ഇസ്ലമാബാദ്: സർക്കാരിനെതിരെ പാക് അധിനിവേശ കശ്മീരിൽ ആളിക്കത്തുന്ന പ്രതിഷേധത്തെ അടിച്ചമർത്താൻ സൈന്യത്തെ ഉപയോഗിച്ചു പാക്കിസ്ഥാൻ. ഇതോടെ പാക് അധീന കശ്‌മീരിലെ മുസാഫറബാദിൽ നടന്നു വരുന്ന പ്രതിഷേധം കൂടുതൽ കലുഷിതമായി. അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പാക് പതാക വീശിയാണ് സാധാരണക്കാരായ നാട്ടുകാർ പ്രതിഷേധത്തിന് എത്തിയത്. ഇതിന് നേരെ സൈന്യവും ഐഎസ്ഐ പിന്തുണയുള്ള മുസ്ലീം കോൺഫറൻസ് എന്ന സംഘടനയുമാണ് വെടിയുതിർത്തത്. ഇതിനിടെ സമരക്കാർ രണ്ട് പാക് സൈനികരെ പിടികൂടി തടഞ്ഞു വെച്ചു. പ്രതിഷേധത്തെ അടിച്ചമർത്താൻ ലക്ഷ്യമിടുന്ന സർക്കാർ, മേഖലയിലേക്ക് ആയിരം സൈനികരെ കൂടി അയച്ചുവെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ മൗലിക അവകാശങ്ങൾ പോലും ലംഘിക്കപ്പെടുകയാണെന്നും കാലങ്ങളായി ഈ അവഗണന തുടരുകയാണെന്നുമാണ് അവാമി ആക്ഷൻ കൗൺസിലിൻ്റെ ആരോപണം. 38 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം തുടരുന്നത്. പാക്കിസ്ഥാനിൽ സ്ഥിരതാമസമാക്കിയ കശ്മീരി അഭയാർത്ഥികൾക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകൾ നിർത്തലാക്കാനും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഭരണത്തിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. ആവാമി ആക്ഷൻ കമ്മിറ്റിയുടെ (എഎസി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം പാക് അധീന കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ സിവിലിയൻ പ്രക്ഷോഭമാണിത്. മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധീന കാശ്മീരിലെ സാധാരണക്കാർ സംഘടിച്ചത്. ഇവർ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ പാക് സൈന്യവും ഐഎസ്ഐ സഹായങ്ങൾ നൽകുന്ന മുസ്ലിം കോൺഫറൻസ് സംഘടനയിലെ അംഗങ്ങളും ചേർന്ന് ഇവരെ ആയുധങ്ങളുമായി നേരിടുകയായിരുന്നു.