഴിയുന്നുണ്ട്. വി. മൂറോനാൽ, ആ സുഗന്ധതൈലത്തിന്റെ അഭിഷേകത്താൽ, മേൽപ്പറഞ്ഞ 3 സ്ഥാനങ്ങളും സ്നാനാർത്ഥിയ്ക്ക് ലഭിക്കുകയാണ്. ആ അഭിഷേകത്താൽ ഉരുത്തിരിഞ്ഞുവരുന്ന ക്രമാനുഗതമായ വളർച്ചയുടെ ശക്തി കൈമാറ്റപ്പെടുന്നതിനെ ലക്‌ഷ്യം വച്ചാണ് ആദിമപിതാക്കന്മാർ സുറിയാനി പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ വി. മാമോദീസാ ശേഷം, മദ്ബഹ, തബ്‌ലൈത്താ, പള്ളി എന്നിവയുടെ കൂദാശയ്ക്ക് മാത്രം വി. മൂറോൻ ഉപയോഗിക്കുന്നതിനായി നിർദ്ദേശങ്ങൾ എഴുതിവച്ചിട്ടുള്ളതും പ്രവർത്തിപഥത്തിൽ കൊണ്ടുവന്നിട്ടുള്ളതും എന്നത് എടുത്തുപറയേണ്ടതാണ്. ആ ഉദ്ദേശ്യത്തോടെയാണ് പിതാക്കന്മാർ കുഞ്ഞുങ്ങളുടെ മാമോദീസാദിനത്തിൽ തന്നെ, അവന്റെ /അവളുടെ ജീവിതത്തിലെ മൂറോനഭിഷേകത്തിന്റെ ഏക അവസരമായ വി. മാമോദീസാ സമയത്ത് നെറ്റിയിലും മറ്റ് പ്രധാന ഭാഗങ്ങളിലും വി. മൂറോൻ കൊണ്ട് മുദ്രയിടുന്നതിനായി ക്രമീകരിച്ചിട്ടുള്ളത്. വി. മാമോദീസായിൽ പരിശുദ്ധറൂഹാ ശുദ്ധീകരണം നടത്തുന്നുവെങ്കിൽ, വി. മൂറോനാൽ ജഡത്തെയും ലോകത്തെയും സാത്താനെയും ജയിക്കുവാൻ ശക്തി ആർജ്ജിക്കുന്ന അഭിഷിക്തനും പടയാളിയുമായി ആ കുഞ്ഞിനെ മാറ്റുകയാണ് എന്നതും വളരെ കാതലായ ഒരു ഘടകമാണ്.

മൂറോൻ എന്നത് ഒരേ സമയം അക്ഷയതൈലവും സന്തോഷതൈലവുമാണ്. അണയാത്ത ഊർജ്ജശ്രോതസ്സായി സൂര്യൻ പ്രപഞ്ചം മുഴുവനും പ്രകാശം പ്രദാനം ചെയ്യുന്നത് പോലെ ക്ഷയിക്കാത്ത വി. മൂറോൻ ക്ഷയിക്കാത്തതും അണയാത്തതുമായ ആത്മീയശ്രോതസ്സാകുന്നു. ഒപ്പം അത് വിശ്വാസിസമൂഹത്തിന് സന്തോഷം പ്രദാനം ചെയ്യുന്ന തൈലം കൂടിയാണ്. നമ്മുടെ ആരാധനകളെല്ലാം സന്തോഷത്തിന്റെ നിമിഷങ്ങളായതിനാലും ദൈവസന്നിധി എപ്പോഴും സന്തോഷാനുഭവങ്ങളുടെ വേദിയും ആയതുകൊണ്ട് തമ്പുരാന് തന്റെ സഭയോടുള്ള സ്നേഹത്തിന്റെ ഉജ്ജ്വല പ്രതീകവും ദൃശ്യവൽക്കരണവും ആണ് വി. മൂറോൻ ഉപയോഗിക്കുന്ന വേളകളും വി. മൂറോൻ കൂദാശയും. ദൈവകൃപയുടെ ഫലമായ സ്നിഗ്ദ്ധതയും മാധുര്യവും ശോഭയും വി. മൂറോൻ പ്രദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്.

മൂറോൻ കൂദാശ നടത്തിപ്പിന്റെ രീതി, ക്രമം
മുകളിൽ പരാമർശിച്ചപോലെ സൈത്തെണ്ണ – ബൽസാം സുഗന്ധക്കൂട്ട് കൂദാശ നടത്തപെടുന്ന ദേവാലയ മദ്ബഹായിലേക്ക് കൊണ്ടുപോകുന്നു, അവിടെ പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ള മറയ്ക്കുള്ളിൽ സൂക്ഷിക്കപ്പെടുന്നു (കർത്താവായ യേശു തന്റെ മനുഷ്യാവതാരത്തിന് മുൻപ് പഴയ നിയമത്തിൽ മറഞ്ഞിരുന്നതിനെ സൂചിപ്പിക്കുന്നു).

കൂദാശയിൽ പ്രധാനമായും പങ്കാളികളാകുന്നത് : മുഖ്യകാർമ്മികൻ, മറ്റ് മേല്പട്ടക്കാർ, നിയോഗിതരായ കശീശന്മാർ, പൂർണ്ണശെമ്മാശന്മാർ, യൗപ്പദ്യക്ക്നെന്മാർ 12 പേർ വീതം അംശവസ്ത്രധാരികളായും അർക്കദയാക്കോൻ ആയി ഒരാളും ഉണ്ടായിരിക്കും.

കൂദാശയ്ക്ക് 2 ക്രമങ്ങളാണ് ഉള്ളത്.
ആദ്യക്രമത്തിൽ മേല്പട്ടക്കാരൻ പ്രധാന പുരോഹിതന്റെ അംശവടിയുമേന്തി, വി. മദ്ബഹാ മുതൽ ദേവാലയത്തിന് ചുറ്റും ധൂപാർപ്പണം നടത്തണം. ഇതേ സമയത്ത് മുഖ്യ കാർമ്മികൻ മറയ്ക്കുള്ളിൽ ആയിരിക്കുകയും സുഗന്ധ എണ്ണയും ബൽസാം സുഗന്ധക്കൂട്ടും തമ്മിൽ സംയോജിപ്പിക്കുകയും വേണം (ക്രിസ്തുവിൽ ദൈവത്വവും മനുഷ്യത്വവും കൂടിച്ചേർന്നതിന്റെ പ്രതീകമായി). മുഖ്യ കാർമ്മികൻ മൂറോൻ വഹിച്ചുകൊണ്ട് ആരാലും കാണപ്പെടാത്തവണ്ണം മറച്ചുപിടിച്ചിട്ടുള്ള ഒരു കൂടാരത്തിനുള്ളിൽ (കുബ്‌സാ) പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം നടത്തുന്നു (കർത്താവിനെ മാതാവ് ഉദരത്തിൽ വഹിച്ചതിനെ സൂചിപ്പിക്കുന്നു). വൈദികർ ധൂപക്കുറ്റികളും, യൗപ്പദ്യക്ക്നെന്മാർ മെഴുകുതിരികളും വഹിച്ച് ചുറ്റും നിൽക്കണം. ഈ പ്രദക്ഷിണം തിരികെ മദ്ബഹായിൽ പ്രവേശിക്കുന്നതോടെ ആദ്യക്രമം അവസാനിക്കുന്നു.

രണ്ടാം ക്രമത്തിൽ, ത്രോണോസിന്മേൽ, തബ്‌ലൈത്താമേൽ മൂറോൻ തൈലം വച്ചശേഷം ശോശപ്പാ കൊണ്ട് മൂടി, വി. കുർബ്ബാനയിലെപ്പോലെ 3 പ്രാവശ്യമായി ഒൻപത് കുരിശുകൾ ഇട്ട് കൂദാശ പൂർത്തീകരിക്കുന്നു. അന്തിമകർമ്മമായി മൂറോൻ കുപ്പി ബീമായിൽ കൊണ്ടുവന്ന് ആഘോഷം നടത്തുകയും എല്ലാവരും മൂറോൻ കുപ്പി ചുംബിച്ച്/മുത്തി അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നത്തോടെ രണ്ടാം ക്രമം പൂർത്തിയാകുന്നു. കൂദാശയ്ക്ക് ശേഷം വി. കുർബ്ബാന അർപ്പിച്ച് പൂർത്തീകരിക്കുകയും വി. കുർബ്ബാനയുടെ അന്ത്യത്തിൽ വിശ്വാസികൾ അനുഗ്രഹം പ്രാപിച്ചു പിരിയുകയും ചെയ്യുന്നു.

മൂറോൻ കൂദാശ നടത്തിപ്പിന്റെ സമയം
രണ്ട് പ്രധാന കാരണങ്ങളാൽ ആദിമകാലം മുതൽ ഏറെക്കുറെ ഒരേ സമയത്ത് തന്നെയാണ് സഭയുടെ ഓരോ മൂറോൻ കൂദാശയും നടത്തിയിരുന്നത്. എന്നാൽ അപൂർവ്വമായി ചില സമയമാറ്റങ്ങൾ നടപ്പിലാക്കിയിട്ടുമുണ്ട്.

