ബാങ്കോക്ക്: അതിർത്തി തർക്കങ്ങളെ തുടർന്ന് തായ്‌ലൻഡും കംബോഡിയയും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ മുതലാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ പരസ്പരം ആക്രമണം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. തായ്‌ലൻഡും കംബോഡിയയും തമ്മില്‍ ഏറെക്കാലമായി തര്‍ക്കത്തിലുള്ള സുരിന്‍ പ്രവിശ്യയിലെ താ മുന്‍ തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. ഇവിടേക്ക് കംബോഡിയ പീരങ്കി ആക്രമണവും റോക്കറ്റ് ആക്രമണവും നടത്തി. പിന്നാലെ തായ് സൈന്യം പ്രത്യാക്രമണം നടത്തി. ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചിട്ടുണ്ട്.
കംബോഡിയ മൂ പായിലെ തായ് സൈനിക കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയതോടെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് കംബോഡിയയില്‍ തായ് സൈന്യം ആക്രമണം നടത്തി. കംബോഡിയയുടെ പ്രവിശ്യകളിൽ തായ് സൈന്യം എഫ് 16 പോർവിമാനം ഉപയോഗിച്ചാണ് ബോംബാക്രമണം നടത്തിയത്. കംബോഡിയൻ സൈന്യം തായ്‌ലൻഡിലെ ഗ്യാസ് സ്‌റ്റേഷൻ ആക്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. സംഘർഷങ്ങളെ തുടർന്ന് കംബോഡിയയുമായുള്ള അതിർത്തി തായ്‌ലൻഡ് അടച്ചു. ഇതിനിടെ കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തിൽ ഒമ്പത് സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് തായ്‌ലൻഡ് പറയുന്നത്. 14 പേർക്ക് പരിക്കേറ്റതായും തായ് സൈന്യം വ്യക്തമാക്കി. കംബോഡിയ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്ന് തായ്‌ലൻഡ് കുറ്റപ്പെടുത്തി. കംബോഡിയയുടെ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് കംബോഡിയന്‍ സൈന്യം ആരോപിക്കുന്നത്.