മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്” എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്ത ചുവടുകളുമായി ആണ് “സുൽത്താൻ” എന്ന പേരിലുള്ള ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വേദികയോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന നടൻ വിനായകനും ഗാനരംഗത്തിലുണ്ട്. ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.
ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയിൽ എത്തുന്നുണ്ട്. “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” എന്ന ടൈറ്റിൽ ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാർട്ട് കൂടെ ഉണ്ടാകും എന്ന ഉറപ്പും അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നൽകുന്നു.


