കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്‍റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കലൂരിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, ബിജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എം പി,ഗ വർണർ രാജേന്ദ്ര ആർലേകർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റോഡ് ഷോയ്ക്കുശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് മോദി എത്തിയത്.
5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്‌ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാൻ്റിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം 4 ലക്ഷം ടൺ പോളിപ്രൊപ്പിലിൻ പ്ലാൻ്റിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഐ മേഖലയിലും സെമികണ്ടക്‌ടർ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. സൗരോർജ ശക്തിയിൽ പ്രമുഖ രാജ്യമാണ് നാം. കേരളവും സൗരോർജ മേഖലയിൽ മുന്നേറണം. ഇതിനായാണ് കൊല്ലം ജില്ലയിലെ വെസ്‌റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്കു തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66-ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിൻ്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു.
മേയ്ക്ക് ഇൻ ഇന്ത്യ, ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികള്‍ക്ക് പെട്രോളിയം മേഖലയിലെ വികസനം പ്രധാനമാണെന്നും ടെകസ്റ്റൈൽസ് ഓട്ടോമൊബൈൽ മേഖലയിൽ വലിയ മാറ്റങ്ങള്‍ വരുമെന്നും ഉൽപാദന മേഖലയിൽ രാജ്യം അതിവേഗ പുരോഗതി കൈവരിച്ചെന്നും മോദി പറഞ്ഞു. കേരളത്തിലെ പുതിയ ആറുവരി ദേശീയപാതയിലൂടെ യാത്രസമയം കുറയും. കാർഷിക,വിനോദ സഞ്ചാര, വ്യവസായ മേഖലയിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴി ഒരുക്കും. അടിസ്ഥാന വികസന സൗകര്യം മെച്ചപ്പെട്ടാൽ കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് കാരണമാകും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിൽ സാധ്യത ഉണ്ടാകുമെന്നും മോദി പറഞ്ഞു.
നേരത്തെ മറൈൻ ഡ്രൈവിൽ നടന്ന ധീവരസഭയുടെ സുവർണ ജൂബിലി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ‘കടലിൻ്റെ മക്കൾക്ക് നമസ്കാരം’ എന്നു അഭിസംബോധന ചെയ്‌താണ് മോദി പ്രസംഗം ആരംഭിച്ചത്. ചരിത്രനിമിഷത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 50 വർഷമായി മത്സ്യത്തൊഴിലാളികളുടെ അവകാശത്തിനായി സംഘടന പ്രവർത്തിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “ജനങ്ങളുടെ അനുഗ്രഹം തേടാനാണ് താൻ എത്തിയത്. കേരള എന്ന പേരു മാറ്റി കേരളം എന്നാക്കണമെന്ന് ജനങ്ങളുടെ ആഗ്രഹമായിരുന്നു. അതിന് കേന്ദ്രസർക്കാർ അനുമതി നൽകി. അതിൻ്റെ സന്തോഷം ജനങ്ങളുടെ മുഖത്ത് എനിക്ക് കാണാം” – പ്രധാനമന്ത്രി പറഞ്ഞു.
എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനും വിവിധ വികസന പദ്ധതികലുടെ ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്‍റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മന്ത്രിമാരടക്കമുള്ളവര്‍ എത്തിയിരുന്നില്ല. ചീഫ് സെക്രട്ടറിയും കളക്ടറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. എൻ എച്ച് ആറു വരിപാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്കരിച്ചിരുന്നു.


