ഖൈബർ പഖ്തുൻഖ്വ: പാക്കിസ്ഥാനിൽ വിവാഹ ആഘോഷം നടന്നിരുന്ന വീട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ സമാധാന സമിതി അംഗം നൂർ ആലം മെഹ്സൂദിന്റെ വീട്ടിലാണ് ചാവേർ ബോംബ് സ്ഫോടനം നടന്നത്. അതിഥികൾ നൃത്തം ചെയ്തുകൊണ്ടിരിക്കെയാണ് സ്ഫോടനം നടന്നത്. വീട് തകർന്ന് മേൽക്കൂര നിലംപൊത്തിയെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്.
സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 7 മൃതദേഹങ്ങളും പരിക്കേറ്റ 25 പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സമാധാന സമിതി നേതാവ് വഹീദുള്ള മെഹ്സൂദ് എന്ന ജിഗ്രി മെഹ്‌സൂദും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു. ഈ മേഖലയിൽ ഈ മാസം ആദ്യം നടന്ന മറ്റൊരു ആക്രമണത്തിൽ സമാധാന സമിതിയിലെ നാല് അംഗങ്ങളെ ആയുധധാരികളായ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. അതിനും മുൻപ് നവംബറിൽ സമാധാന സമിതി ഓഫീസ് ആക്രമിച്ച് ഏഴ് പേരെ അക്രമി സംഘം വധിച്ചിരുന്നു.



