Thursday, January 29, 2026
Mantis Partners Sydney
Home » 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; ഈ വർഷത്തെ പ്രധാന തീം ‘വന്ദേമാതരം’.
റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; ഈ വർഷത്തെ പ്രധാന തീം ‘വന്ദേമാതരം’.

by Editor

ന്യൂ ഡൽഹി: 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26-ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15 -ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ അന്ന് സ്വന്തമായി നിയമങ്ങളോ ഭരണഘടനയോ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. ആദ്യത്തെ കുറച്ച് വർഷങ്ങളിൽ, രാജ്യം ബ്രിട്ടീഷ് നിയമങ്ങളായിരുന്നു പിന്തുടർന്നിരുന്നത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ 1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടന അസംബ്ലി അംഗീകരിച്ചു. ഡോ. ബിആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് രാജ്യത്തിനായി ഭരണഘടന തയ്യാറാക്കിയത്. എന്നാൽ ഇത് ഉടനടി പ്രാബല്യത്തിൽ വന്നില്ല, പിന്നീട് 1950 ജനുവരി 26 -നാണ് ഇന്ത്യ ഔദ്യോഗിക റിപ്പബ്ലിക്കായി മാറിയതും ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതും. അന്നുമുതൽ ജനുവരി 26 റിപ്പബ്ലിക് ദിനമായി നമ്മൾ ഭാരതീയർ ആഘോഷിക്കുന്നു.

ഇന്ത്യയുടെ പ്രൗഢഗംഭീരമായ പൈതൃകത്തേയും വൈവിധ്യങ്ങളുടെ സമ്പന്നതയും പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് റിപ്പബ്ലിക് പരേഡ്. റിപ്പബ്ലിക് ദിനത്തിൽ ഇക്കൊല്ലത്തെ പ്രധാന തീം ആകുന്നത് വന്ദേമാതരം. ‘വന്ദേമാതരം’ ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂർവ ചിത്രങ്ങൾ കർത്തവ്യ പഥിൽ പ്രദർശിപ്പിക്കും. പുഷ്പാലങ്കാരങ്ങൾ, ക്ഷണക്കത്തുകൾ, വിഡിയോകൾ, ടാബ്ലോകൾ എന്നിവയിലെല്ലാം ഈ പ്രമേയം പ്രതിഫലിക്കും. ഇന്ത്യൻ സൈന്യം ആദ്യമായി പരേഡിൽ ‘ബാറ്റിൽ അറേ ഫോർമേഷൻ’ പ്രദർശിപ്പിക്കും. സൈനിക പ്രദർശനത്തിൽ സൈനികരുടെ പരേഡ്, ആധുനിക ആയുധ സംവിധാനങ്ങൾ, ഡ്രോണുകൾ, ടാങ്കുകൾ, മിസൈൽ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ളവ പ്രദർശിപ്പിക്കും. ഇന്ത്യൻ നാവികസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇതിൽ ഉൾപ്പെടും.

സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിൽ നിന്നുള്ള മൊത്തം 30 ടാബ്ലോകൾ കാർത്തവ്യ പഥിലൂടെ നീങ്ങും. ഇത് ഇന്ത്യയുടെ സംസ്ക‌ാരം, പൈതൃകം, നവീകരണം, സ്വയം പര്യാപ്‌തത എന്നിവ പ്രദർശിപ്പിക്കും. ഏകദേശം 2,500 കലാകാരന്മാർ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കും. യൂറോപ്യൻ കൗൺസിൽ പ്രസിഡൻന്റ് അന്റോണിയോ കോ‌യും യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലേയനുമാണ് 2026ലെ റിപബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികൾ. വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 പേർക്ക് പ്രത്യേക അതിഥികളായി പരേഡ് കാണാൻ അവസരമുണ്ട്. കർഷകർ, ശാസ്ത്രജ്‌ഞർ, സംരംഭകർ, വിദ്യാർഥികൾ, കായികതാരങ്ങൾ, വനിതാ സംഘാംഗങ്ങൾ, തൊഴിലാളികൾ, വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്‌താക്കൾ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു.

റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

എല്ലാ വായനക്കാർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ

Send your news and Advertisements

You may also like

error: Content is protected !!