Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » പഹൽഗാം പരാമർശിച്ചില്ല; ഷാങ്ഹായ് സഹകരണ സംഘടനയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാതെ ഇന്ത്യ.
പഹൽഗാം പരാമർശിച്ചില്ല; ഷാങ്ഹായ് സഹകരണ സംഘടനയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാതെ ഇന്ത്യ.

പഹൽഗാം പരാമർശിച്ചില്ല; ഷാങ്ഹായ് സഹകരണ സംഘടനയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാതെ ഇന്ത്യ.

by Editor

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചു. ഇതോടെ സംയുക്ത പ്രസ്താവനയില്ലാതെ എസ്‍സിഒ പ്രതിരോധമന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചു. ചൈനയിൽ നടന്ന ഉച്ചകോടിയിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തത്.

ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണം ഒഴിവാക്കി, പാക്കിസ്ഥാനിലെ ജാഫർ എക്സ്പ്രസ് ആക്രമണത്തെ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്താൻ ചൈനയും പാക്കിസ്ഥാനും ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരട്ടത്താപ്പ് സാധ്യമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ ഷാങ്ഹായ് സഹകരണ സംഘടന ഇന്ത്യൻ പക്ഷത്ത് നിൽക്കേണ്ടത് പ്രധാനമാണെന്ന് രാജ് നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യ ഒപ്പിടാൻ വിസമ്മതിച്ചതിനാൽ യോഗത്തിന്റെ അവസാനം സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാതെ സമ്മേളനം അവസാനിച്ചു.

ഉച്ചകോടിയിൽ നടത്തിയ പ്രഭാഷണത്തിലും രാജ്നാഥ് സിങ് പാക്കിസ്ഥാനെ പേരെടുത്തു പറയാതെ വിമർശിച്ചു. ഭീകരവാദത്തിന് ഒത്താശ നൽകുന്നവരെയും സാമ്പത്തികമായി പിന്തുണയ്ക്കുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ നയമെന്ന രീതിയിൽ ചില രാജ്യങ്ങൾ ഭീകരവാദത്തെ ഉപയോഗിക്കുകയും ഭീകരവാദികൾക്കു താമസസൗകര്യം ഒരുക്കുകയും ചെയ്യുന്നു. ഇത്തരം ഇരട്ടത്താപ്പുകൾക്ക് ഇടമുണ്ടാകരുത്. ഇത്തരം രാജ്യങ്ങളെ വിമർശിക്കുന്നതിൽ എസ്‍സിഒ വിമുഖത കാട്ടരുത് എന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.

ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടി ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ക്വിങ്‌ദാവോയിലാണ് നടന്നത്. അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാർ ഉച്ചകോടിയിൽ പങ്കെടുത്തു. സഹകരണത്തിലൂടെ രാജ്യങ്ങളുടെ സ്ഥിരത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2001-ൽ രൂപീകരിച്ച ഈ സംഘടനയിൽ ഇന്ത്യ, ചൈന, പാക്കിസ്ഥാൻ എന്നിവയുൾപ്പെടെ 10 അംഗങ്ങളാണുള്ളത്.

Send your news and Advertisements

You may also like

error: Content is protected !!