‘യമുന’യിൽ നിന്ന് നീരാടാനായി ‘നിള‘യിലേക്ക്…. മെലഡികളുടെ ഭാവാത്മകതകൊണ്ടു് ഗാനാസ്വാദകരെ കോരിത്തരിപ്പിച്ച, ‘ബോംബെ രവി’ എന്നു മലയാള ചലച്ചിത്ര ഗാനരംഗത്ത് അറിയപ്പെട്ടിരുന്ന, രവിശങ്കര്‍ ശര്‍മ്മ എന്ന പ്രസിദ്ധനായ സംഗീത സംവിധായകന്‍, ഹിന്ദിയിലും മലയാളത്തിലുമായി എത്രയെത്ര ഹൃദയസ്പർശിയായ പാട്ടുകൾ നമുക്കു നല്കി.
ചൗദ് വിൻ കാ ചാന്ദ്, ബറോസാ, നീൽ കമൽ, ദോ ബദൻ, ഹംരാസ്, നിക്കാഹ്, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ, വൈശാലി, വിദ്യാരംഭം, സർഗ്ഗം, ഗസൽ, മയൂഖം തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ…
ബോംബെ രവി യഥാര്‍ത്ഥത്തിൽ ദില്ലിക്കാരനായ ‘രവിശങ്കര്‍ ശര്‍മ്മ’യാണ്. ‘യമുന’യുടെ തീരത്തുനിന്നു വന്ന പാട്ടുകാരൻ! 1926 മാര്‍ച്ച് 3-നു് ഡല്‍ഹിയില്‍ ജനിച്ചു. തന്റെ അച്ഛന്‍ പാടിയിരുന്ന ഭജന്‍സ് കേട്ടുകൊണ്ടാണു വളരെ ചെറുപ്പത്തിൽത്തന്നെ സംഗീതത്തിൻ്റെ ബാലപാഠങ്ങള്‍ അദ്ദേഹം സ്വായത്തമാക്കിയതു്. നന്നായി പാടുകയും ഗാനരചനയിൽ താല്പര്യം കാണിക്കുകയും ചെയ്തിരുന്നെങ്കിലും സാമ്പത്തികമായി വളരെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന ഒരു കുടുംബം ആയിരുന്നതുകൊണ്ടു് തന്റെ സംഗീതസപര്യയെ പരിപോഷിപ്പിക്കുവാൻ ഉതകുന്ന ഒന്നും തന്നെ ചെയ്യുവാനാകാതെ, കുടുംബം പുലര്‍ത്തുവാന്‍ വേണ്ടി ഒരു ജോലിയില്‍ പ്രവേശിക്കേണ്ടി വന്നു. പക്ഷെ, അടങ്ങാത്ത സംഗീതപ്രേമത്താല്‍ അധികം താമസിയാതെതന്നെ അദ്ദേഹം ആ ജോലി ഉപേക്ഷിക്കുകയും തൻ്റെ സംഗീത രംഗത്ത് ഒരു ഭാഗ്യാന്വേഷണത്തിനായി ബോംബെയിലേക്കു പുറപ്പെട്ടുകയും ചെയ്തു. 1950-ലായിരുന്നു ഇതു്.
ബോബെയിൽ എത്തിയ രവിശങ്കര്‍ ശര്‍മ്മ തികച്ചും പ്രൊഫഷണല്‍ നിലവാരത്തില്‍ പാടുമായിരുന്നെങ്കിലും, പക്ഷേ, ആ രംഗത്തു് പ്രതീക്ഷിച്ചതുപോലെയുള്ള അവസരങ്ങള്‍ ലഭിച്ചില്ല. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചിട്ടാണെങ്കിലും ബോംബെയിൽ പിടിച്ചു നിന്നു; പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായിരുന്ന ഹേമന്ത്കുമാറിന്റെ അസിസ്റ്റന്റായി കൂടി. അദ്ദേഹത്തിന്റെ സംഗീത സദസ്സുകളിൽ തബല വായിക്കുവാനും പോയിരുന്നു. ചില ഗാനരചനാ സന്ദർഭങ്ങളിൽ അദ്ദേഹത്തെ സഹായിക്കുവാനും രവിശങ്കറിനു സാധിച്ചു.
രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 1952-ൽ ഹേമന്ത് കുമാർ ‘ആനന്ദ് മഠ് ’എന്ന ഹിന്ദിസിനിമയില്‍ “വന്ദേമാതരം” ഗാനത്തിൻ്റെ കോറസ് പാടുവാൻ ഒരവസരം കൊടുത്തു. ചെറുപ്പത്തിലേ ഹാർമോണിയം ഉൾപ്പെടെയുള്ള പല സംഗീതോപകരണങ്ങളും സ്വയം അഭ്യസിച്ചിരുന്ന അദ്ദേഹം, പിന്നീടു് ‘നാഗിൻ’ എന്ന സിനിമയിൽ മകുടിയുടെ ഈണം ഹാർമോണിയത്തിൽ വായിച്ചു് ഒരു സംഗീതവിസ്മയം തന്നെ സൃഷ്ടിച്ചു.
