മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ ഹിന്ദുക്ഷേത്രത്തെ വിദ്വേഷ ചുമരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയ നിലയിൽ. മെൽബണിലെ കിഴക്കൻ പ്രാന്തപ്രദേശമായ ബൊറോണിയയിൽ, വാധേഴ്‌സ്റ്റ് ഡ്രൈവിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൽ ജൂലൈ 21 നാണ് സംഭവം. ചുവന്ന പെയിന്റ് കൊണ്ട് “Go Home Brown C**t.” എന്ന വിദ്വേഷകരവും അധിക്ഷേപകരവുമായ വാക്കുകൾ ഉപയോഗിച്ച് ക്ഷേത്രം നശിപ്പിക്കപ്പെട്ടത് ഭക്തരെയും ക്ഷേത്ര ഭാരവാഹികളെയും ഒരുപോലെ ഞെട്ടിച്ചുവെന്ന് ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയയുടെ പ്രസിഡൻ്റ് മക്രന്ദ് ഭഗവത് പ്രസ്‌താവനയിൽ പറഞ്ഞു. സമീപത്തുള്ള രണ്ട് ഏഷ്യൻ റെസ്റ്റോറന്റുകളിലും ഇതേ സന്ദേശം പ്രത്യക്ഷപ്പെട്ടു.
മെൽബണിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും വിശ്വാസികൾ എത്തുന്ന ക്ഷേത്രത്തിൽ ദൈനംദിന പ്രാർത്ഥനകൾ, സാംസ്‌കാരിക ഉത്സവങ്ങൾ, അന്നദാനം എന്നിവ നടത്താറുണ്ട്. വിക്ടോറിയയുടെ പ്രധാനമന്ത്രി ജസീന്ത അലൻ സംഭവത്തെ അപലപിച്ചു. അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണിതെന്ന് അവർ പറഞ്ഞു.
വിക്ടോറിയ പോലീസ് വിഷയം ഗൗരവമായി കാണണമെന്ന് ജസീന്ത അലൻ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയുടെ സാംസ്‌കാരിക കാര്യ മന്ത്രി ഉടൻ തന്നെ ശ്രീ സ്വാമിനാരായണ ക്ഷേത്രം സന്ദർശിച്ച് സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്യുമെന്നും ഭക്തരുടെ പരാതികൾ നേരിട്ട് കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഓസ്ട്രേലിയൻ പോലീസ് പറഞ്ഞു.