ചെന്നൈ: തെലങ്കാന സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിലായി. യുവതിയെ കുത്തി കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് കടന്ന അർജുനെ ഇൻ്റർപോൾ നൽകിയ വിവരങ്ങൾ പ്രകാരമാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ വംശജയും അമേരിക്കയിലെ മെറിലാൻഡിൽ ഡാറ്റാ അനലിസ്റ്റുമായിരുന്ന 27കാരി നികിത റാവു ഗോദിശാലയുടെ കൊലപാതകത്തിലാണ് അർജുൻ ശർമ്മ അറസ്റ്റിലായത്. പ്രതിയെ വൈകാതെ തന്നെ യു.എസിന് കൈമാറും.
നികിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ യു.എസ് ഫെഡറൽ ഏജൻസികൾ അർജുൻ ശർമയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതി ഇന്ത്യയിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ ഇൻ്റർപോളിനും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കും വിവരങ്ങൾ കൈമാറി. തുടർന്നാണ് തമിഴ്‌നാട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
നികിതയുടെ മുൻ കാമുകനാണ് അർജുൻ ശർമ. ജനുവരി രണ്ടിനാണ് നികിതയെ കാണാനില്ലെന്ന് പറഞ്ഞ് അർജുൻ ശർമ ഹൊവാഡ് കൗണ്ടി പൊലീസിൽ പരാതി നൽകിയത്. പുതുവത്സരത്തലേന്നാണ് നികിതയെ അവസാനമായി കണ്ടതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ പരാതി നൽകിയതിൻ്റെ പിറ്റേ ദിവസം തന്നെ അർജുൻ ശർമ ഇന്ത്യയിലേക്ക് കടന്നു. ഇതോടെ സംശയം തോന്നിയ പോലീസ് മെരിലാൻഡ് ട്വിൻ ടവേഴ്‌സ് റോഡിലെ അർജുൻ്റെ അപ്പാർട്ട്‌മെന്റിൽ പരിശോധന നടത്തി. ജനുവരി മൂന്നാം തിയതി നടത്തിയ ഈ പരിശോധനയിലാണ് അപ്പാർട്ട്മെൻ്റിൽ കൊല്ലപ്പെട്ടനിലയിൽ നികിതയുടെ മൃതദേഹം കണ്ടെത്തിയത്.
ദേഹമാസകലം കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. തുടർന്നാണ് അർജുൻ ശർമയെ പിടികൂടാനായി യു.എസ് ഏജൻസികൾ ഇന്റർപോളിൻറെ സഹായം തേടിയത്. അതേസമയം എന്താണ് കൊലപാതകത്തിന്റെ കാരണമെന്നോ എങ്ങനെയാണ് കൃത്യം നടന്നതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഡിസംബർ 31-ന് രാത്രി 7 മണിക്ക് ശേഷമാണ് നികിത ഗോദിശാല കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്‍റെ നിഗമനം. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസിസി അറിയിച്ചു.



