കീവ്: യുക്രെയ്ൻ തങ്ങളുടെ 34-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ , യുക്രെയ്നിലുടനീളമുള്ള നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ ആക്രമണം. യുക്രെയ്‌ന്റെ ഒട്ടുമിക്ക നഗരങ്ങളെയും ലക്ഷ്യമിട്ട് മോസ്കോ ആക്രമണം നടത്തി. കുർസ്ക്, മില്ലെറോവോ, പ്രിമോർസ്കോ-അക്താർസ്ക് എന്നിവിടങ്ങളിലെ താവളങ്ങളിൽ നിന്ന് റഷ്യ ഒറ്റരാത്രികൊണ്ട് 70-ലധികം ഷാഹെദ് ഡ്രോണുകളും ഒരു മിസൈലും വിക്ഷേപിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ആക്രമണത്തിൽ ഒരാൾ മരിക്കുകയും പത്തിലധികം പേർക്ക് പരുക്ക് ഏൽക്കുയും ചെയ്‌തിട്ടുണ്ട്.
യുക്രെയ്‌നിലെ അമേരിക്കൻ ഫാക്‌ടറിയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. പടിഞ്ഞാറൻ യുക്രെയ്‌നിലെ അമേരിക്കൻ ഉടമസ്ഥതയിലുള്ള ഫാക്‌ടറിക്കാണ് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. ഇത്തരം നടപടികൾ തുടർന്നാൽ റഷ്യ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. താൻ മുൻകൈയെടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളെ തകർക്കുന്ന പ്രവൃത്തിയാണിതെന്നും ഈ യുദ്ധവുമായി ബന്ധപ്പെട്ട ഒന്നിലും താൻ സന്തുഷ്‌ടനല്ലെന്നും ട്രംപ് പ്രതികരിച്ചു. ആക്രമണത്തെ യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കിയും അപലപിച്ചു.
റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്തിക്കൊണ്ടു യുക്രെയ്‌നും തിരിച്ചടിച്ചു. ആക്രമണത്തിൽ കുർസ്ക് ആണവ നിലയത്തിലെ ഒരു ട്രാൻസ്ഫോർമറിന് കേടുപാടുകൾ സംഭവിച്ചുവെന്നും പ്രവർത്തനം താത്കാലിമായി നിർത്തിവെച്ചു എന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു, ആണവ കേന്ദ്രങ്ങൾക്ക് സമീപമുള്ള പോരാട്ടത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകി.
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കഴിഞ്ഞ ദിവസം യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ശനിയാഴ്‌ചയാണ് മോസ്കോ ഉൾപ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം ഉണ്ടായത്. മോസ്കോയ്ക്ക് നേരേ തൊടുത്തുവിട്ട ഡ്രോൺ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടെന്നും ഇതിൻ്റെ അവശിഷ്‌ടങ്ങൾ വിദഗ്ധർ പരിശോധിച്ച് വരികയാണെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ അറിയിച്ചു.
മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 32 ഡ്രോണുകൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ഡ്രോൺ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ നഗരത്തിലേത് ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽകാലികമായി അടച്ചിരുന്നു. മോസ്കോയുടെ കിഴക്കും ഇഷെവ്‌സ്‌ക്, നിഷ്‌നി നോൾവ്ഗൊറോഡ്, സമര, പെൻസ, ടാംബോവ്, ഉലിയാനോവ്സ്ക്ക് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് നിർത്തിവച്ചിരിക്കുന്നത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെൻ്റ് പീറ്റേഴ്സ്ബർഗിലെ വിമാനത്താവളത്തിൽ ഒട്ടേറെ വിമാനങ്ങൾ വൈകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു.