മോസ്‌കോ: യുഎസുമായുള്ള 1987-ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐഎന്‍എഫ്) ഉടമ്പടിയില്‍നിന്ന് റഷ്യ പിന്മാറി. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് സമ്മർദം ശക്തമാക്കുന്നതിനിടെയാണ് റഷ്യയുടെ പ്രഖ്യാപനം. റഷ്യയ്ക്കു സമീപം ആണവ മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ട് ദിവസങ്ങൾക്കകമാണ് റഷ്യയുടെ മറുപടി.
ഹ്രസ്വ-ദൂര, മധ്യ-ദൂര ആണവ മിസൈലുകൾ വിന്യസിക്കുന്നതിനുള്ള മൊറട്ടോറിയമായിരുന്നു ഐഎൻഎഫ് ഉടമ്പടി. യുഎസ്സും സോവിയറ്റ് യൂണിയനും തമ്മിലൊപ്പുവെച്ച ഉടമ്പടിയായിരുന്നു ഇത്. സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത ഇനി തങ്ങൾക്ക് ഇല്ല എന്നും, മുൻപ് സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇനി പാലിക്കില്ലെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘പാശ്ചാത്യ രാജ്യങ്ങളുടെ നടപടികൾ’ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണി ഉയർത്തുന്നുവെന്ന് റഷ്യ കുറ്റപ്പെടുത്തി.
1987ൽ സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവും അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് റീഗനുമാണ് കരാറിൽ ഒപ്പുവച്ചത്. റഷ്യ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് യുഎസ് 2019-ൽ കരാറിൽനിന്ന് പിന്മാറിയിരുന്നു. എന്നാൽ യുഎസ് പ്രകോപനമുണ്ടാക്കാത്തിടത്തോളം തങ്ങളും യുഎസിനു സമീപം മിസൈലുകൾ വിന്യസിക്കില്ലെന്നാണ് റഷ്യ ആവർത്തിച്ചിരുന്നത്. പാശ്ചാത്യ രാജ്യങ്ങൾ അവരുടെ മിസൈൽ ശേഷി വർധിപ്പിക്കുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ആരോപിക്കുന്നു.