വളരെ വർഷങ്ങൾക്കു ശേഷമാണ് സ്വന്തം ജന്മസ്ഥലമായ ഈ ഗ്രാമത്തിലേക്ക് വരുന്നത്. മക്കളും കൊച്ചു മക്കളുമൊക്കെയായി യുഎസിൽ വിശ്രമജീവിതം നയിക്കുമ്പോഴും അവസാനമായി ഒരിക്കൽ കൂടി നാട്ടിൽ വരണമെന്ന് ആശിച്ചിരുന്നു. നാട്ടിലെ സ്വത്തുക്കൾ മകളുടെ പേരിലേക്ക് മാറ്റുക എന്ന ഉദ്ദേശം കൂടി ഉള്ളതിനാലാണ് ഇപ്പോൾ ഈ യാത്രയ്ക്ക് മകൾ സമ്മതിച്ചത്. നടക്കുവാൻ വലിയ ബുദ്ധിമുട്ടില്ലെങ്കിലും യാത്ര കൂടുതൽ സുഗമമാക്കാൻ എയർപോർട്ടിൽ വീൽചെയർ എടുക്കണം എന്ന് പറഞ്ഞ് നിർബന്ധിച്ചതും അവളാണ്. കൂടെ വരാൻ അവൾക്ക് ഒരിക്കലും ലീവ് കിട്ടില്ലല്ലോ…
മകൾ പറഞ്ഞതനുസരിച്ച് എന്നെ സ്വീകരിക്കുവാൻ മരുമകന്റെ കൂട്ടുകാരൻ ബേബിച്ചനെ ഏർപ്പാടു ചെയ്തിരുന്നു. എയർപോർട്ടിൽ നിന്നും ബേബിച്ചനോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ നാടിന്റെ വളർച്ച ഞാൻ നോക്കിക്കാണുകയായിരുന്നു. ബഹുനില കെട്ടിടങ്ങളും അതിനോട് കിടപിടിക്കുന്ന വലിയ മനോഹരമായ വീടുകളും നാലുവരിപ്പാതകളും കണ്ട് നാടിന്റെ വികസനം ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. പക്ഷേ ഹൈവേയിൽ നിന്നും നാട്ടുപാതയിലേക്ക് കേറിയപ്പോൾത്തന്നെ ഞാൻ എന്റെ പഴയ നാട്ടിൽ തന്നെയാണ് തിരിച്ചെത്തിയതെന്ന് മനസ്സിലായി. നിറയെ കുണ്ടും കുഴിയുമായി ഒട്ടും സഞ്ചാരയോഗ്യമല്ലാത്ത വഴികൾക്ക് ഇന്നും വലിയ വ്യത്യാസമൊന്നുമില്ല.
വീട്ടിലേക്ക് തിരിയുന്ന നാൽക്കവലയിലെ മാറ്റം കണ്ട് എനിക്ക് അത്ഭുതം തോന്നി. പണ്ട് ഹോട്ടൽ, തുണിക്കട, പലചരക്കു കട, ബാർബർ ഷോപ്പ് തുടങ്ങി എല്ലാ തരത്തിലുമുള്ള പത്ത് പതിനഞ്ച് സ്ഥാപനങ്ങൾ ആ സ്ഥലത്ത് ഉണ്ടായിരുന്നു. ഇപ്പോൾ അവിടം ഒരു ചെറിയ ടൗൺഷിപ്പ് ആയിട്ടുണ്ടാകും എന്നാണ് ഞാൻ കരുതിയത്. എന്നാൽ എന്നെ നിരാശപ്പെടുത്തിക്കൊണ്ട് ഇപ്പോൾ അവിടെ നാലോ അഞ്ചോ കടകൾ മാത്രം. അതും വളരെ പഴക്കം ചെന്നവ.
“അരക്കിലോമീറ്റർ മാറി പള്ളിയുടെ സമീപമാണ് ഇപ്പോൾ കടകളെല്ലാം. അവിടമാണ് ഇപ്പോൾ ഒരു ചെറിയ ടൗൺഷിപ്പ് ആയി മാറിക്കൊണ്ടിരിക്കുന്നത്.” എന്റെ സംശയത്തിന് ബേബിച്ചൻ മറുപടി നൽകി.
കാലം ചെല്ലുമ്പോൾ ചെറിയ നാട്ടുചന്തകൾ ടൗൺഷിപ്പുകൾ ആകുന്നതുപോലെതന്നെ ചില നാട്ടുചന്തകൾ ഇല്ലാതെയുമാകാമെന്നത് എനിക്ക് പുതിയ അറിവായിരുന്നു.