‘നാഗിൻ’ (1952) – വൈജയന്തിമാലയുടെ പാട്ടു രംഗത്തിലെ മകുടി നാദം, ഹാർമോണിയത്തിലൂടെ (പാട്ട് –“Man Dole Mera Tan Dole…“)
ആ ഒരു സന്ദർഭമാണ് സംഗീത സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റത്തിനു്രവിശങ്കര്‍ ശര്‍മ്മയ്ക്ക് നിമിത്തമായിത്തീർന്നത്.
1954-ൽ പുറത്തിറങ്ങിയ ‘വചന്‍’ എന്ന ചിത്രത്തിലൂടെയാണു് രവിശങ്കർ ശര്‍മ്മ സിനിമാ സംഗീത സംവിധാനത്തിലേക്കുള്ള ആദ്യ ചുവടു വെച്ചത്. പിന്നീടു് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ‘ചൗധ്‌വി കാ ചാന്ദ്’ (1960), ‘ഗുംറാ’ (1963), ‘ദോ ബദൻ’ (1966), ‘ഹംരാസ്’ (1967); ‘ആംഖേൻ’ (1968); ‘വക്ത്’ (1965); ‘ഹരാസ്’ (1967); ‘നീല്‍ കമൽ’ (1968); ‘ആദ്മി സഡക് കാ’ (1977); ‘നിക്കാഹ്’ (1982) തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അദ്ദേഹത്തിന്റെ വൻ ഹിറ്റുകളിൽ ഉൾപ്പെടുന്നു. ഈ ചിത്രങ്ങളിലെ ഗാനങ്ങളും, അറുപതുകളിലെ അദ്ദേഹത്തിന്റെ ഖവ്വാലികളുമൊക്കെ സംഗീതപ്രേമികള്‍ക്ക് എങ്ങനെയാണ് മറക്കുവാൻ കഴിയുക! “ആജ് മേരെ യാർ കി ശാദി ഹൈ..”, “ബാബുൽ കി ദുആയെൻ ലെത്തി ജാ..”; “Doli chadh ke dulhan sasural chali’; ‘Mere Yaar Bana Ke Dulha” തുടങ്ങിയ ഗാനങ്ങൾ നിത്യ ഹരിതങ്ങളാണ്…
1950- 60-കളിലെ ഹിന്ദി ചലച്ചിത്ര രംഗത്തെ സജീവസാന്നിദ്ധ്യത്തിനു ശേഷം ഈ രംഗത്തുണ്ടായിരുന്നെങ്കിലും രവിശങ്കർ 1975 മുതൽ 1982 വരെ അത്രത്തോളം സജീവമായിരുന്നില്ല. പിന്നീടു് അദ്ദേഹം 1982-ൽ ചെയ്ത ‘നിക്കാഹ്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പ്രശസ്തഗായകരായ ആശാ ഭോൺസ്ലെയുടെയും, മഹേന്ദ്രകപൂറിന്റെയും ഗായകജീവിതത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ സ്ഥാനമായിരുന്നു രവിക്കുണ്ടായിരുന്നത്.
1986-ൽ ‘നഖക്ഷതങ്ങള്‍’ എന്ന ചിത്രത്തിനു് സംഗീതസംവിധാനം ചെയ്തുകൊണ്ടാണ് ‘ബോംബെ രവി’ എന്ന പേരിൽ മലയാള ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. രവിയുടെ സംഗീതത്തിന്റെ വലിയ ആരാധകരായിരുന്ന മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ എം. ടി. വാസുദേവൻ നായരുടേയും, സംവിധായകൻ ഹരിഹരൻ്റെയും ക്ഷണം സ്വീകരിച്ചാണു മലയാള സിനിമാസംഗീതരംഗത്തേക്കുള്ള രംഗപ്രവേശം.
‘നഖക്ഷതങ്ങള്‍’ എന്ന ചിത്രത്തിലെ ‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി…’ എന്ന ഗാനത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബോംബെ രവി, ‘പഞ്ചാഗ്നി’, ‘ഒരു വടക്കന്‍ വീരഗാഥ’, ‘വൈശാലി’, ‘സർഗ്ഗം’, ‘ഗസല്‍’, ‘പാഥേയം’,’സുകൃതം’, ‘വിദ്യാരംഭം’, ‘പരിണയം’, ‘മയൂഖം’ തുടങ്ങിയ റിലീസായ പതിനാലു മലയാളസിനിമകളിൽ (പുറമെ റിലീസാകാത്ത ഒരു സിനിമയും) രാഗ-ഭാവ വൈവിദ്ധ്യതയാൽ ശ്രദ്ധേയമായ അതിമനോഹരങ്ങളായ ഗാനങ്ങള്‍ ഒരുക്കി.
ബോംബെ രവിയുടെ മലയാള സംഭാവന: 15 ചിത്രങ്ങൾ, 93 ഗാനങ്ങൾ, കൂടാതെ ‘ഗസൽ’ എന്ന ചിത്രത്തിനു വേണ്ടി ഒരു ഗാനം രചിക്കുകയും ചെയ്തിട്ടുണ്ട്. ‘തീർത്ഥം’ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു. ഒരു ചിത്രം റിലീസായില്ല: ‘കളിവാക്ക്’ എന്ന ചിത്രം; കെ. ജയകുമാറാണ് ഗാനങ്ങൾ എഴുതിയത്.
2012 മാർച്ച് 7-ന് (പ്രായം 86) മുംബൈയിൽ അന്തരിച്ചു.
ആർ. ഗോപാലകൃഷ്ണൻ


