മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ മുന്നിൽ കണ്ട് മോസ്കോയിലെ മൂന്ന് വിമാനത്താവളങ്ങൾ അടച്ചിട്ടു. മോസ്കോ ലക്ഷ്യമാക്കി എത്തിയ 27 ഡ്രോണുകൾ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവച്ചിട്ടതായി മോസ്കോ മേയർ ടെലഗ്രാം പോസ്റ്റുകളിൽ കുറിച്ചു. വിമാനങ്ങളുടെ സുരക്ഷ കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് സർവീസുകൾ നിർത്തിയതെന്ന് റഷ്യൻ വ്യോമയാന റെഗുലേറ്ററായ റോസാവിയറ്റ്സിയയുടെ വക്താവ് അറിയിച്ചു. വ്നുക്കോവോ, ഡൊമോഡെഡോവോ, സുക്കോവ്സ്കി എന്നീ വിമാനത്താവളങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഭാഗികമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന റഷ്യയിലെ ബെൽഗൊറോഡ് മേഖലയിൽ ഒരു കുടുംബം സഞ്ചരിച്ച കാറിനു നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലു വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോസ്കോ ലക്ഷ്യമാക്കി ഡ്രോണുകൾ എത്തിയത്.
മറുപടിയായി യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ ഇന്ന് റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഷ്യൻ സൈന്യം ഞായറാഴ്ച വടക്കുകിഴക്കൻ യുക്രെയ്‌നിൽ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു, സുമി മേഖലയിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും ഖാർകിവ് മേഖലയിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. പുതുവത്സരത്തിന്റെ ആദ്യ ആഴ്ചയിൽ റഷ്യ തന്റെ രാജ്യത്തിന് നേരെ 2,000-ത്തിലധികം വ്യോമാക്രമണങ്ങൾ നടത്തിയതായി യുക്രെനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഞായറാഴ്ച പറഞ്ഞിരുന്നു.



