കോട്ടയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എസ്എൻഡിപിയുമായുള്ള ഐക്യത്തിന് എൻഎസ്എസിന് താൽപര്യമുണ്ടെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. സംഘടനാപരമായി ഐക്യം ആവശ്യമാണെന്ന് തനിക്ക് തോന്നുന്നുണ്ട്. ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾ ചോർന്നുപോകാത്ത രീതിയിൽ ഐക്യമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.
വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയ വിവാദം ബാലിശമാണ്. ഈ പറയുന്നവരൊക്കെ കാർ കാണും മുൻപേ സ്വന്തം കാറിൽ സഞ്ചരിച്ചവനെയാണ് ആക്ഷേപിക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോയാൽ കോൺഗ്രസിന് അടി കിട്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രക്ഷിക്കണമെന്ന് പറഞ്ഞ് ഇവിടെ വന്ന് തിണ്ണയിൽ ഇരുന്ന് നിരങ്ങിയില്ലേ. ഞാൻ പറവൂരിലെ യൂണിയൻ പ്രസിഡൻ്റിനെ വിളിച്ചുപറഞ്ഞു ഇദ്ദേഹത്തെ ജയിപ്പിക്കണമെന്ന്. എന്നിട്ടാണ് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറയുന്നത്” -സുകുമാരൻ നായർ പറഞ്ഞു.
എൻ.എസ്.എസുമായി സഹകരിക്കാൻ എസ്.എൻ.ഡി.പി തയ്യാറാണെന്നും ഇതിനായി 21-ന് ഇരു സമുദായങ്ങളും യോഗം ചേർന്ന് ചർച്ച നടത്തുമെന്നും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നായർ -ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചുപറ്റാനല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്. എൻ. ഡി. പിയും എൻ. എസ്. എസും യോജിക്കുന്നതിൽ ആർക്കാണ് വിഷമം.?യോജിച്ചാൽ സുനാമി വരുമോ, ന്യൂനപക്ഷങ്ങൾ അർഹതയ്‌ക്കപ്പുറത്ത് നേടുന്നുവെന്ന് തുറന്നു പറഞ്ഞ എ.കെ. ആന്റണിയെ ചവിട്ടി പുറത്താക്കിയതാരാണ് ?” വെള്ളാപ്പള്ളി ചോദിച്ചു.
ഇരു നേതാക്കളും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷമായ വിമർശനവും നടത്തി. തന്നെ വർഗീയ വാദിയെന്ന് വിളിച്ച് അപമാനിക്കുന്ന വി.ഡി സതീശൻ ഇന്നലെ പൂത്ത തകരയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ എ.കെ ആൻ്റണിയോ രമേശ് ചെന്നിത്തലയോ കെ.സി വേണുഗോപാലോ താൻ വർഗീയവാദിയാണെന്ന് പറയട്ടെ. അങ്ങനെയെങ്കിൽ അംഗീകരിക്കാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വി.ഡി സതീശനെ അഴിച്ചു വിട്ടിരിക്കുകയാണ് കോൺഗ്രസ്. അദ്ദേഹമാണ് ഈ ശത്രുക്കളെ മുഴുവൻ ഉണ്ടാക്കുന്നത്. സതീശനെ ഇങ്ങനെ അഴിച്ചു വിട്ടാൽ കോൺഗ്രസിന് അടി കിട്ടും. എൻ.എസ്.എസിന്റെ മുഴുവൻ സഹായം വാങ്ങിച്ച് ജയിച്ച ശേഷം സമുദായ സംഘടനകളുടെ തിണ്ണനിരങ്ങരുതെന്നാണ് അദ്ദേഹം പറയുന്നത്. തത്വം പറയുന്നവർ സഭാ സിനഡ് യോഗം ചേർന്നപ്പോൾ കാലിൽ വീഴാൻ പോയെന്നും സുകുമാരൻ നായർ പറഞ്ഞു.
അതിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി മാറുകയാണ് വെള്ളാപ്പള്ളി. താൻ തിരുവനന്തപുരത്ത് സംസാരിച്ചത് വെള്ളാപ്പള്ളിക്കെതിരെയല്ല, മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. വർഗീയതയ്ക്കെതിരായ നിലപാടിൽ വെള്ളം ചേർക്കില്ല. വർഗീയതയോട് ഏറ്റുമുട്ടി മരിച്ചാൽ വീരാളിപ്പട്ട് പുതച്ചു കിടക്കും. എല്ലാവരുമായി ഐക്യപ്പെട്ടു പോകണമെന്നാണ് തങ്ങളുടെ ആഗ്രഹം. സാമുദായിക സ്പർധയുണ്ടാക്കരുത്. വർഗീയത പ്രചരിപ്പിച്ച് കേളത്തിൽ ആര് വിദ്വേഷ പ്രചരണം നടത്തിയാലും വെച്ച് പൊറുപ്പിക്കില്ല. വെള്ളാപ്പള്ളി നടത്തിയത് ഗുരു നിന്ദയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



