ആലപ്പുഴ: മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പരാമര്‍ശത്തിന് മറുപടിയുമായി സിപിഐഎം വിട്ട മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. ചെറ്റ എന്ന് വിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നു. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റകുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്നാൽ അടിസ്ഥാന വർഗ്ഗത്തിന്റെ പുരയാണ്. എന്നെ ചെറ്റ എന്ന് വിളിച്ച വഴി ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ്. 18 വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് താമസിച്ചത്.ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാളഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമർശിക്കും, താൻ ചീത്ത പറയില്ല, അതെന്റെ ഗുരുത്വം. ചെറ്റ എന്നല്ല ഇനി വറ്റ മത്സ്യം എന്ന് വിളിച്ചാലും താൻ ചീത്ത പറയില്ല’ സുധാകരൻ പറഞ്ഞു.
തനിക്ക് പാർലമെൻ്ററി വ്യാമോഹമാണ് എന്നാണ് അവർ പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒൻപത് തവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ജയിക്കുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂർ, അവിടെ ആര് നിന്നാലും ജയിക്കും. മരിക്കുന്നതുവരെ എകെജി പാർലമെൻ്ററി മെമ്പർ ആയിരുന്നല്ലോ എന്നും സുധാകരൻ ചോദിച്ചു.
ജി സുധാകരന്‍ എത്ര വലിയ ചെറ്റത്തരമാണ് കാണിച്ചത് എന്നാണ് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ജി സുധാകരന്‍ എത്ര വലിയ ചെറ്റത്തരമാണ് കാണിച്ചത്. അതിന് വേറെ വാക്കില്ല. വഞ്ചനയ്ക്ക് ഇതില്‍പ്പരം വിശേഷണമുണ്ടോ? എത്ര വലിയ വഞ്ചനയാണ് കാണിച്ചത്. അദ്ദേഹത്തില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞുകുളിച്ച് മറ്റൊരു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ട് അതിന്റെ ഭാഗമായി, മറ്റേ ഭാഗത്തിന്റെ പിന്തുണയോടെ സ്ഥാനാര്‍ത്ഥിയായി മാറുന്നുവെന്ന് വന്നാല്‍ അത് എത്ര വലിയ പാതകമാണ്. അതിനെ വിശേഷിപ്പിക്കാന്‍ സാധാരണ ഗതിയില്‍ വാക്കുകളില്ല എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

