ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയെ ഹരം കൊള്ളിക്കാനായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അവരുടെ ആദ്യ ഇലക്‌ട്രിക് എസ്‌യുവി മാരുതി സുസുക്കി ഇ വിറ്റാര സെപ്റ്റംബറിൽ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. പുതിയ വിവരങ്ങൾ അനുസരിച്ച് സെപ്റ്റംബർ മൂന്നാം തിയതി ഇ-വിത്താര വിപണിയിൽ അവതരിപ്പിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാരുതി സുസുക്കി ഇലക്ട്രിക് വാഹനങ്ങൾക്കായി വികസിപ്പിച്ചിട്ടുള്ള ഹാർടെക്ട്-ഇ പ്ലാറ്റ്ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളിൽ ഇ-വിത്താര വിപണിയിൽ എത്തും. ഒറ്റത്തവണ ചാർജിൽ 500 കിലോമീറ്ററിൽ അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എൽഎഫ്‌പി (ലിഥിയം അയേൺ ഫോസ്ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്. അതേസമയം, യുകെയിൽ പ്രദർശിപ്പിച്ച ഇ-വിത്താരയ്ക്ക് 426 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷൻ ഇ-വിത്താരയിൽ 144 ബിഎച്ച്പി പവറും 189 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് നൽകുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റ്റിൽ 174 ബിഎച്ച്‌പി പവറും 189 എൻഎം ടോർക്കുമേകുന്ന മോട്ടോറും കരുത്തേകുന്നു. ഇ-വിത്തരായുടെ ഓൾ വീൽ ഡ്രൈവ് മോഡലിൽ സുസുക്കിയുടെ ഇ-ഓൾഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൻ്റെ റിയർ ആക്‌സിലിലും 65 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന മോട്ടോർ നൽകുന്നുണ്ട്. ഈ ഇരട്ട മോട്ടോർ മോഡൽ 184 ബിഎച്ച്പി പവറും 300 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
പ്രൊജക്ഷൻ ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, പൊസിഷൻ ലൈറ്റ്, ഗ്ലാസ് ആവരണത്തിലുള്ള ലോഗോ, ഫൈബർ ക്ലാസിങ്ങിൽ തീർത്തിരിക്കുന്ന ബമ്പർ, മൂടിക്കെട്ടിയ ഗ്രില്ല്, വലിയ എയർഡാം, ഫോഗ്ലാമ്പ്, 18 ഇഞ്ച് എയറോ ഡൈനാമിക് വീലുകൾ, ഫെൻഡറിൽ നൽകിയിട്ടുള്ള ചാർജിങ് സ്ലോട്ട്, ബ്ലാക്ക് വീൽ ആർച്ച്, 360 ഡിഗ്രി ക്യാമറ നൽകിയിട്ടുള്ള റിയർവ്യൂ മിറർ, സി-പില്ലറിൽ നൽകിയിട്ടുള്ള റിയർ ഡോർ ഹാൻഡിൽ, എൽഇഡി സ്ട്രിപ്പിൽ കണക്ട് ചെയ്ത ടെയ്ൽലാമ്പ്, എന്നിവയാണ് ഡിസൈൻ സവിശേഷതകൾ.
എതിരാളികളുടെ നീണ്ടനിരയോടാണ് മാരുതി സുസുക്കി ഇ-വിത്താരയ്ക്ക് ഇന്ത്യയിൽ മത്സരിക്കേണ്ടി വരിക. ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര ബിഇ 6, ടാറ്റ കർവ് ഇവി, എംജി ഇസഡ് എസ് ഇവി തുടങ്ങിയ വാഹനങ്ങളാണ് ഇ-വിത്താരയുടെ എതിർ സ്ഥാനത്തുള്ളത്. 2025 ആദ്യം നടന്ന ഭാരത് മൊബിലിറ്റി എക്‌സ്പോയിലാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡൽ പുറത്തിറക്കിയത്.