Thursday, January 29, 2026
Mantis Partners Sydney
Home » ഗ്രീൻലാൻഡ് ഡെന്മാർക്കിന്റെ ഭാഗമല്ല എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി; പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി നോർവേ.
ഗ്രീൻലാൻഡ് ഡെന്മാർക്കിന്റെ ഭാഗമല്ല എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി; പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി നോർവേ.

ഗ്രീൻലാൻഡ് ഡെന്മാർക്കിന്റെ ഭാഗമല്ല എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി; പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി നോർവേ.

by Editor

മോസ്‌കോ: ഗ്രീന്‍ലാന്‍ഡ് ഒരിക്കലും ഡെന്‍മാര്‍ക്കിന്റെയോ നോര്‍വേയുടെയോ സ്വാഭാവിക ഭാഗമായിരുന്നില്ലെന്നും അത് ഒരു കോളനിയല്‍ ഭൂപ്രദേശമായിരുന്നുവെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗേ ലാവ്രോവ്. തുടക്കത്തില്‍ ഗ്രീന്‍ലാന്‍ഡ് നോര്‍വേയുടെ കോളനിയിലായിരുന്നു. പിന്നീട് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്വയംഭരണ പ്രദേശമായി ഡെന്‍മാര്‍ക്കിന്റെ ഭാഗമായതാണെന്നും ലാവ്രോവ് പറഞ്ഞു. റഷ്യയ്ക്ക് ഗ്രീന്‍ലാന്‍ഡിലോ ഡെന്‍മാര്‍ക്കിലോ യാതൊരു താത്പര്യവും ഇല്ലെന്നും ലാവ്രോവ് വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ലാവ്രോവിന്റെ പരാമര്‍ശം.

ഗ്രീന്‍ലാന്‍ഡിനെക്കുറിച്ച് നീതിപൂര്‍വമായൊരു ചര്‍ച്ച അടുത്ത കാലം വരെ സാധ്യമല്ലായിരുന്നുവെന്നു പറഞ്ഞ ലാവ്രോവ് ഈ വിഷയത്തില്‍ നാറ്റോ രാജ്യങ്ങൾ പരസ്പരം ആക്രമണത്തിന് തയ്യാറെടുക്കുന്ന സാഹചര്യമാണുള്ളതെന്നും ആരോപിച്ചു. നാറ്റോ അടച്ചുപൂട്ടേണ്ട സമയം വന്നോ എന്നതിനെക്കുറിച്ച് ഇപ്പോള്‍ സഖ്യത്തിനുള്ളില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങളോട് കാണിക്കുന്ന നിലപാടിലെ വൈരുധ്യത്തെ ലാവ്രോവ് രൂക്ഷമായി വിമര്‍ശിച്ചു. നിയമാധിഷ്ഠിതമായ ആഗോള ക്രമം ഇന്ന് നിലവിലില്ല. ഇപ്പോള്‍ നിലനില്‍ക്കുന്നത് ശക്തരുടെ നിയമമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ക്രിമിനല്‍ സ്വഭാവമുള്ളതായിരിക്കും. ആണവ ശക്തികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ടെന്നും ലാവ്രോവ് മുന്നറിയിപ്പ് നല്‍കി.

യുക്രെയ്‌നിനെ ആയുധവത്ക്കരിക്കുകയും റഷ്യയുടെ സുരക്ഷാ ആശങ്കകള്‍ അട്ടിമറിക്കുകയും പാശ്ചാത്യ രാജ്യങ്ങൾ ചെയ്യുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. യൂറോപ്യന്‍ നേതാക്കള്‍ റഷ്യയ്ക്കെതിരെ യുദ്ധത്തിനായി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജര്‍മ്മനി വീണ്ടും യൂറോപ്പിലെ ഏറ്റവും ശക്തമായ രാജ്യമാകണമെന്ന് ചാന്‍സലര്‍ ഫ്രിഡ്രിച് മെര്‍സ് പറയുന്നതായി ലാവ്രോവ് ചൂണ്ടിക്കാട്ടി. അതേസമയം റഷ്യയുമായി സംഭാഷണം നടത്താന്‍ ജര്‍മ്മനി തയ്യാറാകുന്നില്ലെന്നും ഇത് ഹിറ്റ്‌ലറെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചതിന് സമാനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഗ്രീൻലാൻഡിനുമേലുള്ള പരമാധികാരം പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾ തുടരവേ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ നോർവേ. യുദ്ധസമാനമായ സാഹചര്യമുണ്ടായാൽ സൈന്യത്തിന് പൗരൻമാരുടെ വാഹനങ്ങൾ, ബോട്ടുകൾ, മറ്റ് സ്വത്തുക്കളും പിടിച്ചെടുത്ത് ഉപയോഗിക്കേണ്ടി വരുമെന്ന് നോർവേ ഇതുവരെ 13,000 പൗരന്മാർക്ക് സന്ദേശം കൈമാറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തേയും ഇത്തരത്തിലുള്ള സന്ദേശങ്ങൾ സൈന്യം നോർവേയിലെ പൌരന്മാർക്ക് കൈമാറിയിട്ടുണ്ട്. ഗുരുതരമായ സുരക്ഷാ വെല്ലുവിളികളാണ് നോർവേ നേരിടുന്നതെന്നും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇത്തരമൊരു സാഹചര്യം ആദ്യമായിട്ടാണെന്നും സൈന്യത്തിലെ ലോജിസ്റ്റിക്സ് ഓർഗനൈസേഷൻ മേധാവി ആൻഡേഴ്‌സ് ജെൻബർഗ് പറഞ്ഞു. ഒരു യുദ്ധത്തിന് സജ്ജമാകേണ്ട സാഹചര്യം മുന്നിലുള്ളതിനാൽ സൈന്യത്തിന് ജനങ്ങളുടെ പക്കൽ നിന്നും വലിയ പിന്തുണ വേണമെന്നും ജെൻബർഗ് പറഞ്ഞു.

അതേസമയം ആർട്ടിക് മേഖലയിൽ റഷ്യയും ചൈനയും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതുമാത്രമല്ല അടുത്തിടെ നോർവേ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എട്ടോളം യുദ്ധങ്ങൾ നിർത്തി വെപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകേണ്ടതില്ലെന്ന് നിങ്ങളുടെ രാജ്യം തീരുമാനിച്ചത് കണക്കിലെടുക്കുമ്പോൾ, സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് ട്രംപ് കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോർവ പൌരന്മാർക്ക് മുന്നറിയിപ്പ് നകിയതെന്നതും ശ്രദ്ധേയമാണ്.

Send your news and Advertisements

You may also like

error: Content is protected !!