ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് എം.പി ശശി തരൂർ വീണ്ടും രംഗത്തെത്തി. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കങ്ങളിൽ ഇന്ത്യ പുലർത്തുന്ന “തന്ത്രപരമായ മൗനം” ഭീരുത്വമല്ലെന്നും, അത് ഉത്തരവാദിത്തമുള്ള നയതന്ത്രമാണെന്നും (Responsible Statecraft) അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാൻ വിഷയത്തിൽ മൗനം പാലിക്കുന്നു എന്ന കോൺഗ്രസ് പാർട്ടിയുടെ വിമർശനത്തിനിടെയാണ് തരൂരിന്റെ പ്രതികരണം.
കോൺഗ്രസ് എംപി മനീഷ് തിവാരിയും പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്ര സർക്കാരിനെ പ്രശംസിച്ചിരുന്നു. അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യ പുലർത്തുന്ന സംയമനം കീഴടങ്ങലല്ല, മറിച്ച് രാജ്യത്തിന്റെ കരുത്താണെന്ന് തരൂർ വ്യക്തമാക്കി. വെറും വാചകക്കസർത്തു കൊണ്ട് ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടില്ല. പശ്ചിമേഷ്യയിലെ സമാധാനം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക താൽപ്പര്യങ്ങൾക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തരൂരിന്റെ പ്രസ്‌താവനയ്ക്ക് മുമ്പ്, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കേന്ദ്ര സർക്കാരിനെയും സർക്കാരിന്റെ വിദേശനയത്തെയും ചോദ്യം ചെയ്‌തിരുന്നു. സർക്കാരിന്റെ നിലപാട് “നമ്മുടെ വിദേശനയത്തിൻ്റെ ദിശയെയും വിശ്വാസ്യതയെയും കുറിച്ച് ഗൗരവമായ സംശയങ്ങൾ ഉയർത്തുന്നു” എന്ന് സോണിയ പറഞ്ഞിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിന് വേണ്ടി എഴുതിയ ഒരു ലേഖനത്തിൽ, ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെ സംബന്ധിച്ച് കേന്ദ്രസർക്കാർ മൗനം പാലിക്കുന്നതിനെ സോണിയ ഗാന്ധി ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന്റെ മൗനം നിഷ്പക്ഷമല്ല, മറിച്ച് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് അവർ ആരോപിച്ചിരുന്നു.


