ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചർച്ച നടത്തി. പുടിന്റെ വരവ് സ്ഥിരീകരിച്ച് അജിത് ഡോവൽ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം സന്ദർശന ദിവസം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
റഷ്യ- ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതായിരിക്കും പുടിന്റെ സന്ദർശനമെന്നും ഇതിൽ സന്തോഷമുണ്ടെന്നും അജിത് ഡോവലിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക ഇന്ത്യയ്ക്കു മേൽ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിലാണ് പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന വാർത്ത പുറത്തുവരുന്നത്. റഷ്യയിൽ നിന്ന് ഊർജ്ജം വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്നിനെതിരായ യുദ്ധത്തെ സഹായിക്കുകയാണെന്നും ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ താളം തെറ്റിച്ചെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
അതേസമയം വരും ദിവസങ്ങളിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായും പുടിൻ കൂടിക്കാഴ്‌ച നടത്തുമെന്നു ക്രെംലിൻ വ്യാഴാഴ്‌ച സ്ഥിരീകരിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കായി രണ്ടുകൂട്ടരും ശ്രമിക്കുകയാണെന്നും സ്ഥലം സംബന്ധിച്ച കാര്യത്തിൽ ധാരണയായതായും ഇതു സംബന്ധിച്ചു ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും പുടിൻ്റെ വിദേശ നയതന്ത്ര ഉപദേശകൻ യൂറി ഉഷാകോവ് അറിയിച്ചു. പുടിനെ നേരിൽ കാണാൻ ട്രംപ് നീക്കം നടത്തുന്നതായി ന്യൂയോർക്ക് ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പുടിനു പുറമെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായും കൂടിക്കാഴ്‌ച നടത്താൻ ട്രംപ് പദ്ധതിയിടുന്നതായാണു പത്രം റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്യൻ നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.