ഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തെയും ഭീഷണികളെയും റഷ്യ തള്ളി. മേഖലയിലെ ഭീഷണികൾ സ്ഥിതിഗതികൾ വഷളാക്കുകയേ ഉള്ളൂവെന്നും നിലവിലെ പ്രതിസന്ധിക്ക് കാരണം അമേരിക്കയും ഇസ്രയേലുമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയയാണ് ഇക്കാര്യം അറിയിച്ചത്. അന്ത്യശാസനങ്ങളും ഭീഷണികളും അംഗീകരിക്കാനാവില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും സമാധാനപരമായ ചർച്ചകളാണ് വേണ്ടതെന്നും റഷ്യ ആവശ്യപ്പെട്ടു.
ട്രംപിന്റെ ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് ഇറാന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് പ്രതികരിച്ചു. ആയിരക്കണക്കിന് വർഷത്തെ ചരിത്രമുള്ള ഒരു നാഗരികത ട്രംപിന്റെ “ശിലായുഗ” (Stone Age) സംഭാഷണങ്ങൾ കേട്ട് വിറയ്ക്കില്ലെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് പറഞ്ഞു. ഇറാൻ എന്നത് ഒരു കേവല സംഭവം മാത്രമല്ല, അത് ചരിത്രം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും എല്ലാ സാധ്യതകളും കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരിഫ് വ്യക്തമാക്കി. വൈറ്റ് ഹൗസിലുള്ളത് ‘ഗുണ്ടകൾ’ എന്ന് ഇറാൻ മുൻ മന്ത്രി അബ്ബാസ് അഖൗണ്ടി വിമർശിച്ചു.
ഭീഷണികൾക്കും അന്ത്യശാസനങ്ങൾക്കും വഴങ്ങിയുള്ള ചർച്ചകൾക്ക് സ്ഥാനമില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. യുദ്ധക്കുറ്റങ്ങൾ ചെയ്യുമെന്ന ഭീഷണി ചർച്ചകൾക്ക് അനുയോജ്യമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ട്രംപിന്റെ ഭീഷണി അസന്തുലിതവും മണ്ടത്തരവുമാണെന്ന് ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡ് വിശേഷിപ്പിച്ചു. ആക്രമണമുണ്ടായാൽ കൃത്യമായ മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം ഇറാനെതിരെ ആണവാക്രമണം നടത്താൻ യുഎസിന് പദ്ധതിയൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി വ്യക്തമാക്കി. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രസ്താവനകൾ ആണവ ഭീഷണിയാണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് ഈ വിശദീകരണം നൽകിയത്.
ഇറാനെതിരെ ആണവായുധങ്ങൾ പ്രയോഗിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു. വൈസ് പ്രസിഡന്റ് ജെഡി വാൻസ് നടത്തിയ “ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ട്” എന്ന പ്രസ്താവന ആണവായുധങ്ങളെ ഉദ്ദേശിച്ചല്ലെന്നും അവർ വ്യക്തമാക്കി. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും വൈറ്റ് ഹൗസ് ആവർത്തിച്ചു. പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഇറാൻ ചർച്ചകൾക്കും കരാറിനും തയ്യാറാവുക എന്നതിനാണ് മുൻഗണനയെന്നും, എന്നാൽ ട്രംപിന്റെ മനസ്സിനെന്താണെന്നും അടുത്ത നീക്കം എന്തായിരിക്കുമെന്നും അദ്ദേഹത്തിന് മാത്രമേ അറിയാവൂ എന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഹോർമുസ് കടലിടുക്ക് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്‌തു. 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് രാജ്യങ്ങൾ വിട്ടുനിന്നു. ബഹ്റൈനാണ് പ്രമേയം കൊണ്ടുവന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ ഗതാഗതം സംരക്ഷിക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. വോട്ടെടുപ്പിൽ നിന്നും പാക്കിസ്ഥാൻ വിട്ടുനിന്നു.
ഇറാൻ രാത്രിയോടെ അവസാനിക്കുമെന്ന് ട്രംപ്; സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് പാക് പ്രധാനമന്ത്രി