ദിവ്യമായ മൂറോൻ കൂദാശയുടെ പ്രധാന കാർമ്മികനായ സഭാമേലദ്ധ്യക്ഷനും, ഒപ്പം പങ്കു കൊള്ളുന്നവരായ സഹകാർമ്മികരായ പിതാക്കന്മാരും നിയോഗിതനായ അർക്കദയാക്കോൻ, സഹായീവൃന്ദത്തിലെ അംഗങ്ങൾ ഉൾപ്പെടെ മറ്റെല്ലാവരും പ്രത്യേക തയ്യാറെടുപ്പോടെയും നോമ്പാചരണത്തോടെയും ആണ് മൂറോൻ കൂദാശയിലേക്ക് നടന്നടുക്കുന്നത്. അതിനായി പ. സഭാപിതാക്കന്മാർ പ്രാർത്ഥനാപുരസ്സരം കണ്ടെത്തിയ ദിനമായ പെസഹാ വ്യാഴാഴ്ച മൂറോൻ കൂദാശകൾ നടത്തേണ്ടതിനായി നിശ്ചയിക്കപ്പെട്ടു. ദിവസക്രമവും നോമ്പാചരണത്തിന്റെ സമയക്രമവും പരിഗണിച്ചാലും അതുകൊണ്ട് മൂറോൻ കൂദാശയ്ക്ക് ഏറ്റവും ഉചിതമായ സമയം അമ്പത് നോമ്പിന്റെ അവസാനഘട്ടമാണല്ലോ എന്നതാണ് പെസഹാ വ്യാഴാഴ്ച തീരുമാനിക്കുവാനുള്ള ആദ്യകാരണം. രണ്ടാമത്തെ കാരണം ആദിമകാലരീതി പ്രകാരം അറിയിപ്പിന്റെ ശനിയാഴ്ചയോ ഉയിർപ്പുപെരുന്നാൾ ദിവസമോ നടക്കാനിടയുള്ള അനേകം പേരുടെ മാമോദീസാകളിലെ ഉപയോഗത്തിനായി ആവശ്യമായ വി. മൂറോന്റെ അളവിനെ കരുതിയാണ്. (1876-ലും 1911-ലും 1967-ലും നടത്തപ്പെട്ട മൂറോൻ കൂദാശകൾ ഒഴികെ മറ്റെല്ലാ മൂറോൻ കൂദാശകളും വല്യ നോമ്പ് കാലത്താണ് നടത്തപ്പെട്ടിട്ടുള്ളത്). കാലക്രമത്തിൽ അത് നാല്പതാം വെള്ളിയാഴ്ചയായി പുനർനിശ്ചയിക്കുകയാണുണ്ടായത്. 1977 മുതൽ നടത്തപ്പെട്ട 5 കൂദാശകളും, (ഈ വർഷത്തേതും ഉൾപ്പെടെ) നാല്പതാം വെള്ളിയാഴ്ചയാണ് നടത്തപ്പെട്ടിട്ടുള്ളത്.

മലങ്കരയിൽ നാളിതുവരെ നടന്ന മൂറോൻ കൂദാശകളുടെ പട്ടിക
(തീയതി / പള്ളി / കാർമ്മികൻ)

1). 27.08.1876; മുളന്തുരുത്തി മാർത്തൊമ്മൻ പള്ളി, മാർ ഇഗ്നാത്തിയോസ് പത്രോസ് iii പാത്രിയർക്കീസ്,
2). 19.08.1911; മുളന്തുരുത്തി മാർത്തൊമ്മൻ പള്ളി, മാർ ഇഗ്നാത്തിയോസ് അബ്ദുള്ള ii പാത്രിയർക്കീസ്,
3). 22.04.1932; കോട്ടയം പഴയ സെമിനാരി, മാർ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ,
4). 20.04.1951; കോട്ടയം പഴയ സെമിനാരി, മാർ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ,
5). 21.12.1967; കോട്ടയം പഴയ സെമിനാരി, മാർ ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ,
6). 01.04.1977; കോട്ടയം പഴയ സെമിനാരി, മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് പ്രഥമൻ ബാവാ,
7). 25.03.1988; കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന, മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് പ്രഥമൻ ബാവാ,
8). 26.03.1999; കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന, മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ദ്വിതീയൻ ബാവാ,
9). 03.04.2009; കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന, മാർ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവാ,
10). 23.03.2018; കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന, മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ,
11). 27.03.2026 : കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന, മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ ബാവാ.

ഉപസംഹാരം: വിവിധ പട്ടത്വശ്രേണിയിൽ പെട്ടവരും, ജനങ്ങളും എല്ലാം കൂടിച്ചേരുന്ന ശുശ്രൂഷയെന്നതിനാൽ ഐക്യത്തിന്റെ ശുശ്രൂഷയെന്നും വി. മൂറോൻ കൂദാശ വ്യാഖ്യാനിക്കപ്പെടുന്നു. പ. സഭ മുഴുവന്റെയും ശുദ്ധീകരണവും ശക്തീകരണവും ലക്ഷ്യമാക്കി പ. സഭയുടെ ഭാവിയ്ക്കായി നടത്തപ്പെടുന്ന ദിവ്യകർമ്മവും എന്ന നിലയിൽ വിശ്വാസിസമൂഹത്തിന്റെ പ്രാർത്ഥനാ മന്ത്രണങ്ങൾ വഴി ഈ കൂദാശ ശക്തിപ്പെടട്ടെ. ത്രിയേകദൈവം ഈ കൂദാശയെയും എല്ലാ അനുബന്ധകർമ്മങ്ങളെയും വാഴ്ത്തി അനുഗ്രഹിക്കട്ടെ.

ക്രിസ്തുവിൽ സ്നേഹിതൻ,
ജോർജിയൻ
(അജോയ് ജേക്കബ് ജോർജ്, മാക്കാംകുന്ന്, കുവൈറ്റ്)

You may also like

error: Content is protected !!