തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ അപൂർവ ധാതു ഇടനാഴികൾ (Rare Earth Corridors) സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. കേരളം, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ തീരദേശ സംസ്ഥാനങ്ങളിലാണ് ഈ ഇടനാഴികൾ വരുന്നത്. അപൂർവ ധാതു ഇടനാഴിയെ പിന്തുണയ്ക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം ഈ മേഖലയിൽ കേരളം തുടങ്ങിവച്ച പ്രവർത്തനത്തിനു കരുത്താകും. ബജറ്റിനു 2 മാസം മുൻപു തന്നെ 7,000 കോടിയുടെ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. 1500 ടൺ ശേഷിയുള്ള 5 പ്ലാന്റുകൾ രാജ്യത്തു സ്ഥാപിക്കുന്നതിനുള്ള സബ്സിഡിയാണിത്. ബജറ്റിൽ പിന്തുണ ലഭിച്ചതോടെ ഈ പ്ലാന്റുകളിലൊന്നു കേരളത്തിനു നേടിയെടുക്കാനുമാകും.
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ സുലഭമായ അപൂർവ ധാതുക്കളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്താൻ സംസ്ഥാന ബജറ്റിലും സമാന പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി നടപ്പായാൽ രാജ്യത്തെ ഏറ്റവും വലിയ മാഗ്നറ്റിക് ഹബ്ബായി കേരളത്തെ മാറ്റാൻ കഴിയുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. ഖനനം, സംസ്കരണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക അപൂർവ ധാതു ഇടനാഴികൾ സ്ഥാപിക്കുന്നതിന് കേരളം, തമിഴ്നാട്, ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്കു പിന്തുണ നൽകുമെന്നാണ് ഇന്നലെ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിലുള്ളത്. രാജ്യാന്തര തുറമുഖമായ വിഴിഞ്ഞം– ചവറ– കൊച്ചിയെ ബന്ധിപ്പിക്കുന്ന അപൂർവ ധാതു ഇടനാഴി വികസിപ്പിക്കുന്നതിന് 1000 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം–ചവറ–കൊച്ചി അപൂർവ ധാതു ഇടനാഴിയാണു സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്.
ഈ രംഗത്ത് കുത്തകയുള്ള ചൈന, കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവന്നതു മുതൽ സ്വയംപര്യാപ്ത കൈവരിക്കാനുള്ള നീക്കം ഇന്ത്യ തുടങ്ങിവച്ചതാണ്. ഹരിതോർജ, പ്രതിരോധ മേഖലകളിൽ ഉപയോഗിക്കുന്ന പെർമനന്റ് മാഗ്നെറ്റിൻ്റെ നിക്ഷേപം രാജ്യത്തുണ്ടെങ്കിലും ചൈനയിൽ നിന്നു ലഭിച്ചുപോന്നതിനാൽ വേർതിരിച്ചെടുക്കാൻ ശ്രമിച്ചിരുന്നില്ല. എന്നാൽ, ചൈന നിയന്ത്രണം കൊണ്ടുവന്നതോടെ 2023 ൽ കേന്ദ്രസർക്കാർ ക്രിട്ടിക്കൽ മിനറൽ മിഷനു തുടക്കമിട്ടു. 2024-25 ലെ യൂണിയൻ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിക്ക് 2025 ജനുവരിയിൽ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. ലിഥിയം, കോബാൾട്ട്, നിക്കൽ തുടങ്ങിയ 30 സുപ്രധാന ധാതുക്കളുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുക, ഇറക്കുമതി കുറയ്ക്കുക, പുനരുപയോഗം (Recycling) പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. 2030-31 ഓടെ 1,200 ഓളം ആഭ്യന്തര പര്യവേക്ഷണ പദ്ധതികൾ പൂർത്തിയാക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ (GSI) ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളതീരത്തെ മണലിൽ സമൃദ്ധമായുള്ള തോറിയം (Thorium), സ്കാൻഡിയം (Scandium) തുടങ്ങിയ അപൂർവ ധാതുക്കൾ വെറുതെ ഖനനം ചെയ്ത് കടത്താതെ, അവ ഇവിടെത്തന്നെ സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള KMML, കെൽട്രോൺ എന്നിവയും കേന്ദ്രത്തിന്റെ നോൺ-ഫെറസ് മെറ്റീരിയൽസ് ടെക്നോളജി ഡെവലപ്‌മെന്റ് സെന്ററും (NFTDC) കൈകോർക്കുന്നു. ഇതിനായി കേരള ബജറ്റിൽ 100 കോടി രൂപ പ്രാഥമികമായി അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ഏകദേശം 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളും സർക്കാർ പ്രതീക്ഷിക്കുന്നു.
കേരളത്തിൽ ഇപ്പോൾ തന്നെ തീരമണലിൽനിന്നു കെഎംഎംഎൽ വേർതിരിച്ച ഒന്നേകാൽ ലക്ഷം ടൺ മോണസൈറ്റ് സൂക്ഷിച്ചിട്ടുണ്ട്. ഏതാണ്ടു 4000 കോടി രൂപ മൂല്യം വരും. തീരമണലിൽ നിന്ന് ഇൽമനൈറ്റ്, റൂട്ടൈൽ, സിലിമനൈറ്റ്, സിർകോൺ എന്നിവ വേർതിരിച്ച ശേഷം ബാക്കിവരുന്ന മണലിൽ 25% മോണോസൈറ്റ് ആണ്. ഇവയിൽ 60% അപൂർവ ധാതുക്കളാണ്. ഇവ ‘ക്രാക്ക്’ ചെയ്‌തു വേർതിരിച്ചെടുക്കാൻ കെഎംഎംഎൽ കേന്ദ്രാനുമതി തേടിയിരുന്നു. കയ്യിലുള്ള മോണോസൈറ്റ് ഇവിടെത്തന്നെ വേർതിരിക്കുകയും പ്ലാൻ്റും വ്യവസായവും ഇവിടെത്തന്നെ തുടങ്ങുകയും വേണമെന്ന ആവശ്യത്തിനു പുതിയ സാഹചര്യത്തിൽ കേന്ദ്രാനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.
ഇലക്ട്രിക് വാഹനങ്ങൾക്കും പ്രതിരോധ ഉപകരണങ്ങൾക്കും ആവശ്യമായ സ്ഥിര കാന്തങ്ങൾ നിർമ്മിക്കുന്ന രാജ്യത്തെ പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു, കൂടാതെ ബഹിരാകാശ ഗവേഷണം, പ്രതിരോധ മേഖല, വൈദ്യശാസ്ത്രം (സിടി സ്കാനറുകൾ പോലുള്ളവ), ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഈ ഇടനാഴിയിലൂടെ ലഭ്യമാകും.


