ഇനി പറയുന്ന ഗാനങ്ങൾ എല്ലാം മലയാളികൾക്ക് ഗൃഹാതുരത്വം ഉണത്തുന്നവയാണ്…..
“അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവന്‍ എപ്പോ വരും” (‘ഓടയില്‍ നിന്ന്’)
“എത്രയെത്ര മധുര ഗാനം ….” ഇത് പാടിയത്, ശബ്ദത്തിനു ഉടമ, ആരാണ്? ഇതു മാത്രമല്ലാ,
“അമ്മയ്ക്ക് ഞാനൊരു കിലുക്കാംപെട്ടി” (അര്‍ച്ചന),
“എല്ലാം ശിവമയം” (കുമാരസംഭവം),
“അരിമുല്ലച്ചെടി വികൃതിക്കാറ്റിനെ” (‘പൂമ്പാറ്റ’),
“ഇത് ബാപ്പ ഞാന്‍ ഉമ്മ” (‘കുപ്പിവള’),
“കിഴക്ക് കിഴക്ക് കിഴക്കന്‍ കാട്ടിലെ”; “കടക്കണ്ണിന്‍ മുനകൊണ്ട്” (‘തുറക്കാത്ത വാതില്‍’),
“തപ്പോ തപ്പോ തപ്പാണി…” (‘കല്യാണ ഫോട്ടോ’- രേണുക; ഗോമതി)
“മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും മലയാളക്കരയില്‍...” (രേണുക; കെ ജെ യേശുദാസ്; കോറസ് -‘തറവാട്ടമ്മ’)
എല്ലാം മലയാളികള്‍ക്ക് സുപരിചിതമായ പാട്ടുകള്‍. പക്ഷേ, അവയ്ക്ക് പിന്നിലെ ശബ്ദത്തിന്റെ ഉടമയെ, ജീവന്‍ നല്‍കിയ ഗായികയെ, ആരോര്‍ക്കുന്നു, ഇന്ന്? മലയാളികൾക്ക് ഏറെ സുപരിചതയല്ല ഈ ഗായിക …. ‘രേണുക’ എന്ന ‘പി എസ് രേണുകാ ദേവി’.
“പഞ്ചാരപ്പാലുമിട്ടായി” (യേശുദാസ്, ലീല എന്നിവര്‍ക്കൊപ്പം ‘ഭാര്യ’യില്‍), “കണികാണും നേരം” (പി. ലീലയ്‌ക്കൊപ്പം ‘ഓമനക്കുട്ടനി’ല്‍)… ഇങ്ങനെ പ്രസിദ്ധങ്ങളായ പല പാട്ടുകളിലും രേണുകയുടെ ശബ്ദ സാന്നിദ്ധ്യമുണ്ട്.
‘രേണുക’ ഗായികയെ തിരിച്ചറിയണമെങ്കിൽ, ഇന്ന് ഗായിക അനുരാധ ശ്രീറാമിൻ്റെ ‘അമ്മ’ എന്ന് പരിചയപ്പെടുത്തണം!
അനുരാധ ശ്രീറാം ‘അമ്മ രേണുക’യെക്കുറിച്ച് പറയുന്നു. “അമ്മയെപ്പോലെ മറ്റൊരു അമ്മ ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിവാഹത്തിന് ശേഷം, വിശേഷിച്ചും ഞാന്‍ ജനിച്ചതിന് (1970 ജൂലൈ 9-ന്) ശേഷം അമ്മ അധികം പാട്ടൊന്നും പാടിയിട്ടില്ല. എന്റെ അച്ഛൻ (മീനാക്ഷീസുന്ദരം മോഹൻ) ‘ദി ഹിന്ദു’ പത്രത്തില്‍ ഇലക്ടടോണിക്‌സ് എന്‍ജീയറായിരുന്നു. ഇടയ്ക്കിടെ സ്ഥലം മാറ്റം കിട്ടുന്നത് കൊണ്ട് അമ്മ ഞങ്ങളെ പിരിയാനാവാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. സ്വന്തം കരിയറിനെപ്പറ്റിയൊന്നും അന്ന് അമ്മ കാര്യമായി ചിന്തിച്ചില്ല…. ഞാന്‍ ഒരു അമ്മയായപ്പോഴാണ് അമ്മയുടെ ത്യാഗം എനിക്ക് മനസ്സിലാകുന്നത്…. ” മകൾ അനുരാധ തുടരുന്നു…. “എന്റെ അമ്മ ഒരുപാട് പ്രത്യേകതയുള്ള ഒരു സ്ത്രീയാണ്. അമ്മ ഗായിക എന്ന നിലയിൽ, സിനിമ പിന്നണി ഗാനങ്ങൾക്ക് പുറമെ, നൂറോളം നാടകങ്ങളില്‍ പാടിയിട്ടുണ്ട്. 3000 സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. ഒരു ദിവസം തന്നെ മൂന്ന് ഗാനമേളകളിലൊക്കെ പാടിയിട്ടുണ്ട്…..തിരക്കു പിടിച്ച ഈ ജീവിതം അമ്മയ്ക്ക്, അമ്മയിലെ കുടുംബിനിക്ക്, മടുത്തു കാണും. കുടുംബത്തെ വിട്ടുനില്‍ക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അമ്മ കുട്ടികള്‍ക്ക് വേണ്ടി ഒരുപാട് പാട്ട് പാടിയിട്ടുണ്ട്. ആ പാട്ടുകള്‍ ഹിറ്റായപ്പോള്‍ അമ്മയെ തേടിയെത്തിയത് അതേ സ്വഭാവമുള്ള പാട്ടുകളായിരുന്നു. അതില്‍ അമ്മയ്ക്ക് വല്ലാത്ത വിഷമം ഉണ്ടായിരുന്നു. എന്നാല്‍ അമ്മ ഒരുപാട് കാലം കര്‍ണാടക സംഗീത രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. തഞ്ചാവൂര്‍ കല്യാണരാമന്‍ (എസ്.കെ.ആര്‍) എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം അമ്മയ്ക്ക് ഉണ്ടായിരുന്നു. ……”
തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ 1944 മാർച്ച് 15-ന് ആണ് രേണുകാദേവിയുടെ ജനനം. ജന്മംകൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും രേണുകയ്‌ക്കൊരു കേരളബന്ധമുണ്ട്. വൈക്കത്താണ് അമ്മയുടെ കുടുംബവേരുകള്‍. വളർന്നത് തമിഴ് നാട്ടിൽ. അച്ഛന്‍ നടരാജന്‍, തഞ്ചാവൂരിലെ അറിയപ്പെടുന്ന ബിസിനസുകാരനും (ബസുടമ), ഒപ്പം നല്ലൊരു മൃദംഗവിദ്വാനുമായിരുന്നു. എന്‍.സി. വസന്തകോകിലത്തിന്റെയും പെരിയനായകിയുടെയും ഒക്കെ കച്ചേരിക്ക് അകമ്പടി വായിച്ചിട്ടുണ്ട് നടരാജന്‍. മകള്‍ നല്ലൊരു സംഗീതജ്ഞയായി വളരണമെന്ന് അച്ഛന്‍ ആഗ്രഹിച്ചത് സ്വാഭാവികം. അദ്ദേഹം പ്രവർത്തിച്ചിരുന്ന നാടക കമ്പിനിയിലെ അംഗമായിരുന്ന ആർ എസ് ബാലുവായിരുന്നു രേണുകയുടെ ആദ്യ ഗുരു. നാടകങ്ങളിലാണു രേണുക ആദ്യം പാടിത്തുടങ്ങിയത്.
1958-ലെ ‘ലില്ലി’ എന്ന ചിത്രത്തിലെ ‘‘കന്യാമറീയമേ…’’; ” കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍ കളിയാടാനൊരു പുര കെട്ടാം…” എന്നീ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് രേണുക മലയാള സംഗീത ലോകത്ത് പ്രവേശിച്ചത്. (ആദ്യഗാനത്തിൽ തന്നെ ശാന്താ പി. നായർ, കുമരേശൻ എന്നിവർക്കൊപ്പമാണ് പാടിയത്.) പിന്നീട് തെലുങ്കിലും തമിഴിലും കന്നഡയിലും പാടിത്തുടങ്ങി. മലയാളത്തിലായിരുന്നു അവർക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, ചിദംബരനാഥ്, എം എസ് വിശ്വനാഥൻ തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകരുടെ ഗാനങ്ങളും അവർ ആലപിച്ചു.
കുട്ടികൾക്കു വേണ്ടി വളരെയധികം പാട്ടുകൾ പാടിയതിൽ, ഭാര്യ എന്ന സിനിമയിലെ “പഞ്ചാര പാലു മിഠായി…” എന്ന ഗാനം പ്രശസ്തമാണ്.
അക്കാലത്തു് രേണുകയുടെ സ്റ്റേജ് പരിപാടികളില്‍ പാടാന്‍ യേശുദാസും വരുമായിരുന്നു. അന്ന് അദ്ദേഹം സിനിമയില്‍ തുടക്കംകുറിച്ചിട്ടേയുള്ളൂ. റഫിയുടെ ഹിന്ദി പാട്ടുകളും പി.ബി. ശ്രീനിവാസിന്റെ തമിഴ് പാട്ടുകളുമാണ് യേശുദാസ് തമിഴ്നാട്ടിലെ ആ ഗാനമേളയില്‍ പാടുക. പില്‍ക്കാലത്ത് യേശുദാസിന്റെ തമിഴ് സിനിമാപ്രവേശത്തിന് നിമിത്തമായതും രേണുക തന്നെ. രേണുക പറയുന്നു: ‘അടുത്ത ബന്ധുവായിരുന്ന വീണാവിദ്വാന്‍ എസ്. ബാലചന്ദര്‍ ‘ബൊമ്മയ’ എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന കാലം. ആ പടത്തില്‍ പാടാന്‍ ചെന്നപ്പോഴാണ് പുതിയ പാട്ടുകാരനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് പറയുന്നത്. ബാലചന്ദര്‍ ഉടനെ ദാസിനെ വിളിച്ച് പാടിക്കുകയും ചെയ്തു. -“നീയും ബൊമ്മയ് നാനും ബൊമ്മയ്’- ആയിരുന്നു ആ ഗാനം.’
ഗായിക രേണുകാ ദേവിയുടെ കുടുംബം: ഭർത്താവ് മീനാക്ഷീ സുന്ദരം മോഹൻ; മൂത്ത മകൾ ഗായിക അനുരാധ. ഇളയ മകൻ മുരുകൻ (മുരുകനും ഗായകനാണ്).
ജന്മദിനാശംസകൾ…!
ആർ. ഗോപാലകൃഷ്ണൻ
(കടപ്പാട്: രവി മേനോൻ & മാതൃഭൂമി)


