Monday, March 23, 2026
Home » രാഹുലിന് താത്കാലികാശ്വാസം: ഹൈക്കോടതി അറസ്റ്റ് തടഞ്ഞു; കേസ് 15-ന് പരിഗണിക്കും.
രാഹുൽ

രാഹുലിന് താത്കാലികാശ്വാസം: ഹൈക്കോടതി അറസ്റ്റ് തടഞ്ഞു; കേസ് 15-ന് പരിഗണിക്കും.

by Editor
Send your news and Advertisements

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടി. കേസ് ഡയറി ഹാജരാക്കണമെന്നും നിർദേശിച്ചു. ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുൽ ഹെെക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് ഹർജിയിൽ രാഹുൽ പറഞ്ഞിരിക്കുന്നത്. ആരോപണം ബലാൽസംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തിൽ തന്റെ പക്കൽ മതിയായ തെളിവുകളുണ്ട്. കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ് എന്നും ഹർജിയിൽ പറയുന്നു.

മറ്റൊരു യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ കേസില്‍ പൊലീസിന് എംഎല്‍എയെ അറസ്റ്റ് ചെയ്യാം. അതേസമയം രാഹുൽ ഇപ്പോഴും ഒളിവിലാണ്.

You may also like

error: Content is protected !!