ലണ്ടൻ: അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. കുടിയേറ്റക്കാർ യുകെ കയ്യടക്കുന്നുവെന്ന് ആരോപിച്ച് ലണ്ടനിൽ നടന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് മസ്ക് ‘ആക്രമണം അടുത്തെത്തി, ഒന്നുകിൽ നിങ്ങൾക്ക് പോരാടാം അല്ലെങ്കിൽ മരിക്കാം’ എന്നു പറഞ്ഞത്. ലണ്ടനിൽ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലണ്ടനിൽ പൗരന്മാരേക്കാൾ കുടിയേറ്റക്കാർക്കാണ് കോടതിയിൽ കൂടുതൽ പരിഗണനയെന്നു പറഞ്ഞ മസ്ക് യുകെ സർക്കാരിനെതിരെ കടുത്ത വിമർശനവും ഉയർത്തി. ചാർളി കിർക്കിന്റെ കൊലപാതകത്തെയും മസ്‌ക് പരാമർശിച്ചു.
“ഇപ്പോൾ സംഭവിക്കുന്നത് ബ്രിട്ടൻ്റെ നാശമാണ്. ആക്രമണം നിങ്ങളുടെ അടുത്തെത്തി. നിങ്ങൾക്ക് മറ്റു മാർഗങ്ങളില്ല. നിങ്ങൾ ആക്രമണം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, അത് നിങ്ങളുടെ അടുത്തേക്ക് വരും. ഒന്നുകിൽ പോരാടുക, അല്ലെങ്കിൽ മരിക്കുക. ബ്രിട്ടനിൽ ഒരു സർക്കാർ മാറ്റം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ഇനി നാലു വർഷം കൂടി സമയമില്ല, എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പാർലമെൻ്റ് പിരിച്ചുവിടുകയും തിരഞ്ഞെടുപ്പു നടത്തുകയും വേണം” മസ്‌ക് പറഞ്ഞു.
കുടിയേറ്റക്കാർ രാജ്യം കയ്യടക്കുന്നുവെന്ന് ആരോപിച്ച് നടന്ന റാലിയിൽ വൻ പ്രതിഷേധമാണ് ആളിക്കത്തിയത്. ഒന്നരലക്ഷത്തോളം ആളുകളാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ 26 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിവിധയിടങ്ങളിൽ നിന്നും ആളുകൾ പ്രതിഷേധറാലിയിൽ പങ്കെടുക്കാൻ തടിച്ചുകൂടി. യുണൈറ്റ് ദി കിങ്ഡം എന്ന പേരിലാണ് റാലി സംഘടിപ്പിച്ചത്.