Wednesday, October 15, 2025
Mantis Partners Sydney
Home » വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി
സുപ്രീംകോടതി

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി

by Editor

ന്യൂഡൽഹി: വഖഫ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. ചില വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വഖഫ് സമർപ്പിക്കുന്നയാൾ ഇസ്ലാം മതം അഞ്ച് വര്‍ഷമായി പിന്തുടരുന്നയാൾ ആയിരിക്കണം എന്ന ഭേദഗതിയിലെ വ്യവസ്ഥ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ നിയമങ്ങൾ രൂപീകരിക്കുന്നതുവരെയാണ് കോടതി സ്റ്റേ നൽകിയത്.

മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആക്കാം. ബോർഡുകളിൽ അമുസ്ലിം അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള വ്യവസ്ഥ ഏറെ വിവാദമായിരുന്നു. എന്നാൽ ഇത് സ്റ്റേ ചെയ്യാൻ കോടതി തയാറായില്ല. അതേസമയം കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലും സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നും അമുസ്ലിമുകളിൽ കൂടുതൽപേർ പാടില്ലെന്നു കോടതി നിരീക്ഷിച്ചു. അതേസമയം ബോര്‍ഡിലെ എക്സ്-ഒഫീഷ്യോ അംഗം മുസ്ലീം ആയിരിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.

സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലാണ് മറ്റൊരു ഇടപെടല്‍. ഒരു എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും ഇത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണാണ് കോടതി ഇത് സ്റ്റേ ചെയ്തിരിക്കുന്നത്.

നിയമ ഭേദഗതിയുടെ സെക്ഷൻ 3സി പ്രകാരം തർക്ക പ്രദേശങ്ങളിൽ കലക്ടർ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാൽ അതുടൻ വഖഫ് ഭൂമി അല്ലാതാവും എന്ന വ്യവസ്ഥയും സുപ്രീംകോടതി സ്റ്റേ ചെയ്തു. അതേസമയം ഭേദഗതിയുടെ മുഴുവൻ വ്യവസ്ഥകളും സ്റ്റേ ചെയ്യാൻ കോടതി തയാറായില്ല. തങ്ങളുടെ നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ മാത്രമുള്ളതാണെന്നും നിയമത്തിൻ്റെ സാധുതയെ ചോദ്യം ചെയ്ത് കക്ഷികൾക്ക് കൂടുതൽ വാദങ്ങൾ ഉന്നയിക്കുന്നതിന് ഇത് തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വഖഫ് ഭേദഗതി നിയമം ലോക്‌സഭയിൽ ഏപ്രിൽ മൂന്നിനും രാജ്യസഭയിൽ ഏപ്രിൽ നാലിനും പാസാക്കിയിരുന്നു. ഭേദഗതി നിയമത്തിന് ഏപ്രിൽ 5-ന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിക്കുകയുണ്ടായി. ഭേദഗതിയുടെ സാധുതയെ ചോദ്യം ചെയ്‌തുകൊണ്ട് കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി എന്നിവരുൾപ്പെടെ സുപ്രീം കോടതിയിൽ ഒരു കൂട്ടം ഹർജികൾ ഫയൽ ചെയ്തിരുന്നു. ഭേദഗതികൾ മുസ്ലിം മതസ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് ലക്ഷ്യം വെക്കുന്നെന്നും, സ്വന്തം മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശത്തിൽ ഇടപെടുന്നുവെന്നുമാണ് ഹർജിക്കാർ വാദിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!