ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. വിധിയുടെ പുനപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമർപ്പിച്ചത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമർപ്പിച്ചു. ശബരിമല വിധിയിൽ പുനഃപരിശോധന വേണം എന്ന് ആവശ്യപ്പെടുന്നവരുടെ വാദം ആയിരിക്കും കോടതി ആദ്യം കേൾക്കുക.
ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നതായി കേരളം കത്ത് നൽകി. യുവതി പ്രവേശനത്തെ എതിർക്കുന്നവർക്ക് ഒപ്പം വാദിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം കത്ത് നൽകി. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ നോഡൽ കൗൺസിൽ കൃഷ്‌ണ കുമാർ സിങിനാണ് സംസ്ഥാന സർക്കാർ കത്ത് നൽകിയത്.ഏപ്രിൽ ഒൻപതിന് കേസിൽ വാദം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവർക്ക് ഒപ്പം വാദിക്കാനാണ് സർക്കാരിന് സമയം അനുവദിച്ചിരുന്നത്. മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌തയ്ക്ക് ഒരു മണിക്കൂർ സമയമാണ് അനുവദിച്ചത്. 12 അഭിഭാഷകരാണ് സുപ്രീം കോടതിയിൽ യുവതി പ്രവേശം അനുകൂലിച്ച് വാദം ഉന്നയിക്കുക. എന്നാൽ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ നിലപാടിനെ തങ്ങൾ പിന്തുണയ്ക്കുന്നതായും അവർക്ക് ഒപ്പം വാദം ഉന്നയിക്കാൻ സമയം അനുവദിക്കണമെന്നുമാണ് ഇപ്പോൾ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
മതാചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുമ്പ് മത പണ്ഡിതർ, സമൂഹ പരിഷ്‌കർത്താക്കൾ എന്നിവരുടെ നിലപാട് കോടതികൾ കണക്കിലെടുക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ഉണ്ടായിരുന്നത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നോ എതിർക്കുന്നുവെന്നോ സർക്കാർ കോടതിയെ നേരത്തെ അറിയിച്ചിരുന്നില്ല.
ശബരിമല യുവതി പ്രവേശനക്കേസിൽ ഇന്ന് മുതൽ സുപ്രീംകോടതിയിൽ നടക്കാൻ പോകുന്നത് സുപ്രധാന വാദമാണ്. ഇന്ന് മുതൽ കേരളം പോളിംഗ് ബൂത്തിൽ എത്താൻ പോകുന്ന വ്യാഴാഴ്ച്ച വരെ വാദം നടക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകും. ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാണ്.

