ന്യൂഡൽഹി: ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ട്. നാലോ അഞ്ചോ പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നാലും അമേരിക്കൻ പ്രസിഡന്റിന്റെ പക്കൽ നിന്ന് സ്വതന്ത്ര ലോകത്തിൻ്റെ നേതാവ് എന്ന പദവി അദേഹം ഏറ്റെടുക്കുമെന്ന് ടോണി ആബട്ട് പറഞ്ഞു. ഡൽഹിയിൽ എൻഡിടിവി വേൾഡ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദേഹം.
ലോകത്തെ സൂപ്പർ പവർ കേന്ദ്രങ്ങളിൽ ഒന്നായി ഡൽഹി മാറണം. ഏഷ്യ-പസഫിക് മേഖലയിൽ ചൈനക്ക് ഒരു പ്രതിരോധമായും ഓസ്ട്രേലിയയ്ക്ക് ശക്തവും വിശ്വസനീയവുമായ പങ്കാളിയായും ഇന്ത്യ മാറണമെന്നും ടോണി ആബട്ട് പറഞ്ഞു. ഓസ്ട്രേലിയയുമായി 2022 ലും യു.കെയുമായി കഴിഞ്ഞ മാസവും ഇന്ത്യ വ്യാപാര കരാർ ഒപ്പുവെച്ചിരുന്നു. ജനാധിപത്യ ലോകം ചൈനയിൽ നിന്ന് അകലുന്നു എന്നതിൻ്റെ സൂചനകളാണ് ഇതുപോലുള്ള വ്യാപാര കരാറുകളെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ‘സൂപ്പർ പവർ’ എന്ന നിലയിൽ ഇന്ത്യയ്ക്കു ലോകക്രമത്തിൽ നിർണായക പങ്കുവഹിക്കാനുണ്ടാകുമെന്നും എഷ്യ–പസഫിക് മേഖലയിൽ ചൈനയ്ക്കു ബദലാകുമെന്നും അദ്ദേഹം പറഞ്ഞു. നായക ശക്തിയാകാനാണ് ചൈനയുടെ ആഗ്രഹം. അത് അയൽ രാജ്യങ്ങളെയും ലോകത്തെ തന്നെയും പ്രതിസന്ധിയിലാക്കുന്നു. ലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കങ്ങൾ തടയാനുള്ള താക്കോൽ ഇന്ത്യയുടെ പക്കലാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയ്ക്ക് ഇന്ത്യ ഒരു എതിരാളിയാണ്. ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഏത് നഗരത്തിൽ ചെന്നാലും അവിടെ വലിയ അടിസ്ഥാന സൗകര്യ വികസനമുണ്ട്. ഇന്ത്യ വളർന്നു വരികയാണ്. ചൈനയ്ക്ക് ബദലാകാൻ ഇന്ത്യക്കാകുമെന്നും ടോണി ആബട്ട് അഭിപ്രായപ്പെട്ടു.



