മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. കേരളത്തിൽ ശ്രീകൃഷ്ണജയന്തി കണക്കാക്കുന്നത് മലയാളമാസമായ ചിങ്ങമാസത്തിൽ കറുത്ത പക്ഷ അഷ്ടമി അർധരാത്രിക്കു വരുന്ന ദിവസം എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഏതു ദിവസം സന്ധ്യ കഴിഞ്ഞുള്ള അർധരാത്രിസമയത്താണു അഷ്ടമി വരുന്നത് ആ ദിവസം ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കുന്നു.
ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ വിവിധ പേരുകളിലും അറിയപ്പെടുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണന്റെ ബാലലീലകൾ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ ശോഭായാത്രകളിൽ നിറയും.
ജന്മാഷ്ടമി ദിനമായ സെപ്തംബർ 14 -ന് ബാലഗോകുലം കേരളത്തില്‍ 11,500 ശോഭായാത്രകള്‍ സംഘടിപ്പിക്കും. ശോഭായാത്രകളില്‍ അഞ്ചുലക്ഷം കുട്ടികള്‍ പങ്കെടുക്കും. രണ്ടരലക്ഷം കുട്ടികള്‍ കൃഷ്ണവേഷം കെട്ടും. ‘ ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ ‘ എന്നതാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊച്ചി, കൊല്ലം, കോട്ടയം, ഗുരുവായൂർ, ആറന്മുള തുടങ്ങിയ സ്ഥലങ്ങളിൽ വിപുലമായ ശോഭായാത്ര സംഗമങ്ങളും നടക്കും. ഗോപൂജ, ഗോപികാനൃത്തം, ചിത്രരചന, വൃക്ഷപൂജ, സാംസ്‌കാരികസംഗമങ്ങൾ, ഉറിയടി തുടങ്ങി വ്യത്യസ്തമായ പരിപാടികളും സംസ്ഥാന വ്യാപകമായി നടക്കും.