കീവ്: യുക്രെയ്നിലുടനീളം റഷ്യൻ സൈന്യത്തിൻ്റെ ഡ്രോൺ, മിസൈൽ ആക്രമണം. ആക്രമണത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്. തലസ്ഥാന നഗരമായ കീവിലെ മന്ത്രിസഭാ മന്ദിരത്തിനും മിസൈൽ ആക്രമണത്തിൽ തീപിടിച്ചു. കീവിലെ നിരവധി ബഹുനില കെട്ടിടങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു.
കീവിലെ സർക്കാർ ആസ്ഥാനമായ യുക്രെയ്ൻ മന്ത്രിസഭാ മന്ദിരത്തിനും റഷ്യൻ മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി പ്രധാനമന്ത്രി യൂലിയ സ്വൈരിഡ്വെങ്കോ ടെലഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ കീവിൽ നടക്കുന്ന രണ്ടാമത്തെ വലിയ മിസൈൽ ആക്രമണമാണിത്. ഇതുവരെ യുക്രെയ്ന്റെ സർക്കാർ മന്ദിരങ്ങളെ റഷ്യ ഒഴിവാക്കിയിരുന്നു. എന്നാൽ സമാധാന ശ്രമങ്ങളെ കാറ്റിൽപ്പറത്തിയാണ് യുക്രെയ്ൻ മന്ത്രിസഭാ മന്ദിരത്തിനു നേർക്ക് റഷ്യ ആക്രമണം നടത്തിയിരിക്കുന്നത്.
അതേസമയം, കീവ് ആക്രമണത്തിന് മറുപടിയായി റഷ്യയിലെ ബ്രയാൻസ്ക് മേഖലയിലെ ഡുഷ്‌ബ എണ്ണ പൈപ്പ് ലൈൻ യുക്രെയ്ൻ ആക്രമിച്ചു. ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും എണ്ണ വിതരണം ചെയ്യുന്ന ട്രാൻസിറ്റ് പൈപ്പ് ലൈനാണ് യുക്രെയ്ൻ ആക്രമിച്ചത്.
റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനായി യൂറോപ്യൻ രാജ്യങ്ങളുടെയും യുഎസിന്റെയും നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് പുതിയ ആക്രമണ പരമ്പര. ഭാവിയിൽ റഷ്യ വീണ്ടും അധിനിവേശം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ പാശ്ചാത്യ സൈനിക ശക്തികളിൽ നിന്ന് സുരക്ഷാ ഗ്യാരന്റിയാണ് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി ആവശ്യപ്പെടുന്നത്. എന്നാൽ യുക്രെയ്നിൽ ഏതെങ്കിലും തരത്തിൽ പാശ്ചാത്യ സൈനികരെ വിന്യസിക്കുന്നത് തങ്ങൾക്ക് അസ്വീകാര്യമാണെന്നാണ് റഷ്യയുടെ നിലപാട്.
അതിനിടെ റഷ്യയ്‌ക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. സമാധാന ചർച്ചയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. റഷ്യയ്ക്കു മേൽ സമ്മർദം ചെലുത്തി യുദ്ധത്തിൽ നിന്നു പിന്തിരിപ്പിക്കാനാണ് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കു മേൽ തീരുവ ചുമത്തിയതെന്ന് ട്രംപ് വ്യക്‌തമാക്കിയിരുന്നു. വീണ്ടും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയതോടെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് വിലയിരുത്തലുണ്ട്.