തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് ക്ലൈമാക്സ് ഒരുങ്ങുന്നത്. വൈകിട്ട് 6 മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും.
140 മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടേയും അഭിമാനപോരാട്ടമാണ് നടക്കുന്നത്. ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നും വികസനം വോട്ടാകും എന്ന് എൽഡിഎഫ് പ്രതീക്ഷിക്കുമ്പോൾ, ഭരണവിരുദ്ധ വികാരം അധികാരത്തിലേക്ക് എത്തിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇത്തവണ കറുത്ത കുതിരകളാകും എന്നാണ് എൻ ഡി എ യുടെ കണക്ക് കൂട്ടൽ. മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ജനവിധി തേടുന്ന മണ്ഡലങ്ങളിൽ കൊട്ടിക്കലാശം കൂടുതൽ വർണ്ണാഭമാക്കാൻ പ്രവർത്തകർ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. കൊട്ടിക്കലാശത്തിനിടെ സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസ് എല്ലാ മണ്ഡലങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മിക്കയിടങ്ങളിലും വിവിധ പാർട്ടികൾക്ക് പ്രത്യേക സമയവും സ്ഥലവും അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും മുൻനിർത്തിയാണ് ഇടത് മുന്നണി ജനവിധി തേടുന്നത്. മറുവശത്ത് യുഡിഎഫ് ഭരണവിരുദ്ധ വികാരവും ജനകീയ വിഷയങ്ങളും സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ആയുധമാക്കുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുഡിഎഫിനായി സംസ്ഥാനത്തുടനീളം റോഡ് ഷോകളിൽ പങ്കെടുത്തു.
കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും അണിനിരത്തി വലിയ മുന്നേറ്റമാണ് എൻഡിഎ ഇത്തവണ കേരളത്തിൽ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെത്തി വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് ആവേശം പകർന്നിരുന്നു. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, കാട്ടാക്കട, ചാത്തന്നൂർ, പാലാ, പൂഞ്ഞാർ, തിരുവല്ല, കുന്നത്തുനാട്, തൃശൂർ, മഞ്ചേശ്വരം, പാലക്കാട്, കാസർകോട് പോലുള്ള മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരം ആണ് നടക്കുന്നത്. ഒന്‍പതാം തിയതി കേരളം വിധിയെഴുതും. അടുത്ത മാസം നാലുവരെ തിരഞ്ഞെടുപ്പ് ഫലത്തിനായി നീണ്ട കാത്തിരിപ്പ് വേണ്ടിവരും.

