കവി, ഗാനരചയിതാവ്, നോവലിസ്റ്റ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് ….. ശ്രീകുമാരൻ തമ്പി സാറിന്റെ ജന്മദിനമണിന്ന്…
ഛായാഗ്രഹണവും, ഗാനാലാപനവും ഒഴിച്ച് സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും കൈയ്യൊപ്പുചാർത്തിയ പ്രതിഭാധനൻ. മൂവായിരത്തിൽപ്പരം സിനിമാ ഗാനങ്ങൾ! എൺപതോളം ചിത്രങ്ങൾക്ക് തിരക്കഥ. 30 ചലച്ചിത്രങ്ങളുടെ സംവിധാനവും, 22 ചലച്ചിത്രങ്ങളുടെ നിർമ്മാണവും. ചലച്ചിത്രങ്ങൾക്കു പുറമേ ടെലിവിഷൻ പരമ്പരകൾക്കും സംഗീത ആൽബങ്ങൾക്കുമായും നിരവധി ഗാനങ്ങൾ!
പി. ഭാസ്കരൻ, വയലാർ, ഒ.എൻ.വി ഈ ത്രിമൂർത്തികൾ, മലയാള ചലച്ചിത്രഗാനരചനയിൽ “കളംനിറഞ്ഞ്” നില്ക്കുമ്പോഴാണ് അവിടെ തമ്പി സർ ഒരു ഇടം കണ്ടെത്തുന്നത്. 1969 -ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ആരംഭിക്കുമ്പോൾ 69-ൽ വയലാറും (നദി) 70-ൽ പി.ഭാസ്ക്കരനും (സ്ത്രീ) മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയപ്പോൾ കുറുപ്പു സർ ന് മുൻപേ 71-ൽ അത് തമ്പി സാറിനെത്തേടിയെത്തി. വിലക്കു വാങ്ങിയ വീണ എന്ന ചിത്രത്തിലൂടെ സുഖമെവിടെ ദുഃഖമെവിടെ എന്ന ഗാനത്തിന്.
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ… ‘
വൈക്കത്തഷ്ടമി നാളിൽ ഞാനൊരു
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…
പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണു..
സന്ധ്യക്കെന്തിനു സിന്ദൂരം….
എത്ര ചിരിച്ചാലും ചിരി തീരുമോ ..
മംഗളം നേരുന്നു ഞാൻ മനസ്വിനി…
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി…
ആ നിമിഷത്തിൻ്റെ നിർവൃതിയിൽ….
കസ്തൂരി മണക്കുന്നല്ലോ കാറ്റേ….
പാടാത്ത വീണയും പാടും….
നിൻ മണിയറയിലെ നിർമ്മലശയ്യയിലെ
തുടങ്ങി….
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പവും.
പ്രണയം, ഭക്തി, ഹാസ്യം, ആക്ഷേപഹാസ്യം, ദാർശനികഭാവം! എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള നിരവധി നിരവധി ഗാനങ്ങളിലുടെ മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയ തമ്പി സർ
അയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്…..
നാലുകാലുള്ളോരു നങ്ങേലിപ്പെണ്ണിനെ…,
തുറുപ്പുഗുലാൻ ഇറക്കിവിടെന്റെ ചേട്ടാ
തുടങ്ങിയവയെഴുതി ഹാസ്യ ഗാനങ്ങളും തനിക്ക് വഴങ്ങുമെന്നു തെളിയിച്ചു.
ഉഷസ്സിലുണരൂ ഉഷസന്ധ്യയായ്….
സ്വർഗ്ഗനന്ദിനീ സ്വപ്നവിഹാരിണീ
ഇഷ്ടദേവതേ സരസ്വതീ’..
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു….
ശരണം ശരണേ ശരണം പൊന്നയ്യപ്പാ
ഇരുമുടിക്കെട്ടമേന്തി പടിയിറങ്ങുമ്പോൾ –
നെഞ്ചിൽ വിരിയുന്നു ഭക്തിയുടെ:
സത്യനായകാ ! മുക്തിദായകാ
എന്നിങ്ങനെയുള്ള നിരവധി ഭക്തിഗാനങ്ങളും നമുക്കു സമ്മാനിച്ചു.
ഒപ്പം
സ്വന്തമെന്ന പദത്തിനെന്തർത്ഥം?
ബന്ധമെന്ന പദത്തിനെന്തർത്ഥം?
ബന്ധങ്ങൾ സ്വപ്നങ്ങൾ ജലരേഖകൾ..
എന്ന ദാർശനികഭാവം കലർന്ന ഗാനവും…’
ജന്മദേശമായ ഹരിപ്പാടും ചുറ്റുവട്ടങ്ങളും ഒപ്പം ഓണാട്ടുകരയുടെ സംസ്കാരവും തന്റെ പാട്ടുകളിൽ സന്നിവേശിപ്പിച്ച പ്രിയപ്പെട്ട എഴുത്തുകാരൻ.
ചെട്ടികുളങ്ങര ഭരണി നാളിൽ..
മനസ്സിൽ പടനിലത്ത് ഓച്ചിറക്കളി തുടങ്ങീ; ഹരിപ്പാട്ടാറാട്ടിന് ആനക്കൊട്ടിലിൽ നിന്നെ കണ്ടു.,
ആലപ്പുഴപ്പട്ടണത്തിൽ…
അശ്വതി ഉത്സവത്തേരു കണ്ട്
ആനക്കൊട്ടിലിൽ നില്ക്കുമ്പോൾ:.
പായിപ്പാട്ടാറ്റിൽ വള്ളംകളി,
അമ്പലപ്പുഴക്കാർതൻ നാദസ്വര ലഹരീ.. തുടങ്ങി ചെട്ടികുളങ്ങരയും, ഓച്ചിറയും, മണ്ണാറശാലയും അമ്പലപ്പുഴയും കുട്ടനാടും എല്ലാം എല്ലാം തന്റെ രചനയിലൂടെ ദേശപ്പെരുമ വരച്ചുകാട്ടിയ ഓണാട്ടുകരയുടെ പ്രിയപ്പെട്ടവൻ.
ഉത്തരാസ്വയംവരം കഥകളി കാണുവാൻ എന്ന ഗാനത്തിലൂടെ കഥകളിയിലെ പ്രഗത്ഭരെയും അവതരിപ്പിച്ചു…
ഇരയിമ്മൻ തമ്പി, കുടമാളൂർ കരുണാകരൻ നായർ, മാങ്കുളം, ഗരു ചെങ്ങന്നൂർ രാമൻപിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, വാരണാസി തുടങ്ങിയവർ
“ഈ പ്രദക്ഷിണവീഥികൾ ഇടറി വിണ്ട പാതകൾ
എന്നും ഹൃദയസംഗമത്തിൽ ശീവേലികൾ തൊഴുതു
കണ്ണുകളാലർച്ചന, മൗനങ്ങളാൽ കീർത്തനം
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ “
മലയാളഭാഷയുടെ മാദകഭംഗി മന്ദഹാസത്തിലൂടെ വിരിയിച്ച തമ്പി സർ. അങ്ങ് ഞങ്ങളുടെ അഭിമാനം. ആരുടെ മുന്നിലും, സന്ധിചെയ്യാതെ സ്വന്തം ആദർശങ്ങളെ മുറുകെപ്പിടിച്ച് തലയുയർത്തി നില്ക്കുന്ന ആ നില്പ് ! അതിന് ഒരു ബിഗ് സല്യൂട്ടും… ആശംസകൾ ….!
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ


