ജയ്പുർ: രാജസ്ഥാനിലെ ഝലാവറിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ഏഴു കുട്ടികൾ കൊല്ലപ്പെടുകയും 28 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 8:30-ഓടെയായിരുന്നു സംഭവം. മനോഹർ താന എന്ന സ്ഥലത്തെ പിപ്ലോദി സർക്കാർ സ്‌കൂളിൻ്റെ കെട്ടിടമാണ് തകർന്നുവീണത്. എട്ടു വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. എട്ടാം ക്ലാസ് വരെയാണ് സ്കൂളിലുള്ളത്.
തകർന്നുവീഴാറായ സ്ഥിതിയിലായിരുന്ന സ്‌കൂൾ കെട്ടിടത്തെക്കുറിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നതായി സ്കൂൾ അധികൃതരും നാട്ടുകാരും പറഞ്ഞു. സ്ഥലത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയതോതിൽ മഴപെയ്‌തിരുന്നു. ഇതാവാം കെട്ടിടം പെട്ടെന്ന് തകർന്നുവീഴാൻ കാരണം എന്ന് അധികൃതർ പറയുന്നു. ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഗ്രാമവാസികൾ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ ദുരന്തനിവാരണ സംഘങ്ങളും ജില്ലാ കലക്ടറും സ്ഥലത്തെത്തി.
സംഭവം അത്യന്തം വേദന ഉളവാക്കുന്നതാണെന്നും മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായി രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി മദൻ ദിലാവർ അറിയിച്ചു.