Wednesday, April 8, 2026
Home » താൽക്കാലിക ആശ്വാസം; ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ

താൽക്കാലിക ആശ്വാസം; ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ

by Editor
Send your news and Advertisements

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ പ്രഖ്യാപിച്ച അന്ത്യശാസനത്തിന്റെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇറാനിൽ രണ്ടാഴ്ചത്തേക്ക് (14 ദിവസം) താത്കാലിക വെടിനിർത്തലിന് ധാരണയായി. ഹോർമൂസ് കടലിടുക്ക് (Strait of Hormuz) ഉടനടി പൂർണ്ണമായും സുരക്ഷിതമായും തുറന്നുകൊടുക്കുക എന്ന നിബന്ധനയിലാണ് ട്രംപ് ആക്രമണം നിർത്തിവെക്കാൻ തയ്യാറായത് എന്നാണ് സൂചന.

രണ്ടാഴ്ചത്തേക്ക് ഇറാനിൽ വെടിനിർത്തലിന് താൻ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് വിശദമാക്കി. ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ഞാൻ സമ്മതിക്കുന്നു എന്നാണ് അമേരിക്കൻ പ്രസിഡന്റ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കുമെന്നാണ് ട്രംപ് വിശദമാക്കുന്നത്. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. ഇറാനുമായി ഒരു ദീർഘകാല സമാധാന കരാർ ചർച്ചകളിൽ നല്ല പുരോഗതിയെന്നും ട്രംപ് പറഞ്ഞു.

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും ഉടനടിയും സുരക്ഷിതമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം എന്ന നിബന്ധനയിലാണ് ഈ തീരുമാനം എന്നും ട്രംപ് വ്യക്തമാക്കി. അദ്ദേഹം തന്നെ നിശ്ചയിച്ചിരുന്ന സമയപരിധിയായ രാത്രി 8 മണിക്ക് വെറും ഒരു മണിക്കൂർ മുമ്പാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ ഉണ്ടായ ഈ നീക്കം ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, സൈനിക മേധാവി ജനറൽ അസിം മുനീർ എന്നിവർ നടത്തിയ അവസാന നിമിഷത്തെ ചർച്ചകളാണ് വെടിനിർത്തലിന് വഴിയൊരുക്കിയത് എന്നാണ് സൂചന. നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകണമെന്ന് പാക്കിസ്ഥാൻ ട്രംപിനോട് അഭ്യർത്ഥിച്ചു.  യുഎസ് അന്ത്യശാസനം നീട്ടണമെന്നും പകരം ഇറാൻ ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്നുമുള്ള “ടു-ഫേസ്” (Two-phase) പദ്ധതി മുന്നോട്ടുവെച്ചത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമാധാന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും ഈ രണ്ടാഴ്ചത്തെ കാലയളവിനുള്ളിൽ അന്തിമ കരാറിൽ എത്താൻ കഴിയുമെന്നും അമേരിക്ക കരുതുന്നു എന്നാണ് റിപ്പോർട്ടുകൾ.

സൈനിക ആക്രമണം ഒഴിവാക്കാൻ ഇറാൻ ചില പ്രധാന നിബന്ധനകൾ അംഗീകരിച്ചിട്ടുണ്ട്, പക്ഷേ അന്തിമ കരാറിൽ എന്ത് സംഭവിക്കുമെന്ന് വരും ദിവസങ്ങളിലെ ചർച്ചകൾക്ക് ശേഷമേ അറിയാൻ കഴിയൂ. മുൻപ് ഉപാധികളില്ലാത്ത ചർച്ചകൾക്ക് തയ്യാറല്ലെന്ന് പറഞ്ഞിരുന്ന ഇറാൻ, ഇപ്പോൾ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് സമ്മതിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ചു എന്നത് അമേരിക്കയുടെ കടുത്ത സൈനിക ഭീഷണിക്ക് മുന്നിൽ തന്ത്രപരമായ ഒരു പിന്മാറ്റം ഇറാൻ നടത്തിയെന്നതിന്റെ സൂചനയാണ്. സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാറുകൾ നിലനിൽക്കെ ഇറാന്റെയും യുഎസിന്റെയും ഇടയിൽ സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് പാക്കിസ്ഥാനും വലിയ വെല്ലുവിളിയാണ്. ചർച്ചകൾ പരാജയപ്പെട്ടാൽ അത് പാക്കിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുകയും ഇരു രാജ്യങ്ങളുടെയും അതൃപ്തിക്ക് കാരണമാവുകയും ചെയ്യാം.

ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ഇസ്രായേലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സിഎൻഎന്നിനോട് സ്ഥിരീകരിച്ചത്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ട്രംപിന്റെ സമയപരിധി അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് ഈ വിവരം പുറത്തുവന്നത്. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലും തങ്ങളുടെ ബോംബാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സമ്മതിച്ചതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ട്രംപിന്റെ അന്ത്യശാസനത്തെ തള്ളി റഷ്യ; ഭീഷണികളെ ഭയപ്പെടുന്നില്ല എന്ന് ഇറാൻ; ആണവ ആക്രമണം ഉണ്ടാകില്ല എന്ന് വൈറ്റ് ഹൗസ്

 

You may also like

error: Content is protected !!