ആ ഗ്രാമ വഴിയിലൂടെ പോകുമ്പോൾ ഒരു ഭാഗത്ത് കുറേയേറെ വീടുകൾ അടുത്തടുത്ത് പണിതിരിക്കുന്നു. അധികം പഴക്കമില്ലാത്ത ചെറിയ വീടുകൾ. ഞാൻ ചോദിക്കുന്നതിനു മുൻപേ ബേബിച്ചൻ പറഞ്ഞു:
“ഇത് സർക്കാറിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം പണിതുകൊടുത്ത വീടുകളാണ്.”
“പട്ടത്തിപ്പറമ്പ് എന്ന് വിളിച്ചിരുന്ന സ്ഥലം അല്ലായിരുന്നോ ഇത്?”
“അതെ. ഈ പറമ്പ് മുഴുവൻ കാടുകയറി കിടക്കുകയായിരുന്നു. പലരും പല ഭാഗവും കയ്യേറുകയും ചെയ്തിരുന്നു. പിന്നീട് ഗവൺമെന്റ് ഏറ്റെടുത്തതാണ്.” ബേബിച്ചൻ വിശദീകരിച്ചു.
“എന്റെ ഓർമ്മയിൽ ഈ സ്ഥലം നിറയെ വിവിധ തരത്തിലുള്ള മരങ്ങൾ ഉണ്ടായിരുന്നു. കരിങ്ങാട്ട, പുന്ന, ഒതളം, പൂവരശ്, മരോട്ടി തുടങ്ങി പേരറിയാത്ത കുറെയേറെ ഔഷധ സസ്യങ്ങളും അവിടെ വളർന്നിരുന്നു. നടുവിലായി പഴക്കം ചെന്ന ഒരു നാല്കെട്ടിന്റെ ഭാഗങ്ങളും.”
“അവിടെ താമസിച്ചിരുന്ന ആളുകളെ ചെറുപ്പത്തിൽ അച്ചായൻ കണ്ടിട്ടുണ്ടോ?”
ബേബിച്ചൻ കൗതുകപൂർവ്വം ചോദിച്ചു.
“എനിക്ക് വളരെ ചെറിയ ഓർമ്മ മാത്രമേ ഉള്ളൂ. എന്നാൽ ആ വീടിനെപ്പറ്റി വളരെയേറെ കഥകൾ ഞാൻ കേട്ടിരുന്നു. എല്ലാം സത്യമാണോ എന്നൊന്നുമറിയില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട പട്ടന്മാർ ആയിരുന്നു അവിടെ താമസിച്ചിരുന്നത്. അവരിലൊരാൾക്ക് അതിസുന്ദരിയായ ഒരു മകൾ ഉണ്ടായിരുന്നു. പേര് കനകമ്മാൾ. അവൾ അടുത്തുള്ള നസ്രാണി പയ്യനുമായി പ്രണയത്തിലായി. അതറിഞ്ഞ വീട്ടുകാർ കോപാകുലരായി. അടുത്തു താമസിച്ചിരുന്ന തങ്ങളുടെ അടിയാന്മാരെ ക്കൊണ്ട്, വലിയ പാലത്തിന് സമീപമുള്ള മുക്രാഞ്ചൻ കയത്തിൽ അയാളെ കൊന്നു താഴ്ത്തി. ശവം പൊങ്ങിയപ്പോൾ, അവിടെ കുളിക്കാൻ ഇറങ്ങി മുങ്ങി മരിച്ചതാണെന്ന് അവർ പറഞ്ഞു പരത്തി. നാട്ടുകാർ സംശയത്തോടെ അവരെ കാണാൻ തുടങ്ങിയതോടെ അവർ കുടുംബസമേതം തമിഴ്നാട്ടിലേക്ക് താമസം മാറ്റി.
കുറെ വർഷങ്ങൾക്കു ശേഷം മദ്ധ്യവയസ്സു കഴിഞ്ഞ കനകമ്മാളും ഒരു അമ്മാവനും കൂടി ഇവിടെ വന്നു താമസമാക്കി. ആരുമായും അടുപ്പം സൂക്ഷിക്കാതെയാണ് അവർ കഴിഞ്ഞിരുന്നത്. കുറെ കാലങ്ങൾക്ക് ശേഷം ഒരു തീർത്ഥയാത്രയ്ക്ക് പോയ അമ്മാവൻ പിന്നീട് തിരിച്ചെത്തിയില്ല. രണ്ട് നായ്ക്കളെയും കുറേയേറെ പൂച്ചകളെയും വളർത്തി കനകമ്മാൾ എന്ന ‘പട്ടത്തി’ ജീവിതകാലം മുഴുവൻ ഇവിടെത്തന്നെ ഒറ്റയ്ക്കു താമസിച്ചു.
