സിഡ്നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരുടെ ഹനൂക്കോ ആഘോഷത്തിനിടെ ഞായറാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പ് ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചു. പ്രാദേശിക സമയം വൈകുന്നേരം 6.45 -ഓടെയാണ് വെടിവയ്പുണ്ടായത്. 16 പേർ കൊല്ലപ്പെടുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിൽ രണ്ട് ഭീകരവാദികളാണ് നിരപരാധികൾക്ക് നേരെ വെടിയുതിർത്തത്. അക്രമി 50 റൗണ്ടുകളിലേറെ വെടിയുതിർത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആയിരത്തിലേറെ ജൂതമത വിശ്വാസികളാണ് ഹനൂക്ക ആഘോഷത്തിനായി ബോണ്ടി ബീച്ചിൽ ഒത്തുകൂടിയത്.
ആക്രമണം നടത്തിയ ഭീകരവാദികളിൽ ഒരാളായ നവീദ് അക്രം (24) പാക്കിസ്ഥാൻകാരനാണെന്ന് തിരിച്ചറിഞ്ഞു. പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ നവീദ് അക്രം സിഡ്‌നിയിലെ അൽ-മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണെന്നും ഇയാൾ ഓസ്ട്രേലിയയിലെയും പാക്കിസ്ഥാനിലെയും സർവകലാശാലകളിൽ മുമ്പ് പഠിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി സിഡ്‌നിയിലെ ബോണിറിഗ്ഗ് സബർബിലുള്ള അക്രമിയുടെ വസതിയിൽ പൊലീസ് റെയ്‌ഡ് നടത്തി. ഇവിടെ നിന്ന് രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. അക്രമത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും ആരാണെന്നും കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയ്‌ഡ് നടത്തിയത്. ഇയാൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ചു നിൽക്കുന്നതിൻ്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യഹൂദരുടെ ഉത്സവമായ ഹനൂക്കോയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ആഘോഷത്തിനിടെയാണ് പ്രാദേശിക സമയം വൈകുന്നേരം 6:45 -ന് നവീദ് അക്രമും മറ്റൊരാളും ചേർന്ന് നിരപരാധികൾക്ക് നേരെ നിറയൊഴിച്ചത്. തുടർച്ചയായ വെടിവെപ്പിൽ പരിഭ്രാന്തരായ ആളുകൾ നിലവിളിക്കുകയും ഒളിക്കാൻ പരക്കം പായുകയും ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കാണാം. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പലർക്കും വെടിയേറ്റത്. ആക്രമണത്തിൽ പങ്കെടുത്ത ഒരാൾ സംഭവസ്ഥലത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു. മറ്റൊരാളെ പൊലീസിൻ്റെ വെടിയേറ്റ് പരിക്ക് പറ്റിയ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ബീച്ചിനടുത്ത് പാർക്ക് ചെയ്‌തിരുന്ന അക്രമികളുടെ കാറിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. അക്രമികളുടെ പശ്ചാത്തലവും കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുമാണ് പരിശോധിക്കുന്നത്.
നേരത്തെ ഓസ്ട്രേലിയയെ നടുക്കിയ വെടിവയ്പിൽ അക്രമികളിലൊരാളെ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഒരു മരത്തിന് പിന്നിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ആക്രമിയെ പിന്നിൽ നിന്ന് വെള്ള ടീ ഷർട്ട് ധരിച്ചെത്തിയ യുവാവ് കീഴടക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ആയുധ ധാരിയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ യുവാവ് യഥാർത്ഥ ധീരനെന്നാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ്റ്റഫർ ജോൺ മിൻസ് വിശേഷിപ്പിച്ചത്. 43 വയസ്സുള്ള അഹമ്മദ് അൽ അഹമ്മദ് എന്ന പഴക്കച്ചവടക്കാരനാണ് അക്രമിയെ നേരിട്ടതെന്ന് തിരിച്ചറിഞ്ഞു. പ്രധാനമന്ത്രി ആന്റണി അൽബനീസും അഹമ്മദിനെ ഹീറോ എന്ന് വിശേഷിപ്പിച്ചു.



