ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച നടൻ മോഹൽലാലിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികവിൻ്റെയും വൈവിധ്യത്തിൻ്റെയും പ്രതീകമാണ് മലയാളത്തിന്റെ ഇതിഹാസ നായകനെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. അദ്ദേഹത്തിന്റെ അഭിനയ മികവും വ്യക്തിപ്രഭാവവും പ്രചോദനമാകുന്നു. കേരളത്തിൻ്റെ സംസ്‌കാരത്തിൽ അഭിനിവേശമുള്ളയാളാണെന്നും വരും തലമുറകൾക്കും അദ്ദേഹം പ്രചോദമാകട്ടെയെന്നും മോദി പറഞ്ഞു.
ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട സവിശേഷമായ കലാസപര്യയിലൂടെ, മലയാള സിനിമയിലും നാടകത്തിലും പ്രമുഖ വ്യക്തിത്വമായി നിലകൊള്ളുന്ന അദ്ദേഹത്തിന്, കേരള സംസ്‌കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ചലച്ചിത്ര- നാടകമാധ്യമങ്ങളിലുടനീളമുള്ള അദ്ദേഹത്തിന്റെ വൈഭവം യഥാർത്ഥ പ്രചോദനമാണ്.
ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യൽ മീഡിയയിൽ കുറിച്ചത്
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയതിൽ ചലച്ചിത്ര താരം മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു. മോഹൻലാലിൻ്റെ അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നും പറഞ്ഞു.
ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് നേട്ടത്തില്‍ മോഹന്‍ലാലിനെ നേരിട്ട് വിളിച്ച് ഗവര്‍ണര്‍ അഭിനന്ദിച്ചു. കേരളത്തിനു മുഴുവന്‍ അഭിമാനമാണ് ഈ നേട്ടം. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി അഭിനന്ദനം അറിയിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ രാജ്ഭവനിലെത്തി നേരില്‍ കാണാമെന്നും പറഞ്ഞു. എറണാകുളത്ത് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യവെയാണ് പുരസ്‌കാര വാര്‍ത്ത അറിഞ്ഞ് ഗവര്‍ണര്‍ മോഹന്‍ലാലിനെ വിളിച്ചത്.