അവരുടെ മരണശേഷം ഒന്നോ രണ്ടോ പ്രാവശ്യം ബന്ധുക്കൾ ഇവിടെ വന്നു പോയി. പിന്നീട് നായ്ക്കളും പൂച്ചകളും മാത്രമായി ‘പട്ടത്തിപ്പറമ്പി’ലെ അന്തേവാസികൾ. അവർ ആരെയും അങ്ങോട്ട് അടുപ്പിച്ചില്ല. രാത്രിയിൽ ചിലർ കനകമ്മാളെ അവിടെ കണ്ടെന്നും വെട്ടിത്തിളങ്ങുന്ന കണ്ണുകളുള്ള കറുത്ത രണ്ടു പൂച്ചകൾ അവരുടെ കൂടെയുണ്ടെന്നും ഒക്കെ കഥകൾ പ്രചരിച്ചു. കാലക്രമേണ നായ്ക്കളും പൂച്ചകളും അവിടെ നിന്നും അപ്രത്യക്ഷരായി. അതോടെ വീടിന്റെ പല ഭാഗങ്ങളും പലപ്പോഴായി കാണാതെയായി. ഭാഗികമായി ഇടിഞ്ഞുവീണ ആ വീടിന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.”
“ഈ കഥ ഞാൻ കേട്ടിട്ടില്ല. കൊള്ളാമല്ലോ” ബേബിച്ചൻ പറഞ്ഞു.
കഥ പറഞ്ഞു തീർന്നപ്പോഴേക്കും ഞങ്ങൾ വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. നേരത്തെ വിളിച്ചു പറഞ്ഞിരുന്നതു കൊണ്ട് വീടും പരിസരവും വൃത്തിയാക്കിയിട്ടുണ്ട്.
ഓരോ മുറിയിലും കയറിയപ്പോൾ വിഭിന്ന വികാരങ്ങൾ എന്നിൽ അലയടിച്ചു. ആ മുറികളുമായി ബന്ധപ്പെട്ട ഓരോ ജീവിതാവസ്ഥകളുടെയും ഓർമ്മകൾ എന്നിലൂടെ കടന്നുപോയി. ശിരസ്സിലെ പ്രകമ്പനങ്ങൾ ശരീരമാകെ വ്യാപിക്കുന്നതായി തോന്നി. മനസ്സ് ആകെ പ്രഷുപ്തമായി. ശരീരം തളരുന്നത് പോലെ…
അപ്പൻ പണ്ട് ഇരുന്നിരുന്ന, ഇപ്പോഴും വലിയ കേടുപാടുകൾ ഒന്നും ഇല്ലാത്ത, ചാരുകസേരയിൽ ഞാനിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലേക്ക് എത്തിയതു പോലെ എനിക്ക് തോന്നി. കൊച്ചുമക്കൾ പറയുന്നത് പോലെ ടൈം ട്രാവൽ ചെയ്തതു പോലെ.
ഇവിടെ താമസിച്ചിരുന്ന എല്ലാവരുടെയും ആത്മാക്കൾ ചേർന്നതായിരുന്നു ഈ വീടിന്റെ ജീവൻ. അവസാനമായി ഞാനീ വീട്ടിൽനിന്നും ഇറങ്ങുമ്പോൾ, എന്റെ ആത്മാവും ഇറങ്ങുന്നു. ഈ വീടിന് ജീവൻ ഇല്ലാതെയാകുന്നു.
അകലത്തിൽ നിൽക്കുന്ന വള്ളിച്ചെടികൾ ഇനി വീടിനെ പൊതിയും. ഉള്ളിൽ ചിതലും, പാറ്റയും നരിച്ചീറുകളും താമസം തുടങ്ങും. അവസാനം ഈ വീടും അവരുടേതാകും. അവരോടൊപ്പം അതും ഭൂമിയിൽ ലയിക്കും…
“സമയം വൈകുന്നു. നമുക്ക് റിസോർട്ടിലേക്കു പോകാം.”
ബേബിച്ചൻ ധൃതി പിടിക്കുന്നു. ഇവിടെ താമസിക്കരുതെന്നും റിസോർട്ടിൽ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും മകളും നേരത്തെ തന്നെ പറഞ്ഞിരുന്നു.
“അല്പം കൂടി കഴിഞ്ഞ് ഇറങ്ങാം. നാളെ വരാൻ പറ്റുമോ ഇല്ലയോ എന്ന് ആർക്കറിയാം.”
ഞാൻ പറഞ്ഞത് കേൾക്കാതെ അവൻ കാറിന് അടുത്തേക്ക് നടന്നു കഴിഞ്ഞിരുന്നു.
കാർ മുന്നോട്ട് പായുമ്പോഴും എന്റെ മനസ്സ് ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും മാറിമാറി ഓടിക്കൊണ്ടിരുന്നു. ഞാനിപ്പോൾ ഏതുകാലത്തിലാണ്. ഭൂതകാലത്തിലോ ഭാവികാലത്തിലോ അതോ വർത്തമാനകാലത്തിലോ. ഓർമ്മിച്ചെടുക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ…
തങ്കച്ചൻ പതിയാമൂല

